പാലത്തിനു മുകളിൽ സാഹസികാഭ്യാസം; സൈക്കിൾ റൈഡർമാർ അറസ്റ്റിൽ
text_fieldsഅബൂദബി: അബൂദബി ശൈഖ് സായിദ് പാലത്തിനു മുകളിൽ സാഹസികാഭ്യാസം നടത്തിയ സൈക്കിൾ റൈഡർമാർ അറസ്റ്റിൽ.
അഭ്യാസപ്രകടനത്തിന്‍റെ വിഡിയോ ഇവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിനു പിന്നാലെയായിരുന്നു നടപടി. പാലത്തിനു മുകളിൽകയറി അപകടകരമായ അഭ്യാസം നടത്തിയ ഇവർ വിവിധ രാജ്യക്കാരാണ്. സൈക്ലിങ് ഗ്രൂപ്പിലെ അംഗങ്ങളാണ് അഭ്യാസ പ്രകടനത്തിന് ശൈഖ് സായിദ് പാലം വേദിയാക്കിയതും ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും സംസ്കാരത്തിനു നിരക്കാത്തതാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
പാലത്തിന്‍റെ കമാനത്തിന്‍റെ മുകളിൽനിന്ന് താഴേക്ക് അമിത വേഗതയിൽ സൈക്കിളോടിച്ചും സൈക്കിളിൽ ഘടിപ്പിച്ച കാമറയിലൂടെ ഈ ദൃശ്യങ്ങൾ പകർത്തിയുമായിരുന്നു പ്രകടനം. അഭ്യാസത്തിനിടെ സൈക്കിൾ റൈഡർ
താഴെ വീണെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടംപിടിച്ച ഇടങ്ങളിൽ ഇത്തരം അഭ്യാസ പ്രകടനങ്ങൾ നടത്തുന്നവരും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതും കുറ്റകരമാണെന്ന് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.അബൂദബിയിലെ പ്രധാന റോഡിലൂടെ 300 കിലോമീറ്ററിനുമുകളിൽ വേഗതയിൽ സ്പോർട്സ് കാർ ഓടിച്ച യുവാവിനെതിരെ മുമ്പ് അബൂദബി ജുഡീഷ്യൽ വിഭാഗം നടപടി സ്വീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.