യു.എ.ഇയിൽ സുരക്ഷ ശക്തമാക്കാൻ എ.ഐ കാമറകള്‍
text_fieldsറാസല്‍ഖൈമ: റോഡ് സുരക്ഷ ഉറപ്പു വരുത്താന്‍ റാസല്‍ഖൈമയില്‍ ഇനി അതിനൂതന നിർമിതബുദ്ധി സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന നിരീക്ഷണ കാമറകള്‍. അതത് സമയങ്ങളിലെ വിവരങ്ങൾ ലഭ്യമാക്കി ഗതാഗതം നിയന്ത്രിക്കാൻ സഹായിക്കുന്നതിനൊപ്പം കുറ്റകൃത്യങ്ങൾ പ്രവചിക്കാനും തടയാനും സംവിധാനം ഉപകാരപ്പെടും.
സ്മാര്‍ട്ട് സെക്യൂരിറ്റി മോണിറ്ററിങ്ങിന്റെ ഭാഗമായ റാസല്‍ഖൈമയുടെ ‘സേഫ് സിറ്റി’ പദ്ധതിയെ പിന്തുണക്കുന്നതാണ് എ.ഐ കാമറകളെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി പറഞ്ഞു. കൃത്യമായ വിവരങ്ങള്‍ നേടുന്നതിനും ശരിയായ തീരുമാനമെടുക്കുന്നതിനും ഇത് അന്വേഷണ സംഘത്തെ സഹായിക്കും. റോഡ് അപകടങ്ങള്‍ നിയന്ത്രിക്കുന്നതും ഗതാഗത സുരക്ഷയുടെ നിലവാരം വിലയിരുത്തി വിശകലനം ചെയ്യാനുതകുന്നതുമാണ് പുതിയ നിരീക്ഷണ സംവിധാനം.
അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് അധികൃതർ എത്തിച്ചേരുന്നത് ഇരട്ടി വേഗത്തിലാക്കുന്നതിനും ഇത് സഹായിക്കും. ട്രാഫിക് -ക്രിമിനല്‍ ഡേറ്റകളില്‍ തുടര്‍ച്ചയായ വിശകലനം, പ്രശ്നബാധിത പ്രദേശങ്ങളുടെ നിരീക്ഷണം തുടങ്ങിയവ എമിറേറ്റിന് സമ്പൂര്‍ണ സുരക്ഷ കവചം തീര്‍ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
റോഡ് സുരക്ഷയും സാമൂഹിക സുരക്ഷയും മെച്ചപ്പെടുത്തുന്നതിനുള്ള റാസൽഖൈമ പൊലീസിന്റെ ശ്രമങ്ങളുടെ പ്രധാന ഘടകമാണ് ‘സേഫ് സിറ്റി’ പദ്ധതി. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറക്കാനും പൊതുസുരക്ഷ വർധിപ്പിക്കാനും താമസക്കാർക്കിടയിൽ മൊത്തത്തിലുള്ള സംതൃപ്തി വർധിപ്പിക്കാനുമാണ് സംവിധാനം ലക്ഷ്യമിടുന്നത്.
എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കിക്കൊണ്ട് റാസൽഖൈമ നിവാസികളുടെ സുരക്ഷക്കും ക്ഷേമത്തിനും പുതിയ എ.ഐ കാമറകൾ മികച്ച സംഭാവന നൽകുമെന്ന് മേജർ ജനറൽ അൽ നുഐമി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.