എ.ഐ മുന്നേറ്റം: ഇന്ത്യക്കാർക്ക് തിരിച്ചടി?
text_fieldsദുബൈ: ആഗോള തലത്തിൽ നിർമിതബുദ്ധിയുടെ (എ.ഐ) ഉപയോഗം വർധിച്ചത് ഇന്ത്യയിലെ തൊഴിൽ സാധ്യതയെ കാര്യമായി ബാധിക്കുമെന്ന് റിപ്പോർട്ട്. ഭൂട്ടാൻ, പാകിസ്താൻ, അംഗോള, അർമീനിയ എന്നിവയാണ് ഭീഷണി നേരിടുന്ന പട്ടികയിലുള്ള മറ്റു രാജ്യങ്ങൾ. പശ്ചിമേഷ്യയിൽ ഇറാൻ, ജോർഡൻ, ഈജിപ്ത് എന്നീ രാജ്യങ്ങളെയും എ.ഐയുടെ വർധിച്ച ഉപയോഗം നേരിട്ട് ബാധിക്കും.
അന്താരാഷ്ട്ര തൊഴിൽ സംഘടന തയാറാക്കിയ ഇതുസംബന്ധിച്ച റിപ്പോർട്ട് ഓൺലൈൻ വാർത്ത ചാനലായ ‘ബിസ്റിപ്പോർട്ട്’ ആണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. സിംഗപ്പൂർ, പാനമ, സ്ലോവാക്യ, ബോട്സ്വാന, ട്രിനിഡാഡ്-ടുബേഗോ എന്നീ രാജ്യങ്ങളെ എ.ഐയുടെ വരവ് കാര്യമായി ബാധിക്കില്ലെന്നും റിപ്പോർട്ട് പറയുന്നു.
യു.എ.ഇയിലെയും മറ്റ് ജി.സി.സിയിലെയും സ്ഥാപനങ്ങളിൽ ഏറെയും എ.ഐയുടെ ഉപയോഗം കാര്യമായി വർധിപ്പിച്ചിട്ടുണ്ട്. എൻഡ്-ടു-എൻഡ് വിസിബിലിറ്റിയും ഓട്ടോമേഷനും വാഗ്ദാനം ചെയ്യുന്ന സൊലൂഷനുകൾക്കാണ് ഏറ്റവും കൂടുതൽ ഡിമാൻഡുള്ളത്.
അതേസമയം, എ.ഐ മുന്നേറ്റം 300 ദശലക്ഷം തൊഴിലാളികളെ തൊഴിൽരഹിതരാക്കുമെന്നാണ് യു.എസ് ബാങ്കായ ഗോൾഡ്മാൻ സാചിന്റെ പ്രവചനം. എന്നാൽ, ആഗോള തലത്തിൽ 64 ശതമാനം തൊഴിലും എ.ഐയുടെ വരവോടെ ഭീഷണിയിലാണെന്ന് ‘ബിസ്റിപ്പോർട്ട്’ പ്രവചിക്കുന്നു. ജനസംഖ്യ കൂടുതലുള്ള ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളാണ് ഭീഷണിയിൽ മുന്നിൽ.
നിർമിതബുദ്ധിയുടെ ഉപയോഗം വർധിപ്പിച്ചതിലൂടെ 60,000 മണിക്കൂർ മനുഷ്യ തൊഴിൽശക്തി ലാഭിക്കാനായതായി സൗദി അറേബ്യയിലെ അൽ ജാസി ബാങ്കും സാക്ഷ്യപ്പെടുത്തുന്നു.
ഈ സാഹചര്യം നേരിടണമെങ്കിൽ ആധുനിക കാലത്തെ സാങ്കേതിക വിദ്യകളുടെ വരവോടെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പുതിയ ജോലികൾക്കായി തങ്ങളുടെ തൊഴിൽ നൈപുണ്യം ഈ രാജ്യങ്ങൾ വർധിപ്പിക്കുകയാണ് മാർഗമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.