ഗിന്നസ് റെക്കോഡ് നിറവിൽ അഡിഹെക്സിന് സമാപനം
text_fieldsഅബൂദബി: ഏറെ ശ്രദ്ധേയമായ നേട്ടങ്ങളും പ്രത്യേകതകളുമായി 21ാമത് അബൂദബി അന്താരാഷ്ട്ര ഹണ്ടിങ് ആന്‍ഡ് ഇക്വേസ്ട്രിയന്‍ എക്സിബിഷന് (അഡിഹെക്സ്) സമാപനം. രാജ്യത്തിന് ഒരു ഗിന്നസ് ലോക റെക്കോർഡ് കൂടി നേടിത്തന്നാണ് മേളക്ക് കൊടിയിറങ്ങുന്നത്. ഒട്ടകത്തോൽ കൊണ്ട് നിർമിച്ച 1.95 മീറ്റർ വലുപ്പമുള്ള ഫാൽക്കൺ ഹുഡാണ് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചത്. ഏറ്റവും വലിയ ഫാൽക്കൺ ഹുഡ് എന്ന പ്രത്യേകതയാണ് ഇതിനുള്ളത്.
അഡിഹെക്സിൽ ഏറെ ശ്രദ്ധയാകർഷിച്ചതും ഇതായിരുന്നു. മറ്റൊന്ന് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒട്ടകലേലം ആയിരുന്നു. ഓരോ വർഷവും ഫാൽകണുകളെയും ഒട്ടകങ്ങളെയും വിറ്റഴിക്കുന്നത് വൻതുകക്കാണ്. ഇത്തവണ 15 അറേബ്യന്‍ ഒട്ടകങ്ങളെ ലേലത്തില്‍ വിറ്റത് 25 ലക്ഷം ദിര്‍ഹമിനാണ്. ഓട്ടമത്സരത്തില്‍ പേരുകേട്ട മികച്ച ബ്രീഡുകളാണ് വൻതുകക്ക് ലേലത്തില്‍ വിറ്റുപോയത്.
അറബ് പൈതൃക കായിക വിനോദങ്ങളിൽ പ്രധാനമായ ഫാൽക്കണറിയിലെ മുഖ്യ ഉപകരണമാണ് ഫാൽക്കൺ ഹുഡ്. ഫാൽക്കണുകളുടെ കാഴ്ചയെ മറക്കാനും ശാന്തരാക്കാനും ഇത് ഉപയോഗിക്കുന്നു. അവയുടെ തല വലുപ്പം അനുസരിച്ചാണ് നിർമാണം.
രാജ്യത്തെ വരും തലമുറകൾക്ക് അറബ് പൈതൃകവും സംസ്കാരവും പകർന്നുനൽകുന്നതിനുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഗിന്നസ് റെക്കോഡെന്ന് അബൂദബി ഹെറിറ്റേജ് അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ അബ്ദുല്ല മുബാറക് അൽ മുഹൈരി അഭിപ്രായപ്പെട്ടു.
എല്ലാ വർഷവും അഡിഹെക്സ് പ്രദർശനങ്ങളിൽ യു.എ.ഇയുടെ പൈതൃകം ഉയർത്തിക്കാട്ടുന്ന നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അറബ് പാരമ്പര്യം ആഗോളതലത്തിൽ പ്രദർശിപ്പിക്കാനുള്ള പ്രതിബദ്ധതയുടെ തെളിവാണ് ഈ നേട്ടമെന്ന് അബൂദബി ദേശീയ പ്രദർശനവേദി (അഡ്നെക്) മാനേജിങ് ഡയറക്ടർ ഹുമൈദ് അൽ ദഹേരി പറഞ്ഞു.
യു.എ.ഇയുടെ പൈതൃക സംസ്കാരം സംരക്ഷിക്കുന്നതിനും പുതുതലമുറക്കത് കൈമാറുന്നതിനുമൊക്കെയായാണ് വര്‍ഷം തോറും അഡിഹെക്സ് സംഘടിപ്പിച്ചുവരുന്നത്. യു.എ.ഇയില്‍നിന്നും ജി.സി.സി. രാജ്യങ്ങളില്‍നിന്നുമായി നൂറുകണക്കിനുപേരാണ് അഡിഹെക്സ് വേദിയിലെത്തി ലേലത്തിലും മറ്റും പങ്കുചേരുന്നത്.
കഴിഞ്ഞവർഷം നടന്ന വാശിയേറിയ ഫാല്‍ക്കണ്‍ ലേലത്തില്‍ അപൂര്‍വ ഫാല്‍ക്കണ്‍ വിറ്റുപോയത് 10 ലക്ഷത്തിലേറെ ദിര്‍ഹത്തിനാണ്. പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ വേട്ട, കുതിരസവാരി, പൈതൃകസംരക്ഷണ പ്രദര്‍ശനമാണിത്. ഫാൽക്കൺറി, വേട്ടയാടൽ, ഷൂട്ടിങ്, കടൽവേട്ട, കുതിരസവാരി, ഔട്ട്ഡോർ വിനോദം അടക്കം 13 വ്യത്യസ്ത സാംസ്കാരിക മേഖലകളിൽനിന്നുള്ള ഏറ്റവും നൂതന സാങ്കേതികവിദ്യകളും പുത്തൻ ട്രെൻഡുകളും എക്സിബിഷനുകളുടെ പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.