വിമാന നിരക്ക് കുത്തനെ കൂടുന്നു
text_fieldsഷാർജ: ശൈത്യകാല അവധിയും ക്രിസ്മസും മുന്നിൽക്കണ്ട് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാനയാത്ര നിരക്ക് അനിയന്ത്രിതമായി വർധിപ്പിക്കുന്നു. തിരക്ക് കുറഞ്ഞ സമയങ്ങളിലെ നിരക്കിനേക്കാൾ രണ്ടും മൂന്നും ഇരട്ടിയായി വർധിപ്പിച്ചിരിക്കുകയാണ് വിമാനക്കമ്പനികൾ. യു.എ.ഇയിൽ വിദ്യാലയങ്ങൾക്ക് ശൈത്യകാല അവധി ആരംഭിക്കുന്നത് ഡിസംബർ ഒമ്പത് മുതലാണ്. 2024 ജനുവരി രണ്ടിന് ശൈത്യകാല അവധിക്കുശേഷം വിദ്യാലയങ്ങൾ പ്രവർത്തനം പുനരാരംഭിക്കും.
യു.എ.ഇയിലെതന്നെ ചില വിദ്യാലയങ്ങളിൽ ഡിസംബർ 15 മുതൽ ജനുവരി ഒന്നുവരെ രണ്ടാഴ്ച മാത്രമാണ് ശൈത്യകാല അവധി. യു.എ.ഇയിൽ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ ആദ്യ ദിനങ്ങളിൽ അവധിയായിരുന്നതിനാൽ നാലുദിവസം മാത്രമാണ് ഡിസംബറിൽ മിക്ക വിദ്യാലയങ്ങൾക്കും പ്രവൃത്തി ദിനമുണ്ടായിരുന്നത്. അതിനാൽ ഡിസംബർ ഒന്നിനുതന്നെ നാട്ടിലേക്ക് യാത്ര തിരിച്ച കുടുംബങ്ങളുണ്ട്. ഡിസംബർ ആദ്യത്തിൽ യു.എ.ഇയിൽനിന്ന് കേരളത്തിലേക്കുള്ള വിമാനയാത്ര നിരക്ക് താരതമ്യേന കുറവാണെങ്കിലും ക്രിസ്മസിനുശേഷം ജനുവരി ആദ്യത്തിൽ കേരളത്തിൽനിന്ന് യു.എ.ഇയിലേക്കുള്ള വിമാനയാത്ര നിരക്ക് വലിയ തോതിൽ വർധിപ്പിച്ചിട്ടുണ്ട്.
ഡിസംബർ ഒമ്പതു മുതൽ കോഴിക്കോട്ടേക്ക് 900 ദിർഹം മുതൽ 2700 ദിർഹം വരെയും കൊച്ചിയിലേക്ക് 1500 ദിർഹം മുതൽ 2200 ദിർഹം വരെയും തിരുവനന്തപുരത്തേക്ക് 900 മുതൽ 1700 ദിർഹംവരെയും വിവിധ വിമാനക്കമ്പനികൾ ഈടാക്കുന്നു. കണ്ണൂർ വിമാനത്താവളത്തിലേക്ക് ഇപ്പോൾ ഇവിടെനിന്ന് നേരിട്ട് സർവിസ് നടത്തുന്നത് എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ്. ഇതിൽ 1150 ദിർഹമാണ് ടിക്കറ്റിന് ഈടാക്കുന്നത്. ജനുവരി ആദ്യത്തിൽ കേരളത്തിലെ വിവിധ എയർപോർട്ടുകളിൽ നിന്നും യു.എ.ഇയിലേക്കുള്ള വിമാന നിരക്ക് 1350 ദിർഹം മുതൽ 3000 ദിർഹം വരെയാണ്. കണ്ണൂരിൽനിന്ന് 1830 ദിർഹമും കോഴിക്കോട് നിന്ന് 1350 ദിർഹമും കൊച്ചിയിൽനിന്ന് 1500 ദിർഹമും തിരുവനന്തപുരത്തുനിന്ന് 1600 ദിർഹമും ചുരുങ്ങിയത് നൽകണം. ഇക്കണക്കിന് ഈ അവധിക്കാലത്ത് ഒരാൾക്ക് നാട്ടിൽപോയി തിരികെവരണമെങ്കിൽ ഏറ്റവും ചുരുങ്ങിയത് 2500 ദിർഹം ടിക്കറ്റിന് മാത്രമായി ചെലവാക്കേണ്ടിവരും. കുടുംബങ്ങൾ ഒരുമിച്ച് യാത്രചെയ്യുമ്പോൾ വലിയ തുക യാത്രക്ക് മാറ്റി വെക്കേണ്ടിവരും.
കുറഞ്ഞ നിരക്കുള്ള ക്ലാസുകളിലെ ടിക്കറ്റുകൾ വിമാനക്കമ്പനികൾ അവധിക്കാലത്ത് ഓപണാക്കുന്നില്ല എന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്. ചില വിമാനക്കമ്പനികളുടെ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ ഏജൻസികൾ നേരത്തേ മൊത്തത്തിൽ വാങ്ങി വലിയവിലക്ക് വിൽക്കുന്ന അവസ്ഥയുമുണ്ട്.
അവധിക്കാലത്ത് അധ്യാപകർക്കും ഇതര ജീവനക്കാർക്കും രണ്ടാഴ്ചത്തെ അവധി മാത്രമാണ് ലഭിക്കുക. ഉയർന്ന വിമാനനിരക്ക് കാരണം പലരും യാത്ര വേണ്ടെന്നുവെച്ചിരിക്കുകയാണ്. കുറഞ്ഞ നിരക്കിന് ടിക്കറ്റ് ലഭിച്ചാൽ നാട്ടിൽ പോയിവരാൻ ആഗ്രഹിക്കുന്നവരും നിരവധിയാണ്. സ്കൂൾ അവധിക്കാലത്ത് മാത്രം നാട്ടിൽ പോകുന്നവരും അടിയന്തരഘട്ടങ്ങളിൽ നാട്ടിൽ പോകേണ്ടി വരുന്നവരുമാണ് ഉയർന്നനിരക്ക് കാരണം ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ വർഷം ഇതേ സീസണിൽ യാത്രക്കാർ കുറവായതിനാൽ വിമാനനിരക്ക് ഗണ്യമായി കുറച്ചത് ഏറെ പേർക്ക് അനുഗ്രഹമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.