ചേതക്കിൽ ചെത്തിയടിച്ച് അഫ്സലും ബിലാലും
text_fieldsകേരള രജിസ്ട്രേഷൻ ചേതക്കുമായാണ് ഇരുവരും ദുബൈയിൽ എത്തിയത്
ദുബൈ: 130 കിലോമീറ്റർ വേഗത്തിൽ കാറുകൾ ചീറിപ്പായുന്ന ശൈഖ് സായിദ് റോഡിലൂടെ 50 കിലോമീറ്റർ വേഗത്തിൽ 2000 മോഡൽ ചേതക് കിതച്ചുപായുന്നത് കണ്ടാൽ സംശയിക്കേണ്ട, അത് നമ്മുടെ പിള്ളേരാണ്. കാസർകോട് നായന്മാർമൂല സ്വദേശികളായ അഫ്സലും ബിലാലുമാണ് കേരള രജിസ്ട്രേഷൻ ചേതക്കുമായി ലോക പര്യടനത്തിന് ഇറങ്ങിയത്. ആറു മാസമായി തുടങ്ങിയ യാത്രയുടെ വിദേശപര്യടനത്തിനാണ് ഇരുവരും ദുബൈയിൽ എത്തിയത്.
ഇന്ത്യ മുഴുവൻ 8000 കിലോമീറ്ററിൽ കറങ്ങിയ ശേഷമായിരുന്നു ദുബൈ യാത്ര. അഫ്ഗാനിസ്ഥാൻ വഴി റോഡ് മാർഗം എത്താനായിരുന്നു ആലോചനയെങ്കിലും അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾമൂലം പ്ലാൻ മാറ്റി. ഇതോടെ കൊച്ചിയിൽനിന്ന് കപ്പൽ മാർഗം ചേതക് ദുബൈയിൽ എത്തിച്ചു. ഇവിടെ നിന്ന് ഗൾഫ് ഉൾപ്പെടെ പത്ത് രാജ്യങ്ങളിലേക്ക് പോകാനാണ് പദ്ധതി. യു.എ.ഇയിലെ വിവിധ എമിറേറ്റുകൾ കറങ്ങിയ ശേഷം ഒമാനിലേക്കാണ് അടുത്ത യാത്ര.
കെ.എൽ-14 എ.ബി 3410 ആണ് ഇവരുടെ ചേതക്കിന്റെ നമ്പർ. ഈ നമ്പറിനും ഒരു പ്രത്യേകതയുണ്ട്. അഫ്സലിന്റെയും ബിലാലിന്റെയും പേരിന്റെ ആദ്യ അക്ഷരമായ എ.ബിയാണ് ഇവർ രജിസ്ട്രേഷനായി തിരഞ്ഞെടുത്തത്. 20, 21 വയസ്സുള്ള ഇരുവരും ഇവരേക്കാൾ പ്രായമുള്ള ചേതക്കുമായാണ് കറങ്ങുന്നത്. ലഹരിക്കെതിരായ സന്ദേശവും വാഹനത്തിൽ പതിപ്പിച്ചിരിക്കുന്നു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും പ്രധാന സ്ഥലങ്ങളും സംസ്കാരവും സ്കൂട്ടറിലെ പെട്ടിയിൽ വായിച്ചെടുക്കാം. വെറുമൊരു പെട്ടിയല്ല ഈ സ്കൂട്ടറിലുള്ളത്. മൊബൈലുമായി ബന്ധിപ്പിച്ചിരിക്കുകയാണ് ഈ പെട്ടി. മൊബൈലിൽ നിർദേശം നൽകുന്നതിനനുസരിച്ച് പെട്ടിയിലെ ഫ്ലാഗുകൾ ഉയരുകയും താഴുകയും ചെയ്യും. ചിത്രങ്ങളും മാറി മറയും. ജീവിതം എന്നാൽ വെറുതെ ജീവിച്ചു മരിക്കേണ്ടതല്ലെന്നും ആസ്വദിക്കേണ്ടതാണെന്നും കുടുംബക്കാരുടെ പിന്തുണയോടെയാണ് തങ്ങളുടെ യാത്രയെന്നും അഫ്സലും ബിലാലും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.