age is a just number
text_fieldsമൂന്ന് കുടുംബിനികളുടെ ഭാരത് സന്ദര്ശന് യാത്ര (ഡോ. സുമൈറയുടെ അജ്മാനിലെ അല്‍ സലാം ക്ലിനിക്ക്, റെജില ഹസ്സന്റെ കോഴിക്കോട്ടെ ഗ്രീന്‍ ഫിറ്റ്നസ് സെന്റര്‍, ലത്തീഫയുടെ റാസല്‍ ഖൈമയിലെ എലൈറ്റ് എക്സ്ട്രൂഷന്‍ എന്നിവയുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ന്ന AGE എന്ന ബോർഡുമായാണ് ഇവർ ഭാരത യാത്ര നടത്തിയത്)
ഇന്ത്യയുടെ ആത്മാവ് കാണാന്‍ കൊതിച്ച മൂന്ന് വനിതകള്‍. കാസര്‍ഗോഡ് സ്വദേശിനി ഡോ. സുമൈറ സൈദ് മുഹമ്മദ് (44), കൊച്ചി സ്വദേശിനി ലത്തീഫ ബാനു (54), കോഴിക്കോട് സ്വദേശിനി റെജില ഹസ്സൻ (54). ജീവിത സാഹചര്യങ്ങളെന്ന വിലങ്ങുതടിയെ മനസാന്നിധ്യവും ആത്മവിശ്വാസവും ആഗ്രഹവും കൊണ്ട് മറികടന്ന് AGE എന്ന ബോർഡുമായി ഇവരുടെ വാഹനം എത്തിയത് ഇന്ത്യയുടെ ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ്.
യാത്രയെ വല്ലാതെ പ്രണയിക്കുന്നവരാണ് മൂന്ന് പേരും. രണ്ടുപേരാകട്ടെ യു.എ.ഇയിലെ ജോലിക്കാരും. തങ്ങളുടെ മോഹത്തെ ഇനിയും നീട്ടിക്കൊണ്ട് പോകേണ്ടതില്ല എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ വിവരം പറഞ്ഞു. പൂര്‍ണ്ണ സമ്മതം. മൂന്നു പേരും ചേര്‍ന്ന് വാട്സപ്പ് ഗ്രൂപ്പുണ്ടാക്കുകയാണ് ആദ്യം ചെയ്തത്. ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന അവിശ്വസനീയമായ യാത്രക്കുള്ള പ്ലാനുകള്‍ തയാറാക്കി. യുട്യൂബില്‍ വ്ലോഗർമാരുടെ വീഡിയോകള്‍ പരതി കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കി. കോഴിക്കോട് നിന്ന് കാശ്മീര്‍ വരെ 30 ദിവസത്തെ യാത്രയാണ് പ്ലാന്‍ ചെയ്തത്. ഇതിനായി യു.എ.ഇയിലെ ജോലിയില്‍ നിന്നും അവധി ശരിയാക്കി ഡോ. സുമൈറയും ലത്തീഫയും ജൂൺ 20ന് നാട്ടിലേക്ക് തിരിച്ചു. യാത്രക്കായി ടൊയോട്ട എസ്.യു.വി തയാറാക്കിയിരുന്നു. അടുത്ത ദിവസം തന്നെ മൂവരും മാത്രമായി യാത്ര തുടങ്ങി. ഡോ. സുമൈറക്ക് നേരത്തേ നാട്ടിലെ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെങ്കിലും പരിചയക്കുറവ് ഉണ്ടായിരുന്നു. റെജില ഹസ്സനു മാത്രമാണ് നാട്ടില്‍ വാഹനമോടിച്ച പരിചയം. രണ്ട് ഡ്രൈവര്‍മാര്‍ ഉള്ള ബലത്തിലായിരുന്നു യാത്രയുടെ ഒരുക്കം. റൂട്ട് തയാറാക്കുന്നതും താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ചുമതലയും ലത്തീഫക്കായിരുന്നു. വാഹനത്തിനു മുകളില്‍ AGE എന്ന ഒരു ലോഗോയും പ്രദര്‍ശിപ്പിച്ചിരുന്നു. ഡോ. സുമൈറയുടെ അജ്മാനിലെ അല്‍ സലാം ക്ലിനിക്ക്, റെജില ഹസ്സന്റെ കോഴിക്കോട്ടെ ഗ്രീന്‍ ഫിറ്റ്നസ് സെന്റര്‍, ലത്തീഫയുടെ റാസല്‍ ഖൈമയിലെ എലൈറ്റ് എക്സ്ട്രൂഷന്‍ എന്നിവയുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ന്നതായിരുന്നു AGE. യാത്രയില്‍ പങ്കെടുത്തവര്‍ രണ്ട് പേര് മുത്തശ്ശിമാരായിരുന്നതിനാല് പ്രായം ഒന്നിനും തടസ്സമല്ല എന്നതും 'ഏജ്' എന്നത് കൊണ്ട് വ്യക്തമാക്കുകയായിരുന്നു.
