അബൂദബിയിലെ ക്ഷേത്രം സന്ദര്‍ശിച്ച് നടന് അക്ഷയ് കുമാര്‍
text_fieldsഅബൂദബി: അബൂദബിയില്‍ നിര്‍മാണത്തിലിരിക്കുന്ന ക്ഷേത്രം സന്ദര്‍ശിച്ച് ബോളിവുഡ് നടന് അക്ഷയ് കുമാര്‍. യു.എ.ഇയിലെ ആദ്യ ശിലാക്ഷേത്രത്തിന്റെ നിര്‍മാണം കാണാനെത്തിയ അക്ഷയ് കുമാറിനെ ബി.എ.പി.എസ് (ബാപ്സ്) ഹിന്ദു മന്ദിര്‍ പുരോഹിതന് സ്വാമി ബ്രഹ്മവിഹാരിദാസ് സ്വീകരിച്ചു. സിനിമ നിര്‍മാതാവ് വാഷു ഭഗ്നാനി, വ്യവസായി ജിതന്‍ ദോഷി എന്നിവര്‍ അനുഗമിച്ചു. പ്രാര്‍ഥനയില്‍ പങ്കെടുത്ത അക്ഷയ് കുമാര്‍ ക്ഷേത്രത്തിൽ ഇഷ്ടിക സ്ഥാപിക്കുകയും ചെയ്തു.
യു.എ.ഇ പ്രസിഡന്റിന്റെ കാരുണ്യത്തിനും കാഴ്ചപ്പാടിനും അക്ഷയ് കുമാറും സ്വാമിയും നന്ദി പറഞ്ഞു. ക്ഷേത്രനിര്‍മാണ സ്ഥലത്തുണ്ടായിരുന്ന സന്നദ്ധപ്രവര്‍ത്തകരുമായും തൊഴിലാളികളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 2019 ഡിസംബറിലാണ് അബൂദബിയിലെ ക്ഷേത്രനിര്‍മാണം തുടങ്ങിയത്. നിര്‍മാണം അന്തിമഘട്ടത്തിലെത്തിയ ക്ഷേത്രം അടുത്തവര്‍ഷം ഫെബ്രുവരിയോടെ തുറക്കാനാണ് അധികൃതരുടെ നീക്കം. അബൂദബി-ദുബൈ ഹൈവേയില്‍ അബൂമുറൈഖയിലെ 10.9 ഹെക്ടറില്‍ ഏഴ് കൂറ്റന്‍ ഗോപുരങ്ങളോടെ നിര്‍മാണം പുരോഗമിക്കുന്ന ക്ഷേത്രം മധ്യപൂര്‍വദേശത്തെ ഏറ്റവും വലുതായിരിക്കും. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളുടെ പ്രതീകമായാണ് ക്ഷേത്രത്തിന് ഏഴ് ഗോപുരങ്ങള്‍ തീര്‍ക്കാന്‍ തീരുമാനിച്ചത്. 2024ല്‍ ക്ഷേത്രം ആരാധനക്ക് തുറക്കാനാണ് അധികൃതരുടെ പദ്ധതി. 32 മീ. ഉയരത്തിലാണ് ക്ഷേത്രനിർമാണം. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് 2015ല്‍ അബൂദബി കിരീടാവകാശിയായിരിക്കെയാണ് സ്ഥലം അനുവദിച്ചത്. ക്ഷേത്രനിര്‍മാണത്തിനുള്ള ശിലകള്‍, മാര്‍ബിള്‍ രൂപങ്ങള്‍, ശില്പങ്ങള് തുടങ്ങിയവ ഇന്ത്യയില്‍നിന്ന് കപ്പല്‍മാര്‍ഗം എത്തിക്കുകയായിരുന്നു.
ആത്മീയവും സാംസ്കാരികവുമായ ആശയവിനിമയങ്ങള്‍ക്കുള്ള ആഗോള വേദി, സന്ദര്‍ശക കേന്ദ്രം, പ്രദര്‍ശന ഹാളുകള്‍, പഠനമേഖലകള്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള കായിക കേന്ദ്രങ്ങള്‍, ഉദ്യാനങ്ങള്‍, ജലാശയങ്ങള്‍, ഭക്ഷണശാലകള്‍, ഗ്രന്ഥശാല തുടങ്ങിയവയും ക്ഷേത്രത്തോടനുബന്ധിച്ച് സജ്ജമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.