അദ്വൈതും ജർമിയും ഇനി ബെല്ലാരിയിലെ രാജാക്കൻമാർ
text_fieldsഇന്ത്യൻ സൂപ്പർ ലീഗിൽ ആരും കൊതിക്കുന്ന ക്ലബ്ബാണ് ബംഗളൂരു എഫ്.സി. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഏറ്റവും കൂടുതൽ ഫാൻസുള്ള ക്ലബ്ബ്. ഈ ക്ലബ്ബിന്റെ അണ്ടർ 13 ടീമിൽ ഇടംനേടിയിരിക്കുകയാണ് ദുബൈയിലെ രണ്ട് മലയാളിക്കുട്ടികൾ. അറേബ്യൻ സ്ട്രൈക്കേഴ്സിന്റെ തട്ടകത്തിൽ പയറ്റിത്തെളിഞ്ഞ ജർമി ബിജോയ്യും അദ്വൈത് സജിത്തും. ബെല്ലാരിയിലെ ഇൻസ്പയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയിരിക്കും ഇനിമുതൽ ഈ ആറാം ക്ലാസുകാരുടെ കളരി.
കുഞ്ഞുനാൾ മുതൽ പന്ത് തട്ടി തുടങ്ങിയതാണ് ചങ്ങനാശേരി പെരുന്ന കാഞ്ഞിരത്തുംമൂട്ടിൽ ബിജോയ് - ബിൻസി ദമ്പതികളുടെ മകൻ ജർമി. അജ്മാൻ അൽ അമീർ സ്കൂൾ വിദ്യാർഥിയായ ജർമിയുടെ ആഗ്രഹം ബംഗളൂരു എഫ്.സിയിൽ ഒതുങ്ങുന്നില്ല, ഇന്ത്യൻ ജഴ്സിയാണ് അവൻ സ്വപ്നം കാണുന്നത്.
തൃശൂർ ഇടപ്പള്ളി വീട്ടിൽ സജിത് കുമാറിന്റെയും ദീപ്തിയുടെയും മകൻ അദ്വൈതിന്റെയും സ്വപ്നം ഇന്ത്യൻ ടീമാണ്. ഇതിലേക്കുള്ള ചവിട്ടുപടിയാണ് ബംഗളൂരു എഫ്.സിയിലെ പരിശീലനം. ദുബൈ ജെംസ് അവർ ഓൺ ഇന്ത്യൻ സ്കൂൾ വിദ്യാർഥിയാണ്. മധ്യനിര താരമായ അദ്വൈതിന്റെ ഇഷ്ടതാരവും മറ്റൊരു മധ്യനിര താരമാണ്. മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയം താരം കെവിൻ ഡിബ്രൂൺ.
കുഞ്ഞുനാൾ മുതൽ ഫുട്ബാൾ ഇഷ്ടമായിരുന്നെങ്കിലും ദുബൈയിലെ അറേബ്യൻ സ്ട്രൈക്കേഴ്സിൽ എത്തിയതോടെയാണ് കുട്ടികളുടെ ലെവൽ മാറിയത്. മുൻ കേരള ജൂനിയർ ടീം പരിശീലകൻ അരുൺ പ്രതാപിന്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം. ഇരുവരും ഭാവിയുടെ താരങ്ങളാണെന്നും ബംഗളൂരു എഫ്.സിയിൽ എത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അരുൺ പറയുന്നു.
ദുബൈ സ്പോർട്സ് കൗൺസിലിന്റെ പ്രോഗ്രാമുകളിൽ ഇരുവരും സജീവമായി പങ്കെടുത്തിരുന്നു. ബംഗളൂരു എഫ്.സി യൂത്ത് ഡെവലപ്മെന്റ് ഹെഡ് സബാഹുദ്ദീൻ മിസ്ലിമി ദുബൈയിൽ നേരിട്ടെത്തിയാണ് സെലക്ഷൻ നടത്തിയത്. ഇതിന് ശേഷം തയാറാക്കിയ ഷോർട്ലിസ്റ്റിൽ ഉൾപെട്ട അദ്വൈതിനും ജർമിക്കും ബെല്ലാരിയിലെ സെലക്ഷൻ ട്രയൽസിലേക്ക് വിളിവന്നു. നാല് ദിവസമായിരുന്നു ഇവിടെ പരിശീലനം. ഇവിടെയും മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ബംഗളൂരു എഫ്.സിയുടെ അക്കാദമിയിലേക്ക് സെലക്ഷൻ കിട്ടിയത്. ഇവരുടെ പഠനവും താമസവും ഭക്ഷണവുമെല്ലാം ഇനി ബംഗളൂരു എഫ്.സിയുടെ വകയായിരിക്കും.
അറേബ്യൻ സ്ട്രൈക്കേഴ്സ്
ആദ്യമായല്ല അരുൺ പ്രതാപിന്റെ അറേബ്യൻ സ്ട്രൈക്കേഴ്സ് പുതിയ താരങ്ങളെ സൃഷ്ടിക്കുന്നത്. മലയാളി കുട്ടികളായ ആര്യൻ ഹരിദാസും സഹൽ ഷിബുവും റിലയൻസിലേക്ക് ചേക്കേറിയത് അറേബ്യൻ സ്ട്രൈക്കേഴ്സിൽ നിന്നാണ്. പരിശീലനം നൽകി വളർത്തിയെടുക്കുന്ന കുട്ടികൾ ഒരു ലെവൽ ആയാൽ വീഡിയോ ചെയ്ത് ക്ലബുകൾക്ക് അയക്കുന്ന പതിവുണ്ട് ഇവിടെ. താൽപര്യമുള്ള ക്ലബ്ബുകൾ കുട്ടികളെ ഏറ്റെടുക്കും.
അരുണും ജിബിൻ മോൻ വർക്കിയും ചേർന്ന് കൊച്ചിയിലും അറേബ്യൻ സ്ട്രൈക്കേഴ്സ് എന്ന പേരിൽ രജിസ്ട്രേഡ് ക്ലബ്ബ് വാങ്ങിയിട്ടുണ്ട്. അതിന് കീഴിൽ നാട്ടിലും പരിശീലന കളരി തുടങ്ങാൻ പദ്ധതിയുണ്ട്. യു.എ.ഇയിലെ കുട്ടികൾക്ക് നാട്ടിലും അവിടെയുള്ള കുട്ടികൾക്ക് ഗൾഫിലും കളിക്കാൻ കഴിയുന്ന രീതിയിലുള്ള പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. കേരള ഫുട്ബാൾ അസോസിയേഷന്റെയും ഇന്ത്യൻ ഫുടബാൾ ഫെഡറേഷന്റെയും അംഗീകാരമുള്ള ക്ലബ്ബാണിത്. റിയാസ് ഇസ്മായിലാണ് ക്ലബ്ബിന്റെ കാര്യങ്ങൾ കോ ഓഡിനേറ്റ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.