നാലു പതിറ്റാണ്ട് പൂർത്തിയാക്കി അദ്രു ഹാജി നാട്ടിലേക്ക്
text_fieldsഅൽഐൻ: മലപ്പുറം എടപ്പാൾ ആലങ്കോട് പന്താവൂർ സ്വദേശി കൊല്ലത്തുവളപ്പിൽ അബ്ദുറഹിമാൻ ഹാജി 40 വർഷത്തെ പ്രവാസം പൂർത്തിയാക്കി നാട്ടിലേക്ക് തിരിക്കുന്നു. സുഹൃത്തുക്കളുടെ പ്രിയപ്പെട്ട അദ്രു ഹാജി 1982 ഡിസംബർ 23നാണ് തിരുവനന്തപുരം വഴി അബൂദബിയിലേക്ക് വിമാനം കയറുന്നത്. ബോംബെ വഴി ഗൾഫ് രാജ്യങ്ങളിലേക്ക് ‘ചവിട്ടിക്കയറ്റുന്ന’ കാലത്താണ് കൊച്ചി പാസ്പ്പോർട്ട് ഓഫിസിൽ 2750 രൂപ എമിഗ്രേഷൻ തുക കെട്ടിവെച്ച് വിസയുമായി അബൂദബിയിൽ എത്തുന്നത്. പാസ്പോർട്ട് ഓഫിസിൽ കെട്ടിവെച്ച തുക വർഷങ്ങൾക്ക് ശേഷം തിരികെ ലഭിച്ചതായി അബ്ദുറഹ്മാൻ ഹാജി ഓർക്കുന്നു.
അബൂദബിയിൽ മൂന്നര വർഷം ഹോട്ടലിലായിരുന്നു ജോലി. ആദ്യവർഷം ശമ്പളമായി ലഭിച്ച മുഴുവൻ തുകയും വിസക്കായി നൽകി. ഒരു ഹോട്ടലിലെ മുഴുവൻ ജോലികളും ഇക്കാലത്ത് പഠിക്കുകയും ആ ജോലികൾ ചെയ്യുകയും ചെയ്തു. ശേഷം 10 വർഷം അബൂദബിയിലെ തന്നെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്നു. 1996ലാണ് അൽഐനിൽ എത്തുന്നത്. ഏഴ് വർഷം അടുത്ത ബന്ധുക്കളുടെ ഗ്രോസറികളിലായിരുന്നു ജോലി. 2002ൽ അൽഐൻ സനാഇയയിൽ സ്വന്തമായി ഗ്രോസറി തുടങ്ങി. ഈ ഗ്രോസറി മകനെ ഏൽപിച്ചാണ് ഇപ്പോൾ നാട്ടിലേക്ക് തിരിക്കുന്നത്. ഒന്നുമില്ലായ്മയിൽനിന്നും കൂടുതൽ സമ്പാദിക്കാനും ഒരുപാട് നല്ല ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കാനും യു.എ.ഇയിലെ പ്രവാസം കൊണ്ട് സാധിച്ചുവെന്ന് അബ്ദുറഹ്മാൻ ഹാജി ഓർക്കുന്നു.
ബന്ധുക്കളിൽ പലരെയും ഇവിടെ കൊണ്ടുവന്ന് ജോലി ശരിയാക്കി നൽകാനും കഴിഞ്ഞു. കെ.എം.സി.സിയുടെ പ്രവർത്തകനും മഹല്ല് കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം. ജാതി, മത ഭേദമന്യേ എല്ലാവരെയും സഹായിക്കാനും മുൻപന്തിയിൽ ഉണ്ടായിരുന്നു. പന്താവൂർ മഹല്ല് യു.എ.ഇ കൂട്ടായ്മയുടെ സ്ഥാപക സമിതി അംഗവും നിലവിലെ ഉപദേശക സമിതി അംഗവുമാണ്. 40 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന അബ്ദുറഹിമാൻ ഹാജിക്ക് പന്താവൂർ മഹല്ല് യു.എ.ഇ കൂട്ടായ്മയും കെ.എം.സി.സിയുടെ വിവിധ ഘടകങ്ങളും യാത്രയയപ്പ് നൽകി. ഭാര്യ: സുലൈഖ നടുവട്ടം. മക്കൾ: നജ്ല (അധ്യാപിക), നിയാസ് (അൽഐൻ), മുഹമ്മദ് നാസിഹ് (വിദ്യാർഥി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.