അഡ്വ. സുധീർ ബാബു ഇന്ത്യ-യു.എ.ഇ ട്രേഡ് കമീഷണർ
text_fieldsദുബൈ: ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റെയും ധന വകുപ്പിന്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷന് കീഴിൽ യു.എ.ഇയിലേക്കുള്ള ഇന്ത്യൻ ട്രേഡ് കമീഷണറായി അഡ്വ. സുധീർ ബാബുവിനെ നിയമിച്ചു. ഐ.ഇ.ടി.ഒയുടെ കീഴിലുള്ള ഇന്ത്യ ജി.സി.സി ട്രേഡ് കൗൺസിലാണ് നിയമനം നടത്തിയതെന്ന് ദുബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സുധീർ ബാബു പറഞ്ഞു.
വിവിധ രാജ്യങ്ങൾ തമ്മിലുള്ള ഇന്ത്യയുടെ വിദേശ വ്യാപാര, വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ സഹായിക്കുകയാണ് ട്രേഡ് കമീഷണറുടെ ദൗത്യം. സെപ കരാർ ലക്ഷ്യമിടുന്ന 2030 ഓടെ ഉഭയകക്ഷി വ്യാപാരത്തിലൂടെ പ്രതിവർഷം 10,000 കോടി ഡോളർ വ്യാപാരം നേടാനുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ടൂറിസം, വിദ്യാഭ്യാസം, ഐ.ടി, എസ്.എം.ഇ തുടങ്ങിയ മേഖലകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. മേക്ക് ഇൻ ഇന്ത്യ മാതൃകയിൽ മേക്ക് ഇൻ എമിറേറ്റ്സ് പദ്ധതി ഏകോപിപ്പിക്കും. ഇന്ത്യക്കും യു.എ.ഇക്കുമിടയിലുള്ള വാണിജ്യ വ്യാപാര ബന്ധങ്ങൾ ത്വരിതപ്പെടുത്താൻ ദുബൈ കേന്ദ്രമാക്കി ഓഫിസ് സ്ഥാപിക്കും.
ആയുർവേദത്തിന്റെ സമ്പൂർണ വ്യാപനവും ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ യു.എ.ഇയിലെ ഇന്ത്യക്കാരുടെ മക്കൾക്കും ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും. ഔപചാരികമായി വിപുലമായ ഒരു സമ്മേളനം യു.എ.ഇയിൽ ഉടൻ സംഘടിപ്പിക്കുമെന്നും സുധീർ ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.