വൈക്കം സത്യഗ്രഹസന്ദേശം യുവതലമുറയിൽ എത്തിക്കണം -അടൂർ പ്രകാശ് എം.പി
text_fieldsഷാർജ: വൈക്കം സത്യഗ്രഹത്തിന്റെ സാമൂഹിക സാഹചര്യം എന്തായിരുന്നെന്നും പിന്നീട് കേരള നവോത്ഥാനത്തിൽ അത് വഹിച്ച പങ്കും യുവതലമുറയിൽ എത്തിക്കണമെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. ജാതിക്കെതിരായ പ്രവർത്തനത്തിന് അത് ശക്തിപകരും. യു.എ.ഇ ഗുരു വിചാരധാര ഓൺലൈനിൽ സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ‘വൈക്കം സത്യഗ്രഹവും നൂറ്റാണ്ട് പിന്നിട്ട കേരളവും’ വിഷയം ഇ.കെ. ദിനേശൻ അവതരിപ്പിച്ചു. വൈക്കം സത്യഗ്രഹത്തിൽനിന്ന് ഒരു നൂറ്റാണ്ട് പിന്നിട്ട കേരളത്തിൽ ഇപ്പോഴും ജാതി നിലനിൽക്കുന്നുണ്ടെന്നും അത് വഴികളിലല്ല, പുരോഗമന മനുഷ്യരുടെ മനസ്സുകളിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് മാറ്റിയെടുക്കണമെങ്കിൽ ശ്രീനാരായണ ഗുരുവിന്റെ ചിന്തയിലേക്ക് കേരളീയസമൂഹം മാറണം. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന സങ്കൽപം ഏറ്റവും ആവശ്യമായ കാലഘട്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. രക്ഷാധികാരി മുരളീധര പണിക്കർ, ഡോ. സുധാകരൻ, ടി.ടി. യേശുദാസ്, ഷാജി ശ്രീധരൻ, സി.പി. മോഹൻ, പ്രഭാകരൻ പയ്യന്നൂർ, സജി ശ്രീധരൻ, കെ.പി. വിജയൻ, ഉദയൻ മഹേശൻ അർജുൻ, സമ്പത്ത് കുമാർ, സുരേഷ് കുമാർ, സലീഷ്, വിജയകുമാർ, വന്ദന മോഹൻ, ലളിത വിശ്വംഭരൻ, മഞ്ജു ഷാജി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഒ.പി. വിശ്വംഭരൻ സ്വാഗതവും അഭിലാഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.