കാർബൺ പുറന്തള്ളൽ കുറക്കാൻ 8,440 കോടി വകയിരുത്തി അഡ്നോക്
text_fieldsദുബൈ: കാർബൺ പുറന്തള്ളൽ കുറക്കുന്ന പരിസ്ഥിതി സൗഹൃദ പദ്ധതികൾക്കായി 8,440 കോടി ദിർഹം വകയിരുത്തുന്ന ബജറ്റിന് അംഗീകാരം നൽകി എണ്ണക്കമ്പനിയായ അഡ്നോക്. കമ്പനി ചെയർമാൻ കൂടിയായ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. അടുത്ത അഞ്ചു വർഷത്തിൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥക്ക് 178 ശതകോടി സംഭാവന ചെയ്യുന്നതാണ് കമ്പനി അംഗീകരിച്ച പദ്ധതികൾ. ഇതിന്റെ ഭാഗമായാണ് സുസ്ഥിര പദ്ധതികൾ നടപ്പിലാക്കുന്നത്. കാർബൺ പുറന്തള്ളൽ കുറക്കുന്ന പദ്ധതികൾക്കും പുതിയ സാങ്കേതിക വിദ്യകൾക്കും പുതിയ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുമാണ് ബജറ്റ് വിഹിതം ഉപയോഗിക്കുക. കമ്പനിയുടെ യു.എ.ഇയിലും പുറത്തുമുള്ള കാർബൺ നിയന്ത്രണ സംവിധാനങ്ങളിലെ നിക്ഷേപവും ഇതിൽ ഉൾപ്പെടും. കഴിഞ്ഞ ബജറ്റിൽ ഡീകാർബണൈസേഷൻ പദ്ധതികൾക്ക് 1500 കോടിയാണ് അനുവദിച്ചിരുന്നത്.
ആഗോള തലത്തിലെ പ്രധാന എണ്ണയുൽപാദന സംവിധാനമെന്ന നിലയിൽ, കാർബൺ പുറന്തള്ളൽ കുറഞ്ഞ ഭാവിയെ രൂപപ്പെടുത്തുന്നതിന് നീതിപൂർവവും ക്രമപ്രകാരവുമുള്ള ഊർജ പരിവർത്തനത്തിന് കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് അഡ്നോക് മാനേജിങ് ഡയറക്ടർ കൂടിയായ യു.എ.ഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി ഡോ. സുൽത്താൻ അൽ ജാബിർ പറഞ്ഞു. കമ്പനിയുടെ കാർബൺ കാപ്ചർ ആൻഡ് സ്റ്റോറേജ് കപാസിറ്റി വർഷത്തിൽ ഒരു കോടി ടൺ ആക്കി വർധിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. വ്യവസായ സ്ഥാപനങ്ങൾ പുറന്തള്ളുന്ന കാർബൺഡൈ ഓക്സൈഡ് വേർതിരിച്ചെടുത്ത് ദീർഘകാല സംഭരണ കേന്ദ്രത്തിലേക്ക് മാറ്റുന്നതാണ് കാർബൺ കാപ്ചർ ആൻഡ് സ്റ്റോറേജ് സംവിധാനം. അഡ്നോക് പ്രഖ്യാപിച്ച പദ്ധതി വഴി 20 ലക്ഷത്തിലേറെ പെട്രോൾ കാറുകൾ പുറന്തള്ളുന്ന മലിനീകരണത്തിന് തുല്യമായ കാർബൺ പുറന്തള്ളൽ തടയാനാകും.
കഴിഞ്ഞ മാസം ദുബൈയിൽ നടന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ അഡ്നോക് അടക്കം 50 ഓയിൽ, ഗ്യാസ് കമ്പനികൾ കാർബൺ പുറന്തള്ളുന്ന ചാർട്ടറിൽ ഒപ്പുവെച്ചിരുന്നു. ഇതുപ്രകാരം 2050ഓടെ കാർബൺ പുറന്തള്ളൽ പൂർണമായും ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നത്.
അറബ് മേഖലയിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ യു.എ.ഇ അടുത്ത ആറു വർഷം 200 ശതകോടി ദിർഹമാണ് പുനരുപയോഗ ഊർജ മേഖലയിൽ നിക്ഷേപിക്കാൻ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.