യാത്രയുടെ ഓരോ ഘട്ടത്തിലും വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ഓരോ ഘട്ടം പിന്നിടുമ്പോഴും ആശ്ചര്യം വര്‍ദ്ധിക്കുകയും ആദ്യമുണ്ടായിരുന്ന ചെറിയ ഭയം ഒഴിവാകുകയുമായിരുന്നു. സുരക്ഷയുടെ ഭാഗമായി ഓരോ ദിനവും വൈകീട്ട് ആറുമണിയോട് കൂടി യാത്ര അവസാനിപ്പിച്ച് നേരത്തേ നിശ്ചയിച്ചുറപ്പിച്ച താമസ സ്ഥലത്ത് എത്തും. എത്രയോ മനോഹരമാണ് നമ്മുടെ രാജ്യത്തെ കാഴ്ചകളെന്ന് നേരത്തെ യുറോപ്പ് അടക്കമുള്ള രാജ്യങ്ങള്‍ കുടുംബ സമേതം സന്ദര്‍ശിച്ച ഡോ. സുമൈറ പറയുന്നു. കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, യു.പി, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളായ ഡൽഹി, ജമ്മു കാശ്മീര്‍, ലഡാക് എന്നിവ അടങ്ങിയതായിരുന്നു ഇവരുടെ യാത്ര. താജ്മഹൽ, ആഗ്ര ഫോർട്ട്, കുത്തബ് മിനാർ, ലോട്ടസ് ടെമ്പിൾ, ജാമിയ മസ്ജിദ് ഡൽഹി, ഗുജറാത്തിലെ സര്‍ദ്ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമ, പഴയ മഹാബലേശ്വർ (പഞ്ചഗണി) മനോഹരമായ പുരാതന ക്ഷേത്രമായ കൃഷ്ണഭായി ക്ഷേത്രം, ഗോവയിലെ ചപ്പോര കോട്ട, ലേയിലെ ആശ്രമം, ലേ കൊട്ടാരം, നുബ്ര താഴ്വര, പാകിസ്ഥാൻ, ഇന്ത്യ എന്നീ രണ്ട് രാജ്യങ്ങളുടെ വാഗ അതിര്‍ത്തി കാഴ്ച്ചകള്‍, ചെങ്കോട്ട, ഗാന്ധി ആശ്രമം, ഇന്ദിരാഗാന്ധി സ്മാരകം, ഇന്ത്യാ ഗേറ്റ്, മുംബൈ - വിക്ടോറിയ സ്റ്റേഷൻ, നരിമാൻ പോയിന്റ്, ഗേറ്റ് വേ ഓഫ് ഇന്ത്യ, ഏറ്റവും നീളം കൂടിയ തുരങ്കമായ ശ്യാമപ്രസാദ് മുഖർജി തുരങ്കം, സുവർണ്ണ ക്ഷേത്രം, ഗുജറാത്തിലെ അഹമ്മദാബാദിലെ മനോഹരമായ പടി കിണറുകൾ, വാസ്തുവിദ്യയുടെ ഉന്നതിയിലുള്ള അതിമനോഹരമായ ബായ് ഹരിർ വാവ്, ലോകത്തിലെ ഏറ്റവും തണുപ്പുള്ള രണ്ടാമത്തെ ജനവാസ സ്ഥലമായ ഡ്രാസ്, കാർഗിൽ യുദ്ധ സ്മാരകം, സ്കൂളുകളിലും സർവകലാശാലകളിലും ജോലി ചെയ്യുന്ന വളരെ മിടുക്കരായ പെൺകുട്ടികളുള്ള കാര്‍ഗില്‍, ഉഡുപ്പിയിലെ മുർദേശ്വര ക്ഷേത്രം, ഗുരുദ്വാരകൾ, ജൈന ക്ഷേത്രങ്ങൾ, പള്ളികൾ, ബുദ്ധമത ആശ്രമങ്ങൾ തുടങ്ങി അത്ഭുതവും ആശ്ചര്യവും പകര്‍ന്നു നല്കിയ യാത്ര. ഏറ്റവും ഉയർന്ന യാത്രാ കേന്ദ്രമായ ഖാർദുങ്ല പാസ് മറക്കാനാകാത്ത കാഴ്ചകളാണ് സമ്മാനിച്ചത്. വടക്കന്‍ സംസ്ഥാനങ്ങളിലെ മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രാർത്ഥനാ സൗകര്യങ്ങൾ ഇല്ലായിരുന്നെങ്കിലും അവർ ചെറിയ സ്ഥലങ്ങൾ ക്രമീകരിച്ചു തന്നിരുന്നതായി ഇവര്‍ നന്ദിയോടെ സ്മരിക്കുന്നു. വിസ്മരിക്കാന്‍ കഴിയാത്ത നിരവധി അനുഭവങ്ങള്‍ സമ്മാനിച്ച യാത്രയായിരുന്നു ഇതെന്ന് ഡോ. സുമൈറ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതാവിന് കാശ്മീര്‍ സന്ദര്‍ശിക്കണമെന്ന മോഹം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞ കഥകള്‍ കേട്ട് വളര്‍ന്നതാകാം തന്നിലും യാത്രാ കമ്പം കൂടാന്‍ കാരണമെന്ന് സുമൈറ. വിസ്മയക്കാഴ്ച്ചകളും യാത്രകളും പിന്നിട്ട് ജൂലൈ 20നു കശ്മീരിലെ ലഡാക്കില്‍ ഡോ. സുമൈറയും ലത്തീഫയും ഉദ്യമം അവസാനിപ്പിച്ചു. കാശ്മീരിലെ റിംപോച്ചെ എയർപോർട്ടിൽനിന്ന് ഡൽഹി വിമാനത്താവളം വഴി യു.എ.ഇയിലേക്ക് തിരിച്ചു പോന്നു. നാട്ടില്‍ നിന്നും വിമാനം വഴി കാശ്മീരിലെത്തിയ മകനോടൊപ്പം റെജില ഹസ്സൻ അതേ കാറില്‍ തന്നെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.