ദുബൈയിൽ മൂന്നാം ഡോസ് വാക്സിൻ വിതരണം സജീവമാക്കുന്നു
text_fieldsദുബൈ: അബൂദബിക്ക് പിന്നാലെ ദുബൈയിലും വാക്സിൻ മൂന്നാം ഡോസ് വിതരണം സജീവമാക്കുന്നു. അബൂദബിയിൽ സിനോഫാം വാക്സിനെടുത്ത് ആറ് മാസം പിന്നിട്ടവർക്ക് പൊതുസ്ഥലങ്ങളിൽ പ്രവേശിക്കണമെങ്കിൽ ഫൈസർ വാക്സിൻ എടുക്കണം. ദുബൈയിൽ ഇത്തരം നിബന്ധനകൾ വെച്ചിട്ടില്ലെങ്കിലും ചില വിഭാഗത്തിൽപെടുന്നവർ വാക്സിനെടുക്കണമെന്നാണ് ദുബൈ ഹെൽത്ത് അതോറിറ്റിയുടെ നിർദേശം. 12 വയസ്സിൽ കൂടുതലുള്ള രോഗപ്രതിരോധ ശേഷിയില്ലാത്തവർക്ക് മൂന്നാം ഡോസായി ഫൈസർ വാക്സിൻ എടുക്കാം.
രണ്ട് ഡോസ് വാക്സിനെടുത്ത പ്രതിരോധ ശേഷിയുള്ളവർ നിലവിൽ മൂന്നാം ഡോസ് എടുത്തില്ലെങ്കിലും കുഴപ്പമില്ലെന്നും അധികൃതർ വ്യക്തമാക്കി.
ട്യൂമർ പോലുള്ള അസുഖവും അതിനുള്ള ചികിത്സയും നടത്തുന്നവർ, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയമായവർ, രോഗപ്രതിരോധ ശേഷി വളരെ കുറഞ്ഞവർ, എച്ച്.ഐ.വി രോഗികൾ തുടങ്ങിയവരാണ് മൂന്നാം ഡോസ് എടുക്കേണ്ടത്.
ഇത്തരക്കാർ ഡോക്ടറുമായി ചർച്ച ചെയ്തശേഷം വേണം മൂന്നാം ഡോസെടുക്കാൻ. ഡോക്ടറായിരിക്കും ആശുപത്രിയിലേക്ക് നിർദേശിക്കുന്നത്. ദുബൈ ഹോസ്പിറ്റൽ, റാശിദ് ഹോസ്പിറ്റൽ, ഹത്ത ഹോസ്പിറ്റൽ, അമേരിക്കൻ ഹോസ്പിറ്റൽ, മെഡി ക്ലിനിക് സിറ്റി, അർ സഹ്റ, ബർജീൽ എന്നീ ആശുപത്രികളിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. 800342 എന്ന നമ്പറിൽ വിളിച്ചാൽ ഡി.എച്ച്.എയുടെ ടെലിമെഡിസിൻ സംവിധാനത്തിലൂടെ ഡോക്ടറുമായി സംസാരിച്ച് വാക്സിനേഷനുള്ള അപ്പോയിൻറ്മെൻറ് ബുക്ക് ചെയ്യാൻ കഴിയും. ദുബൈക്ക് പുറത്താണ് ചികിത്സ നടത്തിയതെങ്കിൽ മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.