അവർ പറക്കാൻ ആഗ്രഹിച്ചു; താലിബാൻ ചിറകരിഞ്ഞു
text_fieldsദുബൈ: അഫ്ഗാനിൽനിന്ന് ദുബൈ യൂനിവേഴ്സിറ്റികളിൽ പ്രവേശനം ലഭിച്ച 100 വിദ്യാർഥിനികൾക്ക് താലിബാന്റെ യാത്രാ വിലക്ക്. ദുബൈയിലേക്ക് പുറപ്പെടാനായി കാബൂൾ വിമാനത്താവളത്തിലെത്തിയ വിദ്യാർഥിനികളെ സർക്കാർ അവസാനനിമിഷം തിരിച്ചയക്കുകയായിരുന്നു. പ്രമുഖ ഇമാറാത്തി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഖലാഫ് അഹമ്മദ് അൽ ഹബ്ത്തൂർ ആണ് ഇക്കാര്യം അറിയിച്ചത്.
അഫ്ഗാനിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 100 വിദ്യാർഥിനികൾക്ക് ദുബൈ യൂനിവേഴ്സിറ്റികളിൽ ഉന്നതപഠനത്തിനായി അൽ ഹബ്തൂർ ഗ്രൂപ്പ് കഴിഞ്ഞ ഡിസംബറിൽ സ്കോളർഷിപ്പ് അനുവദിച്ചിരുന്നു. ഈ വിദ്യാർഥിനികളെയാണ് യാത്രയുടെ അവസാന നിമിഷം താലിബാൻ സർക്കാർ വിലക്കിയത്.
‘കഴിഞ്ഞ ദിവസം രാവിലെ എട്ടോടെയാണ് കുട്ടികളുടെ യാത്ര മുടങ്ങിയ കാര്യം അറിഞ്ഞത്. വലിയ ആഘാതമാണതുണ്ടാക്കിയത്. ആ സമയം അനുഭവിച്ച നിരാശ പറഞ്ഞറിയിക്കാനാവാത്തതാണ്.
ദുബൈയിലെ പ്രമുഖ യൂനിവേഴ്സിറ്റികളിൽ സ്കോളർഷിപ്പ് ഉറപ്പുവരുത്തിയ ശേഷം വിദ്യാർഥിനികളുടെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് വിദ്യാർഥിനികളുടെ ശബ്ദ മെസേജ് വരുന്നത്.
ഞങ്ങൾ കാബൂൾ വിമാനത്താവളത്തിലാണെന്നും വിസയും വിമാന ടിക്കറ്റും അവരെ കാണിച്ചിട്ടും വിമാനത്തിൽ കയറാൻ അനുവദിച്ചില്ലെന്നും കുട്ടികൾ പറഞ്ഞു. കുട്ടികൾക്കൊപ്പം അനുഗമിച്ച പുരുഷനെയും അവർ തടഞ്ഞുവെച്ചു. താലിബാന്റെ നടപടി മനുഷ്യത്വത്തിനും വിദ്യാഭ്യാസത്തിനും നീതിക്കും തുല്യതക്കും എതിരായ പ്രവൃത്തിയാണെന്നും ഖലാഫ് അൽ ഹബ്തൂർ എക്സിലൂടെ ആരോപിച്ചു.
സംഭവത്തിൽ ഏറെ നിരാശയുണ്ട്. കുട്ടികളെ സഹായിക്കാൻ എല്ലാവരോടും അഭ്യർഥിക്കുകയാണെന്നും അവർക്ക് എത്രയും വേഗത്തിൽ ദുബൈയിലെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 81 കുട്ടികൾ നേരത്തേ ദുബൈയിൽ പഠനം നടത്തിയവരായിരുന്നു. ചില വിദ്യാർഥിനികൾ മുഹമ്മദ് ബിൻ റാശിദ് യൂനിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസിൽ പ്രവേശനം ലഭിച്ചവരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.