പൊലീസിന് എ.ഐ വാഹനം; വിസയില്ലാത്തവരും കുറ്റവാളികളും കുടുങ്ങും
text_fieldsദുബൈ: ലോകത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളിലൊന്നായ ദുബൈയിലെ പൊലീസ് സേനയുടെ പട്രോളിങ് വാഹന നിരയിലേക്ക് നിർമിത ബുദ്ധി സംവിധാനവും. സ്വയം നിയന്ത്രിത, നിർമിത ബുദ്ധി സാങ്കേതികവിദ്യയിൽ സംവിധാനിച്ച വാഹനമാണ് ഇതിനായി രൂപപ്പെടുത്തിയിട്ടുള്ളത്.
വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവരെക്കുറിച്ചും രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങളെ കുറിച്ചും വിവരങ്ങൾ ശേഖരിച്ച് നൽകാനും അധികൃതർക്ക് അറിയിപ്പ് നൽകാനും ഇതുപകരിക്കും. എം.ഒ 2 എന്ന് പേരിട്ട വാഹനം തുടർച്ചയായി 16 മണിക്കൂർ വരെ പ്രവർത്തിക്കും.സംവിധാനം എന്നുമുതലാണ് നടപ്പിലാക്കുകയെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, വൈകാതെയുണ്ടാകുമെന്ന് പൊലീസ് വൃത്തങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
നഗരത്തിലെ വിവിധ മേഖലകളിലൂടെ വാഹനം സഞ്ചരിച്ച് വ്യക്തികളുടെ മുഖവും വാഹനങ്ങളുടെ നമ്പർ പ്ലേറ്റും സ്കാൻ ചെയ്താണ് വിവരങ്ങൾ ശേഖരിക്കുക. രാജ്യത്ത് നിയമ വിരുദ്ധമായി താമസിക്കുന്നവരെയും ഇതുവഴി കണ്ടെത്താൻ സാധിക്കും. വാഹനം ശേഖരിക്കുന്ന വിവരങ്ങൾ പൊലീസ് സംവിധാനത്തിൽ ലഭിക്കുകയും അധികൃതർ ഇതിനനുസരിച്ച് നടപടികളെടുക്കുകയും ചെയ്യും. ദുബൈ എയർഷോയിൽ ഒരുക്കിയ ദുബൈ പൊലീസിന്റെ സ്റ്റാളിലാണ് സംവിധാനം പരിചയപ്പെടുത്തിയിരിക്കുന്നത്. നിരീക്ഷണവും വിവരങ്ങൾ ശേഖരിക്കലുമാണ് വാഹനത്തിന്റെ ഉപയോഗത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
360 ഡിഗ്രി കാമറയാണ് വാഹനത്തിൽ സജ്ജീകരിക്കുന്നത്. ഇതുവഴി കടന്നുപോകുന്ന ചുറ്റുപാടിലെ എല്ലാ ഭാഗങ്ങളിലെയും വിവരങ്ങൾ ശേഖരിക്കാൻ സാധിക്കും.സംശയാസ്പദമായ സാഹചര്യങ്ങളിൽ കാണപ്പെടുന്ന വസ്തുക്കളെ പരിശോധിക്കാൻ മോഷൻ ഡിറ്റക്റ്ററും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടുതൽ പൊലീസ് സേനയുടെ ആവശ്യമുള്ള പ്രദേശങ്ങളെയും സ്ഥലങ്ങളെയും കുറിച്ചും വിവരങ്ങൾ നൽകാൻ ഇതിന് സാധിക്കും.
മൈക്രോപോളിസ് റോബോട്ടിക്സ് എന്ന കമ്പനിയുമായി സഹകരിച്ചാണ് വാഹനം നിർമിച്ചത്. യു.എ.ഇയിൽ തന്നെ വികസിച്ച സംവിധാനം ദുബൈ എയർ ഷോയിൽ എത്തിയ വിദേശ സന്ദർശകരെ അടക്കം ആകർഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.