ഭവന പദ്ധതികൾ നിരീക്ഷിക്കാൻ എ.ഐയും ഡ്രോണും
text_fieldsദുബൈ: താമസ, ഭവന പദ്ധതികളുടെ നിരീക്ഷണത്തിന് നവീന സാങ്കേതികവിദ്യകൾ ഉപയോഗിക്കുമെന്ന് ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റ്. ഡ്രോണുകളും നിർമിത ബുദ്ധിയും അടക്കമുള്ള സംവിധാനങ്ങളാണ് നിർമാണത്തിന്റെ കൃത്യത, സമയനിഷ്ട, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പരിശോധിക്കാനായി ഉപയോഗിക്കുന്നത്.
ഡ്രോൺ സാങ്കേതികവിദ്യയുടെ ഉപയോഗം നിരീക്ഷണത്തിനപ്പുറം വീടുകളുടെയും ആസ്തികളുടെയും അറ്റകുറ്റപ്പണികൾ ഉറപ്പാക്കാനും സഹായിക്കും. വെള്ളത്തിന്റെ ചോർച്ച, ഇൻസുലേഷൻ തകരാറുകൾ എന്നിവ ഉൾപ്പെടെയുള്ള നഗ്ന നേത്രങ്ങൾക്ക് ദൃശ്യമാകാത്ത നാശനഷ്ടങ്ങൾ കൃത്യതയോടെ കണ്ടെത്താനും ഡ്രോണുകൾക്ക് കഴിയും.
നൂതനവും ഉയർന്ന റെസല്യൂഷനുള്ളതുമായ ഇമേജിങ് സാങ്കേതികവിദ്യകളും നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ഇമേജ്, ഡേറ്റ വിശകലനവും ഉപയോഗിച്ച് കൃത്യമായ അനുമാനങ്ങളിലെത്താൻ ഇത് സഹായിക്കും. പദ്ധതി സുരക്ഷിതവും സുസ്ഥിരവുമായ ജീവിത അന്തരീക്ഷം ഉറപ്പാക്കുന്നതോടൊപ്പം സമയവും അധ്വാനവും ലാഭിക്കാനും സഹായിക്കുമെന്ന് വകുപ്പ് വിശദീകരിച്ചു.
തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും എമിറേറ്റിലെ ഭവന സംവിധാനം മികവുറ്റതാക്കുന്നതിനും സാങ്കേതികവിദ്യ സഹായിക്കുമെന്ന് ഉറപ്പാണെന്ന് എൻജിനീയറിങ് പ്രോജക്ട്സ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ അബ്ദുല്ല അൽ ശെഹി പറഞ്ഞു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസരിച്ച് രൂപകൽപന ചെയ്ത ഡ്രോൺ, നിർമിത ബുദ്ധി രീതികൾ ലഭ്യമാക്കുന്നത് ഉറപ്പാക്കാൻ പ്രമുഖ ആഗോള കമ്പനികളുമായി സഹകരിക്കുമെന്നും അതോറിറ്റി അറിയിച്ചു. ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കാനും പ്രോജക്ട് ഡേറ്റ ഫലപ്രദമായി വിശകലനം ചെയ്യാനും പ്രാപ്തരായ ഓപറേറ്റർമാരെ അതോറിറ്റി പരിശീലിപ്പിച്ചിട്ടുണ്ട്.
ദുബൈയിലെ യു.എ.ഇ പൗരന്മാർക്ക് താമസ, ഭവന സംബന്ധിയായ സേവനങ്ങൾ നൽകുന്നതിന് ചുമതലയുള്ള സർക്കാർ സ്ഥാപനമാണ് മുഹമ്മദ് ബിൻ റാശിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റ്. റെസിഡൻഷ്യൽ പ്ലോട്ടുകൾ അനുവദിക്കുക, വീടുകൾ വിതരണം ചെയ്യുക, നിലവിലുള്ള വസ്തുവകകൾ പരിപാലിക്കുകയും വിപുലീകരിക്കുകയും ചെയ്യുക എന്നിവ ഇതിന്റെ സേവനങ്ങളിൽ ഉൾപ്പെടും. സർക്കാർ നയങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി ഭവന വായ്പയും സ്ഥാപനം നൽകിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.