രണ്ട് സ്കൂൾ പരിസരങ്ങളിൽ കൂടി കൂടുതൽ പാർക്കിങ് സ്ഥലങ്ങൾ
text_fieldsദുബൈ: സ്കൂൾ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതിന്റെ ഭാഗമായി രണ്ട് സ്കൂൾ പരിസരങ്ങളിൽ കൂടി കൂടുതൽ പാർക്കിങ് സ്ഥലങ്ങൾ നിർമിച്ച് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). നാദൽ ശിബയിലെ റാപ്റ്റൺ സ്കൂൾ ദുബൈ, അൽ വർഖയിലെ ജെംസ് അൽ ഖലീജ് ഇന്റർ നാഷനൽ സ്കൂൾ എന്നിവയുടെ സമീപത്താണ് 150 വീതം പുതിയ പാർക്കിങ് സ്ലോട്ടുകൾ നിർമിച്ചത്. ഇവിടങ്ങളിൽ ഗതാഗതക്കുരുക്ക് 30-35ശതമാനം വരെ കുറക്കാൻ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് കുട്ടികളെ സ്കൂളിലെത്തിക്കാനും തിരിച്ചുകൊണ്ടുപോകാനുമായി എത്തുന്ന രക്ഷിതാക്കൾക്ക് ഇത് വളരെ ഉപകാരപ്പെടും.
പുതിയ പാർക്കിങ് സ്ലോട്ടുകളുടെ നിർമാണം പൂർത്തിയായതോടെ റാപ്റ്റൺ സ്കൂൾ പരിസരത്തെ പാർക്കിങ് സ്ലോട്ടുകളുടെ എണ്ണം 300ഉം അൽ ഖലീജ് ഇന്റർ നാഷനൽ സ്കൂൾ പരിസരത്തേത് 270ഉം ആയിട്ടുണ്ട്. പുതുതായി വികസിപ്പിച്ച പാർക്കിങ് ഏരിയകളിൽ സുരക്ഷിതമായ പ്രവേശന കവാടങ്ങളും പുറത്തുകടക്കാനുള്ള സൗകര്യവും അതോറിറ്റി ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം കാൽനടപ്പാതകളും ക്രോസിങ്ങുകളും, ദിശാസൂചനകൾ, റോഡ് അടയാളപ്പെടുത്തൽ തുടങ്ങിയവയും സ്കൂൾ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.
ദുബൈയിലെ നിരവധി സ്കൂൾ സോണുകളിൽ, മൊത്തം 37 സ്കൂളുകൾ ഉൾക്കൊള്ളുന്ന രീതിയിൽ വിപുലമായ റോഡ് നവീകരണം ആർ.ടി.എ പൂർത്തിയാക്കിയിട്ടുണ്ട്.
സ്കൂൾ പരിസരങ്ങളിലെ തെരുവുകൾ വിശാലമാക്കുന്നതോടൊപ്പം, ജീവനക്കാർക്കും രക്ഷിതാക്കൾക്കുമായി അധിക പാർക്കിങ് സ്ഥലങ്ങൾ കൂട്ടിച്ചേർക്കുന്നതാണ് പദ്ധതി. ഇത് സ്കൂളുകളിലേക്കുള്ള യാത്ര മെച്ചപ്പെടുത്തുകയും ചുറ്റുമുള്ള പ്രദേശങ്ങളിൽ ഗതാഗതം എളുപ്പമാക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.