28 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് സാദിക്ക് നാട്ടിലേക്ക്
text_fieldsദുബൈ: 28 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് മുഹമ്മദ് സാദിക്ക് അവീർ നാട്ടിലേക്ക് തിരിച്ചു. കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തിലെ കാപ്പാട് സ്വദേശിയാണിദ്ദേഹം. 1996 മാർച്ച് 12നാണ് അവീർ ജബൽ താരീഖ് ജനറൽ ട്രേഡിങ് എന്ന സ്ഥാപനത്തിന്റെ വിസിറ്റിങ് വിസയിൽ ആദ്യമായി ദുബൈയിൽ എത്തുന്നത്. പിതാവ് കുനിയിൽ ഹസ്സൻ കോയ ഹാജിയുടെ പാർട്ട്ണർഷിപ്പിലുള്ള അൽ അഥീർ ഗ്രോസറി സ്ഥാപനത്തിലായിരുന്നു ഇക്കാലമത്രയും ജോലി. പിതാവിന്റെ സ്ഥാപനം 2007 മുതൽ പാർട്ട്ണർഷിപ്പിൽ നടത്തിവരുകയായിരുന്നു. ചേമഞ്ചേരി പഞ്ചായത്തിലെ മത-സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം. കാപ്പാട് ശാഖാ എം.എസ്.എഫിന്റെയും യൂത്ത് ലീഗിന്റെയും ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഐനുൽ ഹുദാ യതീംഖാന ജനറൽ ബോഡി അംഗവുമായിരുന്നു. എ.എച്ച്.ഒ അവീർ യൂനിറ്റ് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ദുബൈ ചേമഞ്ചേരി പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി പ്രസിഡന്റായും ഗ്ലോബൽ ചേമഞ്ചേരി കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജോ. കൺവീനറായും ആക്ടിങ് ചെയർമാനായും ഗ്ലോബൽ ദുബൈ ചാപ്റ്റർ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. കാപ്പാട്ടെ വ്യത്യസ്തരായ 101 വ്യക്തിത്വങ്ങളെക്കുറിച്ച് ‘കാപ്പാടിൽ പതിഞ്ഞ കാൽപ്പാടുകൾ’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്.
2014ൽ പിതാവ് ഹസ്സൻകോയ ഹാജി മരണപ്പെട്ടു. പാലോറത്ത് നഫീസയാണ് മാതാവ്. ഭാര്യ ബുഷ്റയും മക്കൾ സബീഹ, ഹാഫിസ പർവീൻ, ബിസ്ഫ നിഹയുമാണ്. അറബ് ഭരണാധികാരികളും അവിടങ്ങളിലെ സ്വദേശികളും ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികളോട് കാണിക്കുന്ന കരുണക്കും കാവലിനും സ്നേഹ-സൗഹൃദത്തിനും തീർത്താൽ തീരാത്ത നന്ദിയുണ്ടെന്ന് സാദിക്ക് പറഞ്ഞു. കേവലം വാക്കിൽ ഒതുക്കാനാവാത്ത കടപ്പാടാണുള്ളത്. അവർക്കായി എന്നും നന്മക്കായുള്ള പ്രാർഥന മാത്രമാണ് തിരിച്ചു നൽകാനുള്ളതെന്നും സാദിക്ക് അവീർ പറയുന്നു.
മുഹമ്മദ് സാദിക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.