ഇസ്രയേലികൾ തീയിട്ട ഫലസ്തീൻ നഗരത്തിന് യു.എ.ഇയുടെ 30 ലക്ഷം ഡോളർ സഹായം
text_fieldsഅബൂദബി: കഴിഞ്ഞ മാസം ഇസ്രയേൽ കുടിയേറ്റക്കാർ അതിക്രമിച്ചുകയറി അഗ്നിക്കിരയാക്കിയ ഫലസ്തീൻ നഗരത്തിന്‍റെ പുനർനിർമാണത്തിന് യു.എ.ഇയുടെ 30 ലക്ഷം ഡോളർ സഹായം. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് സഹായധനം പ്രഖ്യാപിച്ചത്.
ഹുവാര ഗ്രാമത്തിൽ അതിക്രമത്തിനിരയാവർക്കും നാശനഷ്ടങ്ങൾ നേരിട്ടവർക്കുമാണ് സഹായം ലഭിക്കുകയെന്നും വാർത്താ എജൻസി റിപ്പോർട്ട് ചെയ്തു. ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനുള്ള യു.എ.ഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി പ്രഖ്യാപിച്ചത്.
ഇമാറാത്തി-ഫലസ്തീൻ ഫ്രണ്ട്ഷിപ്പ് ക്ലബ്ബിന്‍റെ സഹകരണത്തോടെ അബുദാബിയിലെ മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പാണ് ഈ സംരംഭം നടപ്പിലാക്കുക. ഫണ്ട് വിതരണത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഹുവാര മേയർ മുയീൻ ദമൈദി ഉൾപ്പെട്ട ഫലസ്തീൻ പ്രതിനിധി സംഘവുമായി അധികൃതർ യോഗം ചേർന്നു.
പ്രതിനിധി സംഘം യു.എ.ഇ സന്ദർശനത്തിന് എത്തിച്ചേർന്നപ്പോഴാണ് കൂടിക്കാഴ്ച നടന്നത്. ഫലസ്തീനും അവിടുത്തെ ജനങ്ങൾക്കുമുള്ള യു.എ.ഇയുടെ അചഞ്ചലമായ പിന്തുണയുടെ തെളിവാണ് സംഭാവനയെന്ന് യു.എ.ഇ പ്രസിഡൻറിന്‍റെ നയതന്ത്ര ഉപദേശഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.