കാർഷികരംഗത്തെ മുന്നേറ്റം; യു.എ.ഇയെ അഭിനന്ദിച്ച് ജോ ബൈഡൻ
text_fieldsദുബൈ: കാർഷികരംഗത്തെ പുതിയ കണ്ടുപിടിത്തങ്ങൾ ലോകമെമ്പാടും കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതായും യു.എസ്-യു.എ.ഇ സഹകരണം ഇക്കാര്യത്തിൽ ഏറെ സഹായകരമായിട്ടുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വാഷിങ്ടണിൽ നടന്ന അഗ്രികൾച്ചർ ഇന്നൊവേഷൻ മിഷൻ(എയിം) ഉച്ചകോടിയിലെ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിവിധ രാജ്യങ്ങളുടെ സഹകരണത്തിലൂടെ ആഗോള ഭക്ഷ്യ വിതരണത്തെ കൂടുതൽ ശക്തിപ്പെടുത്താനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും വരും തലമുറകൾക്കായി ഭൂമിയെ സംരക്ഷിക്കാനും കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാർഷികമേഖല കാരണമായുണ്ടാകുന്ന കാർബൺ പുറന്തള്ളൽ കുറക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിനായി രാഷ്ട്രങ്ങളെ ഒന്നിപ്പിക്കുന്നതിനാണ് 2021ൽ ‘എയിം’ ആരംഭിച്ചത്. കാലാവസ്ഥ വ്യതിയാനത്തിനെതിരായ ആഗോളപോരാട്ടത്തിൽ കാർഷിക ഉൽപാദന മേഖലയിലെ കാർബൺ പുറന്തള്ളൽ കുറക്കേണ്ടത് അത്യാവശ്യമാണെന്ന് ചടങ്ങിൽ സംസാരിച്ച യു.എസ് കാലാവസ്ഥ പ്രതിനിധി ജോൺ കെറി പറഞ്ഞു.
യു.എ.ഇ കാലാവസ്ഥ വ്യതിയാനത്തിനെതിരായ നടപടികൾ വളരെ വേഗത്തിലാണ് നടപ്പാക്കുന്നതെന്ന് യു.എ.ഇ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രിയും ഭക്ഷ്യസുരക്ഷ സഹമന്ത്രിയുമായ മർയം അൽ മുഹൈരി പറഞ്ഞു. നവംബറിൽ യു.എ.ഇ ആതിഥ്യമരുളുന്ന ആഗോള കാലാവസ്ഥ ഉച്ചകോടി(കോപ്28)യുടെ അജണ്ടയിലെ പ്രധാന വിഷയങ്ങളിലൊന്നായിരിക്കും ഭക്ഷ്യ സമ്പ്രദായങ്ങളുടെ പരിവർത്തനമെന്നും അവർ കൂട്ടിച്ചേർത്തു. കോപ്28 അടുത്തുവരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വ്യതിയാനവും ഭക്ഷ്യസുരക്ഷ പ്രശ്നങ്ങളും പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ സജീവമാക്കുകയാണെന്നും ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ വെല്ലുവിളികൾക്കെതിരെ നൂതന പരിഹാരങ്ങൾ കണ്ടെത്താനും എല്ലാവർക്കും കൂടുതൽ സുസ്ഥിരവും തുല്യവുമായ ഭാവി സൃഷ്ടിക്കാനും കഴിയുമെന്നും അൽ മുഹൈരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.