വാക് ചലഞ്ചിൽ ലോക റെക്കോഡ് നേടി അബൂദബി
text_fieldsവാക് ചലഞ്ചിൽ പങ്കെടുത്തവർ
അബൂദബി: പ്യുവര്‍ ഹെല്‍ത്ത് ഗ്രൂപ്പിനു കീഴിലുള്ള പുറ ആപ്പും ആക്ടിവ് അബൂദബിയുമായി സഹകരിച്ച് നടത്തിയ വാക് ചലഞ്ചിലൂടെ മറ്റൊരു ലോകറെക്കോഡ് കൂടി അബൂദബിയിലെത്തി.
യു.എ.ഇയുടെ വിവിധ ഇടങ്ങളിലായി നാലായിരത്തോളം പേരെ ഉള്‍ക്കൊള്ളിച്ചു നടത്തിയ ഒരു കിലോമീറ്റര്‍ നടത്ത ചലഞ്ചായിരുന്നു സംഘടിപ്പിച്ചത്. 2024 നവംബര്‍ 29നായിരുന്നു വാക്കിങ് ചലഞ്ച് പൂര്‍ത്തിയാക്കിയത്. യു.എ.ഇയില്‍ എവിടെനിന്നും ചലഞ്ചില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നു. ജി.പി.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ചലഞ്ചില്‍ പങ്കെടുക്കുന്നവരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സംഘാടകര്‍ക്കായി.
ആരോഗ്യസംരക്ഷണത്തിന് ഏവരെയും പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യമുള്ള സമൂഹത്തിന് പിന്തുണ നല്‍കുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ പ്രതിഫലനമാണ് ലോകറെക്കോഡ് നേട്ടമെന്ന് എമിറേറ്റ്സ് ഫൗണ്ടേഷന് സി.ഇ.ഒ അഹ്മദ് താലിബ് അൽ ശംസി പ്രതികരിച്ചു.
പ്യുവര്‍ ഹെല്‍ത് ഗ്രൂപ് സി.ഇ.ഒ ഷൈസ്ത ആസിഫ്, ആക്ടിവ് അബൂദബി സ്ഥാപകന്‍ മന്‍സൂര്‍ അല്‍ ധാഹിരി എന്നിവരും റെക്കോഡ് നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. ദിവസവും 1000 ചുവടുകള്‍ നടക്കുന്നതിലൂടെ അകാല മരണസാധ്യത 15 ശതമാനം കുറക്കാനാകുമെന്നാണ് പഠനമെന്നും ചെറിയ വെല്ലുവിളികള്‍ ഏറ്റെടുത്ത് ആരോഗ്യകരമായ ജീവിതരീതികള്‍ അവലംബിക്കുന്നതിലേക്ക് സമൂഹത്തെ പരിവര്‍ത്തനം ചെയ്യിപ്പിക്കുകയെന്ന ലക്ഷ്യമാണ് ആക്ടിവ് അബൂദബിക്കുള്ളതെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
അബൂദബിയിലെ മരുഭൂമിയിലൂടെ ആയിരം കിലോമീറ്റര്‍ നടത്തം സംഘടിപ്പിച്ചത് വന്‍ വിജയമായതിനെ തുടര്‍ന്നായിരുന്നു ലോകറെക്കോഡ് പ്രകടനത്തെക്കുറിച്ച് ആലോചിച്ചതും കഴിഞ്ഞ വര്‍ഷം ഇതു നടപ്പാക്കിയതും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.