അതിർത്തിയിൽ നിർമിതബുദ്ധി: ഒമാൻ - യു.എ.ഇ യാത്ര എളുപ്പമാകും
text_fieldsഅബൂദബി: നിർമിത ബുദ്ധി (എ.ഐ) ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചതോടെ അബൂദബി എമിറേറ്റിലെ ലാൻഡ് കസ്റ്റംസ് സെന്ററുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും അതിവേഗത്തിലുമാകുമെന്ന് കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഒമാനിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം അതിവേഗത്തിലാക്കാൻ ഇതുവഴി സാധിക്കും. അൽഐൻ സിറ്റിയിലെ കസ്റ്റംസ് കേന്ദ്രങ്ങളിൽ നിർമിത ബുദ്ധിയുടെയും അതിവേഗ നോൺസ്റ്റോപ് സ്കാനിങ് സാങ്കേതികവിദ്യകളുടെയും പിന്തുണയോടെ പ്രവർത്തിക്കുന്ന അധ്യാധുനിക പരിശോധന ഉപകരണങ്ങൾ ലഭ്യമാക്കുന്ന പദ്ധതി അബൂദബി കസ്റ്റംസ് പൂർത്തിയാക്കിക്കഴിഞ്ഞു.
യു.എ.ഇക്കും ഒമാനും ഇടയിൽ അതിർത്തി പങ്കിടുന്ന ഖതം അൽ ശിക്ല, മെസ് യാദ് കസ്റ്റംസം കേന്ദ്രങ്ങളിൽ ലോകത്തെ ഏറ്റവും മികച്ച എക്സ്റേ സ്കാനിങ് ഉപകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.
ഇതിനു പുറമെ പരിശോധന ഉപകരണങ്ങൾക്കുവേണ്ടിയുള്ള രണ്ട് സെൻട്രൽ കൺട്രോൾ, ഓപറേഷൻ റൂമുകളും ആരംഭിച്ചിട്ടുണ്ട്. കസ്റ്റംസ് പോർട്ടുകളിലൂടെയുള്ള പോക്കുവരവ് സുഗമവും വേഗത്തിലും ആക്കുന്നതിനുവേണ്ടിയാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കംകുറിച്ചത്.
റാപിഡ് നോൺ സ്റ്റോപ് സ്കാനിങ് സാങ്കേതികവിദ്യക്ക് മണിക്കൂറിൽ 100 ലോറികളും 150 ടൂറിസ്റ്റ് വാഹനങ്ങളും 150 ബസുകളും പരിശോധിക്കാൻ ശേഷിയുണ്ട്. യു.എ.ഇയിലാദ്യമായാണ് പരിശോധന ഉപകരണങ്ങളിൽ ഇത്തരം നവീന പ്രവർത്തന സംവിധാനം ഏർപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.