വിമാനത്തിനകം വൃത്തിയാക്കാൻ എ.ഐ റോബോട്ട്
text_fieldsഎമിറേറ്റ് എയർലൈൻ ആസ്ഥാനത്ത് നടന്ന പ്രദർശനത്തിലാണ് നൂതന റോബോട്ടുകളെ അവതരിപ്പിച്ചത്
ദുബൈ: വിമാനത്തിനകം വൃത്തിയാക്കാൻ നൂതന സാങ്കേതിക വിദ്യകളുമായി നിർമിത ബുദ്ധി (എ.ഐ) റോബോട്ടുകൾ ഉപയോഗിക്കും. വിമാനത്തിലെ സീറ്റുകൾ വൃത്തിയാക്കാനും അണുമുക്തമാക്കാനും കഴിയുന്ന റോബോട്ടുകളാണ് വികസിപ്പിച്ചത്. എമിറേറ്റ് എയർലൈൻ ആസ്ഥാനത്ത് വ്യാഴാഴ്ച നടന്ന നൂതന സാങ്കേതിക വിദ്യ പ്രദർശനത്തിലാണ് നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ക്ലീനിങ് റോബോട്ടുകളെ അവതരിപ്പിച്ചത്. 90 ഡിഗ്രിയിൽ തിരിയാൻ സാധിക്കുന്ന കൈകളോടുകൂടിയ റോബോട്ടുകൾക്ക് വിവിധ ഭാഗങ്ങളിൽ വൃത്തിയാക്കാൻ കഴിയും. കൂടാതെ യാത്രക്കാർ വിമാനത്തിൽ ഉപയോഗിക്കുന്ന ഭക്ഷണത്തിന്റെ ട്രേകൾ നീക്കം ചെയ്യാനും സാധിക്കും. യാത്രക്കാരുടെ സീറ്റുകളുടെ പോക്കറ്റുകളിൽ എന്തെങ്കിലും എടുക്കാൻ വിട്ടുപോയോ എന്ന് പരിശോധിക്കാനും എ.ഐ റോബോട്ടുകളെ ഉപയോഗിക്കാം.
ഇതുവഴി യാത്രക്കാർ മറന്നുവെച്ച വസ്തുക്കൾ യഥാർഥ ഉടമകൾക്ക് തിരിച്ചേൽപിക്കാൻ കഴിയും. കൂടാതെ പരിശോധനയുടെ ദൃശ്യങ്ങൾ റോബോട്ടുകളുടെ കൈകളിലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പകർത്തുന്നതിനാൽ ഓപറേറ്റർമാർക്ക് ആവശ്യമായ ഇടപെടൽ വേഗത്തിൽ നടത്താനാകും. അവസാന വട്ട നിരീക്ഷണങ്ങളും പരീക്ഷണങ്ങളും പൂർത്തിയാക്കി വൈകാതെ ഇവ വിമാനങ്ങളിൽ ഉപയോഗിക്കാൻ കഴിയുമെന്ന് എമിറേറ്റ് ഗ്രൂപ്പിന്റെ ടെക്നോളജി ഫ്യൂച്ചേഴ്സ് ആൻഡ് ഇന്നൊവേഷൻ വൈസ് പ്രസിഡന്റ് കീനൻ ഹംസ പറഞ്ഞു. അതോടൊപ്പം വിമാനത്തിലെ യാത്രക്കാർക്ക് കാഷോ കാർഡോ ഉപയോഗിക്കാതെ മുഖം തിരിച്ചറിഞ്ഞ് പണമിടപാട് നടത്താൻ കഴിയുന്ന ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യയും പ്രദർശനത്തിൽ അവതരിപ്പിച്ചിരുന്നു. ഇതുൾപ്പെടെ 30ലധികം സാങ്കേതിക വിദ്യകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.