അണുനശീകരണ സമയത്തെ നിയമലംഘനങ്ങൾ കുറക്കാൻ നടപടി
text_fieldsഅബൂദബി: ദേശീയ അണുനശീകരണ യജ്ഞം നടക്കുന്ന അർധരാത്രി 12 മുതൽ പുലർച്ചെ അഞ്ചുവരെ നിയമലംഘനങ്ങൾ ഒഴിവാക്കാൻ മൂന്ന് സുപ്രധാന കാര്യങ്ങൾ പാലിക്കണമെന്ന് അടിയന്തര ദുരന്തനിവാരണ സമിതിയും അബൂദബി പൊലീസും അഭ്യർഥിച്ചു.
അബൂദബി പൊലീസ് വെബ്സൈറ്റിലൂടെയോ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ മൊബിലിറ്റി പെർമിറ്റിന് അപേക്ഷിക്കുക, അനുവദിക്കുന്ന പെർമിറ്റ് ഉപയോഗിക്കുക, സമയപരിധി കർശനമായി പാലിക്കുക എന്നിവയാണ് വേണ്ടത്. നിയന്ത്രണം ലംഘിക്കുകയും അനുമതിയില്ലാതെ റോഡിൽ സഞ്ചരിക്കുകയും ചെയ്താൽ 3000 ദിർഹം വരെ പിഴ ലഭിക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
അണുനശീകരണ കാലയളവിൽ അബൂദബി എമിറേറ്റിൽ പ്രവേശിക്കാൻ മൊബിലിറ്റി പെർമിറ്റ് ലഭിക്കണം. വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്ന യാത്രക്കാർ അവരുടെ താമസസ്ഥലം കാണിച്ച് മൊബിലിറ്റി പെർമിറ്റ് നേടുക. മുൻകൂർ അനുമതി വാങ്ങാതെ എയർപോർട്ടിൽനിന്ന് താമസസ്ഥലത്തേക്ക് ടാക്‌സികൾ ഉപയോഗിക്കാം.
എന്നാൽ, 8003333 എന്ന നമ്പറിൽ വിളിച്ച് അന്വേഷിക്കണം. മൊബിലിറ്റി അപേക്ഷക്ക് രേഖകൾ സമർപ്പിക്കേണ്ട. വാഹന വിവരങ്ങളും വ്യക്തിയുടെ പേരും ഫോൺ നമ്പറും ഉൾപ്പെടുത്തണം. പെർമിറ്റ് ലഭിച്ചാൽ ഈ സമയത്ത് ടാക്‌സികൾ ഉപയോഗിക്കാം.
ഒരു വ്യക്തിക്ക് നിർദിഷ്ട സ്ഥലത്തേക്ക് അനുവദിക്കുന്ന പെർമിറ്റ് കാലാവധി അരമണിക്കൂർ മുതൽ അഞ്ചുമണിക്കൂർ വരെയാണ്. ആശുപത്രി, ഫാർമസി, സൂപ്പർമാർക്കറ്റ്, അബൂദബി എമിറേറ്റിലേക്കുള്ള പ്രവേശനം, പ്രഭാത പ്രാർഥന എന്നിവയുൾപ്പെടെ എക്‌സിറ്റ് പെർമിറ്റുകൾക്ക് പെർമിറ്റിനുള്ള അംഗീകാര നടപടികൾ നടത്തിയിട്ടുണ്ടെന്ന് അബൂദബി മീഡിയ ഓഫിസ് അറിയിച്ചു.
സ്വകാര്യ കാർ ഉപയോക്താക്കൾ വിമാനത്താവളത്തിൽനിന്നുള്ള വരവും വിമാനത്താവളത്തിലേക്കുള്ള പുറപ്പെടലും രേഖപ്പെടുത്തണം. ജൂലൈ 19 മുതലാണ് അബൂദബി എമിറേറ്റിൽ ദേശീയ അണുനശീകരണ പദ്ധതി ആരംഭിച്ചത്. കോവിഡ് വ്യാപനം തടയാനാണ് ദേശീയ അണുനശീകരണ പരിപാടി. പൊതുസൗകര്യങ്ങൾ, തെരുവുകൾ, പാർപ്പിട പരിസരങ്ങൾ എന്നിവ അണുമുക്തമാക്കുന്നതുൾപ്പെടെ എമിറേറ്റിലെ പൊതുജനാരോഗ്യസുരക്ഷ തോത് ഉയർത്താനും യജ്ഞം സഹായിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.