ഫുജൈറയിൽ നിന്ന് ഇന്ത്യയിലേക്ക് ദിവസേന സർവിസിന് ആലോചന
text_fieldsദുബൈ: ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് ഫുജൈറയിൽ നിന്ന് ദിവസേന വിമാന സർവിസ് ആരംഭിക്കുമെന്ന് അധികൃതർ. വൈകാതെ സർവിസുകൾ ആരംഭിക്കാനാണ് ആലോചിക്കുന്നതെന്ന് ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളം ബിസിനസ് ഡവലപ്മെന്റ് മാനേജർ മാർക് ഗവൻഡർ പറഞ്ഞു.
അറേബ്യൻ ട്രാവൽ മാർക്കറ്റിനോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചില രേഖകൾ പൂർത്തിയാകാനായി കാത്തിരിക്കുകയാണെന്നും ഈ വർഷം തന്നെ തുടങ്ങാൻ സാധിച്ചേക്കാമെന്നും കൂട്ടിച്ചേർത്തു. ജൂലൈയിൽ ഈജിപ്ത് എയർ ഫുജൈറയിൽ നിന്ന് സർവിസ് ആരംഭിക്കുന്നുണ്ട്. ഒരു ഇന്ത്യൻ വിമാനക്കമ്പനിയുമായി വിമാനത്താവളം അധികൃതർ സംസാരത്തിലാണ്. മറ്റു ചില കമ്പനികളും താൽപര്യം അറിയിച്ചിട്ടുണ്ട് -അദ്ദേഹം കൂടിച്ചേർത്തു.
ഒമാന്റെ ബജറ്റ് വിമാനകമ്പനിയായ ‘സലാം എയർ’ ഫുജൈറയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവിസ് ആരംഭിച്ചിരുന്നു. മസ്കത്ത് വഴിയാണ് കോഴിക്കോടേക്ക് സർവിസ് ആരംഭിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബർ രണ്ട് മുതൽ തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് ഫുജൈറയിൽ നിന്ന് മസ്കത്ത് വഴി കോഴിക്കോട്ടേക്ക് സർവിസ് തുടങ്ങിയത്. ഇന്ത്യയിലേക്ക് ഫുജൈറയിൽ നിന്ന് നേരിട്ട് സർവിസ് തുടങ്ങുന്നത് വടക്കൻ എമിറേറ്റുകളിലെ പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.