ബീച്ചുകളിൽ നിരീക്ഷണത്തിനായി നിർമിത ബുദ്ധി കാമറകൾ
text_fieldsദുബൈ: രാജ്യത്തുടനീളമുള്ള ബീച്ചുകളിൽ നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നു. ലൈഫ് ഗാർഡുകൾക്ക് ബീച്ചിലെത്തുന്നവരെ നിരീക്ഷിക്കുന്നതിനും നീന്തലിനിടെയുണ്ടാകുന്ന അപകടങ്ങൾ തിരിച്ചറിയാനും പുതിയ കാമറകൾ സഹായകമാവും. വാട്ടർ സേഫ്റ്റി ആൻഡ് ഫസ്റ്റ് എയ്ഡ് കമ്പനിയായ ബ്ലൂഗാർഡാണ് കാമറകൾ സ്ഥാപിക്കുന്നത്. ഇത്തരം സാങ്കേതിക വിദ്യകളോടെയുള്ള നിരീക്ഷണ കാമറകൾ നിർമിക്കുന്ന കമ്പനിയുമായി ബ്ലൂഗാർഡ് ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ കാമറ സ്ഥാപിക്കുമെന്ന് ബ്ലൂഗാർഡിലെ വിദഗ്ധർ അറിയിച്ചു.
തിരക്കേറിയ സമയങ്ങളിൽ യു.എ.ഇയിലെ ബീച്ചുകളിൽ നൂറിലധികം പേരാണ് നീന്താനിറങ്ങുന്നത്. ഇവർക്കായി പലപ്പോഴും ഒരു ലൈഫ് ഗാർഡായിരിക്കും ഉണ്ടാവുകയെന്ന് ബ്ലൂഗാർഡ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ലൂക് കണ്ണിങ്ഹാം പറഞ്ഞു. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് എത്ര പേർ കടലിൽ കുളിക്കുന്നുണ്ടെന്ന് കൃത്യമായി കണ്ടെത്താനാവും. കടലിൽ നീന്തുന്നവരിൽ ആർക്കെങ്കിലും പ്രയാസം നേരിട്ടാൽ കാമറ ഇത് ഒപ്പിയെടുത്ത് ലൈഫ് ഗാർഡിന് കൈമാറും. ഇതുവഴി ലൈഫ് ഗാർഡുകൾക്ക് അപകടത്തിൽപെട്ടവരെ വേഗത്തിൽ രക്ഷപ്പെടുത്താൻ സാധിക്കും. ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ജൂലൈ 25 മുങ്ങിമരണ തടയൽ ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനമെന്നും ലൂക്ക് പറഞ്ഞു.
യു.എ.ഇയിൽ എത്തുന്ന വിനോദ സഞ്ചാരികളുടെയും നിവാസികളുടെയും വേനൽക്കാലത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ബീച്ചുകൾ. വാരാന്ത്യങ്ങളിലും ഒഴിവുദിനങ്ങളിലും ബീച്ചുകളിൽ സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ദുബൈ ഉൾപ്പെടെ മിക്ക എമിറേറ്റുകളിലും ബീച്ചുകളിൽ രാത്രികാലങ്ങളിൽ കടലിൽ കുളിക്കാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.