അതിസാഹസികരുടെ മരു(രണ)പ്പാച്ചിലുകള്
text_fieldsഒറ്റയ്ക്ക് ഒരു കാരണവശാലും മരുഭൂമിയിലേക്ക് പ്രവേശിക്കരുത്. ആവശ്യമായ പരിശീലനങ്ങള്‍ നേടിയിട്ടു മാത്രമേ ഉള്‍മേഖലകളിലേക്ക് കയറാവൂ. ഇപ്പോള്‍ കാണുന്ന മരുഭൂമിയും മണല്ക്കുന്നുകളുമല്ല കുറച്ചുകഴിയുമ്പോള്‍ ഉണ്ടാവുക. കാറ്റിന് അനുസരിച്ച് രൂപവും ഭാവവും മാറും. അതിനാല്‍ ചതിക്കുഴികള്‍ ധാരാളമുണ്ട്
പ്രവാസ ലോകത്തെ ജീവിത നേരങ്ങളെ പല രീതിയിലാണ് ആഘോഷിക്കപ്പെടാറ്. കാലങ്ങള്‍ക്കപ്പുറം ഓര്‍ത്തെടുക്കാന്‍ കാലത്തിന്റെ കൈയൊപ്പ് ചാര്‍ത്തി ഏടുകള്‍ സൂക്ഷിക്കുന്നവര്‍. പ്രവാസികളിലെ അതിസാഹസികരുടെ അറ്റമില്ലാതെ പരന്നു കിടക്കുന്ന വന്യമായ മരുഭൂമിയിലെ റേസിങ്ങുകള്‍ ഹരമാക്കിയവരുമുണ്ടീ ഇമാറാത്തില്‍. വന്‍ മണല്‍ക്കുന്നുകളും ഭീകരമായ മരണക്കുഴികളും താണ്ടി ചുട്ടുപൊള്ളുന്ന സൂര്യനു കീഴെ സാഹസിക വിനോദങ്ങളുടെ വര്ണക്കൊടികള് പാറിക്കുന്നവര്‍.
അവധി ദിനങ്ങളെ ആവേശമാക്കാന്‍ മരുഭൂമിയിലേക്ക് വാഹനങ്ങളുമായി പാഞ്ഞുകയറുന്നവരേക്കുറിച്ചാണ്. പല പേരുകളില്‍ വിവിധ എമിറേറ്റുകളില്‍ ഓഫ് റോഡ് റൈഡേഴ്സ് സജീവമാണ് യു.എ.ഇയില്‍. മണലില്‍ പോവുന്നതിനായി പ്രത്യേകം ഒരുക്കങ്ങള്‍ നടത്തിയും വാഹനങ്ങള്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ത്തും സര്‍വ സജ്ജരായവരുടെ സംഘം.
സ്വന്തമായി ബിസിനസ് നടത്തുന്നവരും ജോലി ചെയ്യുന്നവരുമായ നിരവധി മലയാളികളാണ് വാരന്ത്യങ്ങളിൽ സാഹസിക യാത്രയ്ക്കായി മരുഭൂമിയിലേക്ക് പോവുന്നത്. തികഞ്ഞ പരിശീലനം സിദ്ധിച്ച രണ്ടോ അതില്‍ അധികമോ പേരുണ്ടാവും ടീമിനെ നയിക്കാന്‍. ഏറ്റവും മുന്നിലുള്ള ആളാണ് മാര്‍ഷല്‍. രണ്ടാമതായി പോവുന്നത് ലീഡ്. പിന്നാലെ വാഹനം ഓടിക്കുന്നവര്‍ ലീഡിനെ വേണം ഫോളോ ചെയ്യാന്‍.
കാരണം മാര്‍ഷലിന്റെ യാത്രയ്ക്ക് അനുസരിച്ച് പിറകെ വരുന്നവര്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുക്കുന്നത് ലീഡാണ്. ഏറ്റവും ഒടുക്കം സ്വീപ്പ് ഉണ്ടാവും. സ്വീപ്പാണ് സംഘത്തില്‍ നിന്നും ആരും കണ്ണി അടര്‍ന്നു പോയിട്ടില്ലെന്ന് ഉറപ്പാക്കുക. കുറഞ്ഞത് മൂന്നുപേരെങ്കിലുമുണ്ടെങ്കിലേ യാത്ര പാടുള്ളൂ എന്നാണ് അലിഖിത നിയമം.
