എയർബസിന് ലോട്ടറിയടിച്ചു; വിട്ടുകൊടുക്കാതെ ബോയിങ്
text_fieldsദുബൈ: എയർഷോയുടെ തുടക്കം മുതൽ ബോയിങിെൻറ പ്രഭാവത്തിൽ ചിറക് തളർന്നിരുന്ന എയർ ബസിന് ബുധനാഴ്ച നല്ല ദിവസമായിരുന്നു. അപ്രതീക്ഷിതമായി അവർക്ക് കിട്ടിയത് 430 വിമാനങ്ങൾക്കുള്ള ഒാഡറാണ്. ഏകദേശം 49.5 ബില്ല്യൺ ഡോളറിെൻറ കരാറാണ് ഇത്. ഒറ്റത്തവണ ഇത്രയേറെ വിമാനങ്ങൾക്ക് ആവശ്യം ഉണ്ടാകുന്നത് വ്യോമയാന ചരിത്രത്തിൽ തന്നെ അപൂർവമാണ്. അമേരിക്ക ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ ഇൻഡിഗോ പാർട്നേഴ്സ് ആണ് ഇത്രയും വിമാനങ്ങൾ വാങ്ങുന്നത്. ആദ്യദിവസം 15.1 ബില്ല്യൺ ഡോളറിെൻറ കരാറിൽ ഏർപ്പെട്ട ബോയിങിന് ബുധനാഴ്ച 225 വിമാനങ്ങൾക്കുള്ള ഒാഡർ കൂടി കിട്ടി. 737 മാക്സ് ടൈപ്പ് വിമാനങ്ങൾ വാങ്ങാൻ ഫ്ലൈദുബൈ ആണ് 27 ബില്ല്യൺ ഡോളറിെൻറ ഇൗ ഇടപാട് ഉറപ്പിച്ചത്.
ഇവയടക്കം 76.5 ബില്ല്യൺ ഡോളറിെൻറ കച്ചവടമാണ് എയർഷോയുടെ മൂന്നാംദിവസം നടന്നത്. ഇൻഡിഗോയുടെ ഒാർഡറിൽ പുതിയ എഞ്ചിനുമായി എത്തുന്ന 273 എ320 നിയോകളും 157 എ321 നിയോകളുമാണ് ഉള്ളത്. ഇൻഡിഗോ പാർട്നേഴ്സിന് കീഴിലെ വിവിധ ബജറ്റ് വിമാനക്കമ്പനികൾക്ക് വേണ്ടിയാണ് ഇത്രയും വലിയ കരാർ നൽകിയിരിക്കുന്നത്. ഹങ്കറിയിലെ വിസ് എയർ, അമേരിക്കയിലെ ഫ്രണ്ടിയർ എയർലൈൻസ്, മെക്സിക്കോയിലെ വോളാരിസ് എന്നിവക്കും മൂന്നര മാസം മാത്രം പ്രായമുള്ള ചിലിയിലെ ജറ്റ്സ്മാർട്ടിനും ഇൗ വിമാനങ്ങൾ നൽകും.
ഫ്ലൈദുബൈയുടെ എട്ട് വർഷത്തെ ചരിത്രത്തിൽ മൂന്നാമത്തെ ഒാർഡറാണ് ബുധനാഴ്ച നൽകിയിരിക്കുന്നത്. ഇതോടെ അവർക്ക് ലഭിക്കാനുള്ള വിമാനങ്ങളുടെ എണ്ണം 320 ആയി. 2019 മുതൽ വിമാനങ്ങൾ കിട്ടിത്തുടങ്ങും. 2008ലും 2013 ലും ഇവർ പുതിയ വിമാനങ്ങൾക്ക് കാർ നൽകിയിരുന്നു. ഇൗ വർഷം അവസാനത്തോടെ അടുത്ത തലമുറയിൽപെട്ട 61 ബോയിങ് 737-800 വിമാനങ്ങളും 737 മാക്സ് എട്ട് വിമാനങ്ങളും സ്വന്തമാകും. 2023 ഒാടെ 70 വിമാനങ്ങളുംഎത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.