ഹൈഡ്രജന്‍ ഇന്ധനത്തിലേക്ക് അതിവേഗം; ആദ്യ സ്റ്റേഷന്റെ നിർമാണം തുടങ്ങി
text_fieldsഅബൂദബി: പശ്ചിമേഷ്യയിലെ ആദ്യ അതിവേഗ ഹൈഡ്രജന്‍ ഇന്ധന റീ ഫില്ലിങ് സ്റ്റേഷന്റെ നിര്‍മാണം തുടങ്ങിയതായി അഡ്നോക്. മസ്ദര്‍ സിറ്റിയിലാണ് വെള്ളത്തില്‍നിന്ന് ശുദ്ധമായ ഹൈഡ്രജന്‍ ഉൽപാദിപ്പിക്കുന്ന നിലയം സ്ഥാപിക്കുന്നത്. കാർബൺ രഹിത ഇന്ധനമെന്ന നിലയിലാണ് ഹൈഡ്രജൻ ഉപയോഗം വ്യാപകമാക്കാൻ യു.എ.ഇ തീരുമാനിച്ചിരിക്കുന്നത്. ബാറ്ററിയില്‍ ഓടുന്ന ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് ഹൈഡ്രജന്‍ ഇന്ധനം അതിവേഗത്തിൽ നിറക്കാനാവും.
ടയോട്ട മോട്ടോര്‍ കോര്പറേഷന്, അല്‍ ഫുതൈം മോട്ടോഴ്സ് എന്നിവയുമായി സഹകരിച്ചാണ് അഡ്നോക് പദ്ധതി പൂര്‍ത്തിയാക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിന് കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുകയെന്ന വലിയ ലക്ഷ്യമാണ് പദ്ധതിയുടെ പിന്നിലുള്ളതെന്ന് വ്യവസായ, സാങ്കേതികവിദ്യ മന്ത്രിയും അഡ്നോക് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ഡോ. സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബിര്‍ പറഞ്ഞു. ഹൈഡ്രജന്‍ ഇന്ധനമാക്കുന്ന വാഹനങ്ങള്‍ ടൊയോട്ടയും അല്ഫുതൈമുമാണ് നല്‍കുക.
ഈ വാഹനങ്ങളായിരിക്കും പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുക. ഈ വര്‍ഷംതന്നെ ആദ്യ നിലയം പ്രവര്‍ത്തനസജ്ജമാവും. ദുബൈ ഗോള്‍ഫ് സിറ്റിയിലാണ് രണ്ടാമത്തെ നിലയം സ്ഥാപിക്കുക. കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളല്‍ മാര്‍ഗങ്ങള്‍ക്കായി അഡ്നോക് 55.1 ബില്യന്‍ ദിര്‍ഹമാണ് അനുവദിച്ചിരിക്കുന്നത്. 2030ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ 25 ശതമാനമായും 2050ഓടെ കാര്‍ബണ്‍ മുക്തമായും മാറ്റുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിനുവേണ്ടിയാണ് അഡ്നോക് ഇത്തരം പദ്ധതികള്‍ ആവിഷ്കരിച്ചുനടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.