ഒറ്റയ്ക്ക് ഒരു കാരണവശാലും മരുഭൂമിയിലേക്ക് പ്രവേശിക്കരുത്. ആവശ്യമായ പരിശീലനങ്ങള്‍ നേടിയിട്ടു മാത്രമേ ഉള്‍മേഖലകളിലേക്ക് കയറാവൂ. ഇപ്പോള്‍ കാണുന്ന മരുഭൂമിയും മണല്ക്കുന്നുകളുമല്ല കുറച്ചുകഴിയുമ്പോള്‍ ഉണ്ടാവുക. കാറ്റിന് അനുസരിച്ച് രൂപവും ഭാവവും മാറും. അതിനാല്‍ ചതിക്കുഴികള്‍ ധാരാളമുണ്ട്. ചക്രങ്ങളുടെ കാറ്റ് പരമാവധി കുറച്ച്, മണലില്‍ അമര്‍ന്നാണ് യാത്ര.
മരണ വൃത്തങ്ങള്‍
ഒട്ടും എളുപ്പമല്ല, ഈ അതി സാഹസിക ഡ്രൈവിങ്. ഓവല്‍ ബൗള്‍, റൗണ്ട് ബൗള്‍, ഇംഗ്ലീഷ് ലെറ്റര്‍ സി ടൈപ്പ് ബൗള്‍, ഡെത്ത് ബൗള്‍, 360 ബൗള്‍ എന്നിങ്ങനെ നിരവധി വൃത്തങ്ങളാണ് ഓരോ യാത്രയിലും മറികടക്കുക. കടന്നാക്കുടുങ്ങി എന്ന പേരിലും മലയാളികളുടേതായ സ്വന്തം ബൗളുകളുമുണ്ട്.
പലപ്പോഴും ചില ബൗളുകളില്‍ തിരിച്ചു കയറാനാവാത്ത വിധം വാഹനം പെട്ടു പോകാറുണ്ട്. അത്തരം പോയിന്റുകള്‍ പിന്നീട് അയാളുടെ പേരിലാവും അറിയപ്പെടുക. ഈ യാത്രയിലെ രസകരമായ അനുഭവങ്ങളും ഓര്‍മകളും ഇതൊക്കെത്തന്നെയാണ് എന്നതാണ് പ്രത്യേകത.
2020 ദുബൈയില്‍ നടന്ന ജി.പി.എസ്. ചലഞ്ച് എന്ന മല്‍സരത്തില്‍ ആദ്യ സ്ഥാനങ്ങളിലെത്തിയ രഞ്ജു ജേക്കബ്, റിസ്താഷ് ഹൈദ്രോസ് എന്നിവരും ടീമും നയിക്കുന്ന അറേബ്യന്‍ എക്സ്പ്ലോറേഴ്സ് എല്ലാ വാരാന്ത്യങ്ങളിലും മരുഭൂമിയിലേക്ക് സഞ്ചരിക്കുന്നവരാണ്. ജി.പി.എസ്. ചലഞ്ച് എന്നാല്‍, യാതൊരു അറിവുമില്ലാത്ത മരുഭൂമിയുടെ ജി.പി.എസ്. പോയിന്റുകള്‍ നല്‍കും. കുറഞ്ഞ സമയത്തിനുള്ളില്‍ അതിന്റെ മാപ്പ് തയ്യറാക്കണം.
ശേഷം, ഏറ്റവും ചുരുങ്ങിയ റൂട്ടിലൂടെ കുറഞ്ഞ സമയത്ത് ഓടിയെത്തുന്നവര്‍ വിജയിക്കും. കോവിഡിനു മുമ്പ് യു.എ.ഇയിലെ ഓഫ് റൈഡേഴ്സ് ക്ലബ്ബുകള്‍ നടത്തിയിരുന്ന മല്‍സരം വീണ്ടും തിരിച്ചുവരവിനൊരുങ്ങുകയാണ്. പുതുതായി മരുഭൂ യാത്ര പോവാന്‍ ആഗ്രഹിക്കുന്നവരെ പരിശീലിപ്പിച്ചെടുക്കാനും അറേബ്യന്‍ എക്സ്പ്ലോറേഴ്സ സമയം കണ്ടെത്തുന്നുണ്ട്.
