മഴ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ക്ലൗഡ് സീഡിങ് ക്യാമ്പ്
text_fieldsദുബൈ: രാജ്യത്തുടനീളം മഴ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് യു.എ.ഇയിൽ ഒരു മാസത്തെ ക്ലൗഡ് സീഡിങ് കാമ്പെയ്ൻ ആരംഭിക്കുന്നു. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും (എൻ.സി.എം) യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാലാവസ്ഥ ഗവേഷണ വിദഗ്ധരായ സ്ട്രാട്ടൺ പാർക്ക് എൻജിനീയറിങ് കമ്പനിയും സംയുക്തമായാണ് പരീക്ഷണങ്ങൾ നടത്തുക.
മഴ വർധിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങൾക്ക് വേണ്ടിയുള്ള ക്ലൗഡ്-എയറോസോൾ-ഇലക്ട്രിക്കൽ ഇന്ററാക്ഷൻസായ ക്ലൗഡിക്സ് സംരംഭം രാജ്യത്തെ വിവിധ ക്ലൗഡ് സീഡിങ് രീതികളുടെ കാര്യക്ഷമത എത്രത്തോളമുണ്ടെന്ന് വിലയിരുത്തും.
എൻ.സി.എം ക്ലൗഡ് സീഡിങ് എയർക്രാഫ്റ്റും സ്വകാര്യ കമ്പനിയായ സ്പെകിന്റെ ലിയർജെറ്റും ചേർന്ന് അത്യാധുനികമായ ഉപകരണങ്ങളും സെന്‍സറുകളും ഉപയോഗിച്ച് സുപ്രധാനമായ കാലാവസ്ഥ വിവരങ്ങൾ ശേഖരിക്കും.
തുടർന്ന് ഇലക്ട്രിക് ചാർജുകൾ ഉപയോഗിച്ചും അല്ലാതെയും ഉപയോഗിക്കുന്ന വ്യത്യസ്തങ്ങളായ ക്ലൗഡ് സീഡിങ് ഉപകരണങ്ങളുടെ പ്രകടനം എത്രത്തോളമുണ്ടെന്ന് ഒരു സംഘം ഗവേഷകരും പൈലറ്റുമാരും സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും എൻ.സി.എം പറഞ്ഞു.
അൽ ഐനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ ആഴ്ച ആരംഭിക്കുന്ന പരീക്ഷണം സെപ്റ്റംബർ അവസാനം വരെ നീണ്ടുനിൽക്കും.
എമിറേറ്റിലെ വ്യോമാതിർത്തികളും ഒമാനിന്റെ ചില ഭാഗങ്ങളും പരീക്ഷണത്തിൽ ഉൾപ്പെടും. ക്ലൗഡിങ് സീഡിങ് ദൗത്യങ്ങളെ ഇലക്ട്രിക് ചാർജുകൾ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന പരീക്ഷണത്തിനായി യു.എ.ഇ റിസർച് പ്രോഗ്രാം ഫോർ റെയിൽ എൻഹാൻസ്മെന്റിൽ സ്പെകിന് നേരത്തേ സാമ്പത്തികസഹായം അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.