46 വർഷത്തെ പ്രവാസത്തിനുശേഷം കുഞ്ഞിപ്പ വൈലത്തൂരിലേക്ക് മടങ്ങി
text_fieldsഅബൂദബി: 46 വർഷത്തെ പ്രവാസത്തിനുശേഷം മലപ്പുറം തിരൂർ പൊന്മുണ്ടം വൈലത്തൂർ സ്വദേശി കുഴിക്കരക്കാട്ടിൽ അത്താണിക്കൽ മുഹമ്മദിെൻറ മകൻ അബ്ദുറഹീം (കുഞ്ഞിപ്പ) ശനിയാഴ്ച നാട്ടിലേക്ക് മടങ്ങി. 1975 ജൂൺ 27നാണ് പ്രവാസ ജീവിതം തേടി ദുബൈയിലെത്തിയത്.
അബൂദബിയിലെ ഓവർസീസ് ട്രാവൽസിൽ ഓഫിസ് ബോയ് കം മെസഞ്ചറായി 1975 ആഗസ്റ്റ് 11ന് ജോലി ആരംഭിച്ചു. 1988 ഏപ്രിലിൽ ഇത്തിസലാത്ത് ജനറൽ സർവിസിലേക്ക് ജോലി മാറ്റം. ഓഫിസ് ബോയിയായിട്ടായിരുന്നു നിയോഗം.
രണ്ട് വർഷത്തിനുശേഷം കോയിൻ കൗണ്ടിങ് അസിസ്റ്റൻറായി. 1996ൽ ബദാസായിദിലെ ഇത്തിസലാത്ത് ഓഫിസിലെ ക്ലീനിങ് വിഭാഗത്തിലേക്ക് സ്ഥലം മാറ്റം. പശ്ചിമ അബൂദബിയിലെ ഇത്തിസലാത്ത് ടവർ ഓഫിസുകളിൽ ക്ലീനിങ്ങായിരുന്നു ജോലി.
1998ൽ ഏപ്രിലിൽ ഇത്തിസലാത്തിലെ ജോലി നഷ്ടപ്പെട്ടു. സെപ്റ്റംബറിലാണ് അരാമെക്സ് കൊറിയർ സർവിസ് കമ്പനിയിൽ മോട്ടോർ സൈക്കിളിൽ കൊറിയർ ഡെലിവറി നടത്തുന്ന ജോലി ആരംഭിച്ചത്. 23 വർഷത്തിനുശേഷം 66ാം വയസ്സിലാണ് ജോലിയിൽനിന്ന് വിരമിച്ചത്.
കൊറിയർ സർവിസ് ജോലിയായതിനാൽ താഴേത്തട്ടിലുള്ളവർ മുതൽ സമൂഹത്തിെൻറ ഉന്നതങ്ങളിലുള്ളവർ വരെ എല്ലാ ദേശക്കാരും ഭാഷക്കാരുമായി നിരന്തരം ബന്ധപ്പെടുന്നു. പാരമ്പര്യമായി കോൺഗ്രസുകാരനാണ് റഹീം. പഞ്ചായത്ത് മെംബറായിരുന്ന പിതാവിെൻറ ദാനശീലം അബ്ദു റഹീമും പിന്തുടരുന്നു.
അബൂദബി മലയാളി സമാജം, ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ്, ഇന്ദിര ഗാന്ധി വീക്ഷണം ഫോറം, ഇൻകാസ് സംഘടനകളിൽ സജീവമായിരുന്നു.
1990 മുതൽ 1995വരെ കുടുംബം ഇവിടെയുണ്ടായിരുന്നു. ഈ നാട് ഐശ്വര്യത്തിെൻറ നാടാണെന്നാണ് അബ്ദു റഹീം പറയുന്നു. മൂന്നു സഹോദരിമാരെ വിവാഹം കഴിച്ചയച്ചതും വീടുണ്ടാക്കിയതും ഒട്ടേറെപ്പേരുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് സഹായം കൊടുക്കാനായതും പ്രവാസത്തിലൂടെയാണ്.
ജീവിതത്തിന് അടുക്കും ചിട്ടയും അഭ്യസിച്ചത് പ്രവാസ ജീവിതത്തിലൂടെയാണ്.എ.ടി.എം, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളോ വാട്സ്ആപ്, ഇ-മെയിലോ ഒന്നും റഹീം ഉപയോഗിക്കാറില്ല. നാട്ടിൽ ജീവകാരുണ്യ പ്രവർത്തനവുമായി കഴിയാനാണ് ആഗ്രഹം. ഭാര്യ: ആസിയ. മക്കൾ: റായിദ്, റെദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.