ഈ വിനോദത്തെ കച്ചവടവല്ക്കരിക്കാന് ഇവര്‍ക്ക് താല്പര്യമില്ല, പകരം, അത്രമേല്‍ സാഹസികത ഇഷ്ടപ്പെടുന്നവരെ കൂടെക്കൂട്ടുന്നു എന്നുമാത്രം. എം.എം. സാബിത്ത്, റിയാസ്, കൃഷ്ണ, അജിത്ത്, സജിന്‍, ഹരി, ജോബിന്, സൂരജ് തുടങ്ങിയവര്‍ അടങ്ങുന്നതാണ് ടീം അറേബ്യന്‍ എക്സ്പ്ലോറേഴ്സ്.
സെല്‍ഫ് ഓഫ് റോഡ് ഡ്രൈവ് ഡ്യൂണ്‍സ്
അബൂദബി എമിറേറ്റില്‍ സ്വന്തമായി ഓഫ് റോഡ് റൈഡ് ചെയ്യാനായി ആറ് മേഖലകളെ അടയാളപ്പെടുത്തിയിട്ടുണ്ട്. അബൂദബി ഡിപാര്‍ട്ട്മെന്റ് ഓഫ് കള്‍ച്ചര്‍ ആൻഡ് ടൂറിസം ആണ് ഓരോ ഡ്യൂണ്‍സ് റൂട്ടുകളും മാര്‍ക്ക് ചെയ്തിരിക്കുന്നത്. അല്‍ ഐന്‍, അല്‍ ദഫ്ര റീജ്യനുകളുടെ പരിധികളില്‍ വരുന്ന മരുഭൂമികളാണിവ.
അല്‍ റെമ (67 കിലോമീറ്റര്‍), അല്‍ ഐന്‍ വൈറ്റ് സാന്‍ഡ്സ് (157 കിലോമീറ്റര്‍), ഹമീം ലൂപ് (55 കിലോമീറ്റര്‍), ഉമ്മുല്‍ ഔഷ് (60 കിലോമീറ്റര്‍), ലിവ ക്രോസിങ് (109 കിലോമീറ്റര്‍), അള് ഖസ്ന (45 കിലോമീറ്റര്‍) എന്നീ മരുഭൂപ്രദേശങ്ങളില് ഓഫ് റോഡ് ചെയ്യാവുന്നതാണ്. ഭൂ ഘടന അനുസരിച്ച് ഓരോന്നിനും റാങ്കും നല്‍കിയിട്ടുണ്ട്.
മൊരീബ് മണല്‍ക്കൂനയിലെ ത്രില്ലര്‍ മല്‍സരങ്ങള്‍
ത്രില്ലര്‍ മോട്ടോര്‍ സ്പോര്‍ട്സ് മത്സരങ്ങള്‍ അരങ്ങേറുന്ന ലിവ ഇന്റര്‍നാഷനല്‍ ഫെസ്റ്റിവല്‍, ഓഫ് റോഡ് റൈഡ് വിനോദങ്ങളില്‍ നമ്പര്‍ വണ്‍ ആണ്. ഫാല്‍ക്കണ്‍, ഒട്ടകം, കുതിര എന്നിവകളുടെ മല്‍സരങ്ങള്‍ക്കു പുറമേ ലോകത്തിലെ ഏറ്റവും വലിയ മണല്കൂനകളിലൊന്നായ മൊരീബ് മണല്ക്കൂനയുടെ മുകളിലേക്കുള്ള കാറോട്ടമല്സരമാണ് പ്രധാന ആകര്‍ഷണം.
ഈ ഗണത്തില്‍പെടുന്ന പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഫെസ്റ്റിവലാണ് ലിവ ഇന്റര്‍നാഷനല്‍ ഫെസ്റ്റിവല്‍. മോട്ടോര്‍ സ്പോര്‍ട്സ് മല്‍സരങ്ങളിലെ ജേതാക്കള്‍ക്ക് സമ്മാനങ്ങളും നല്‍കിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.