പരസ്യങ്ങളിൽ മാനദണ്ഡം പാലിച്ചില്ല; 30 റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് പിഴ
text_fieldsദുബൈ: വ്യവസ്ഥകളും മാനദണ്ഡങ്ങളും ലംഘിച്ച് പരസ്യം നൽകിയ ദുബൈയിലെ 30 റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾക്ക് ദുബൈ റഗുലേറ്ററി അതോറിറ്റി 50,000 ദിർഹം വീതം പിഴയിട്ടു. ദുബൈ ലാൻഡ് ഡിപ്പാർട്മെന്റിന്റെ (ഡി.എൽ.ഡി) ഭാഗമായ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി ഏജൻസിയാണ് നിയമ നടപടി സ്വീകരിച്ചത്. പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനും റിയൽ എസ്റ്റേറ്റ് മേഖലയിലെ തെറ്റായ പ്രവണതകൾ തടയുന്നതിനുമായി അതോറിറ്റി പുറപ്പെടുവിച്ച വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കുന്നതിൽ വീഴ്ച വരുത്തിയത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഇടപാടുകളിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനായി പരസ്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് എല്ലാ റിയൽ എസ്റ്റേറ്റ് കമ്പനികളോടും അതോറിറ്റി ആവശ്യപ്പെട്ടു. റിയൽ എസ്റ്റേറ്റ് കമ്പനികളുടെ പ്രവർത്തനങ്ങളും വിപണിയിൽ അവർ നൽകുന്ന പരസ്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് റിയൽ എസ്റ്റേറ്റ് കൺട്രോൾ ഡിപ്പാർട്മെന്റ് ഡയറക്ടർ അലി അബ്ദുല്ല അൽ അലി പറഞ്ഞു.
പരസ്യങ്ങൾ നൽകുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകളും മാനദണ്ഡങ്ങളും സംബന്ധിച്ച് അതോറിറ്റി നേരത്തേ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇടപാടുകളുടെ സുതാര്യത ഉറപ്പുവരുത്തുക, ഇടപാടുകാർക്ക് മികച്ച സേവനങ്ങൾ നൽകുക, എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുക, മേഖലയിൽ സുസ്ഥിരമായ വികസനവും വളർച്ചയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവക്കായി ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.