എയർഇന്ത്യ എക്സ്പ്രസിെൻറ ക്രൂരവിനോദം;മലയാളി കുടുംബം മസ്കത്ത് വിമാനത്താവളത്തിൽ കുടുങ്ങി
text_fieldsമസ്കത്ത്: ഉറപ്പായ ടിക്കറ്റുമായി എത്തിയ കുടുംബത്തിന് യാത്ര നിഷേധിച്ച് എയർഇന്ത്യ എക്സ്പ്രസിെൻറ ക്രൂരവിനോദം. പിഞ്ചുകുഞ്ഞുങ്ങളും പ്രായമായ മാതാവുമായി ബുറൈമിയിൽനിന്ന് തിരുവനന്തപുരത്തിന് പോകാനെത്തിയ പത്തനംതിട്ട ഒാമല്ലൂർ സ്വദേശി പ്രിയ ആൻ ഫിലിപ്പ് വെള്ളിയാഴ്ച 15 മണിക്കൂറോളമാണ് മസ്കത്ത് വിമാനത്താവളത്തിൽ കുടുങ്ങിയത്. അഞ്ചു വയസ്സും, ആറുമാസവും പ്രായമുള്ള കുട്ടികളും രോഗിയായ മാതാവുമാണ് പ്രിയക്ക് ഒപ്പമുണ്ടായിരുന്നത്.
രാവിലെ 11.05നുള്ള എയർഇന്ത്യ എക്സ്പ്രസിലാണ് ഇവർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. മസ്കത്തിൽ നിന്ന് മുന്നൂറ് കിലോമീറ്ററോളം ദൂരെ ബുറൈമിയിൽനിന്ന് പുലർച്ചെ തിരിച്ച ഇവർ എട്ടു മണിയോടെ വിമാനത്താവളത്തിൽ എത്തി. തുടർന്ന് ചെക്ക് ഇൻ ചെയ്യുന്നതിനായി എത്തിയപ്പോൾ രണ്ടുപേർക്ക് മാത്രമാണ് യാത്രചെയ്യാൻ അനുമതിയുള്ളതെന്നും മറ്റു ടിക്കറ്റുകൾ കൺഫേം അല്ലെന്നും കൗണ്ടറിലിരുന്നവർ പറയുകയായിരുന്നു. തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും ടിക്കറ്റ് എടുത്ത ഏജൻസിയുമായി ബന്ധപ്പെടണമെന്നു പറഞ്ഞുവെന്നും പ്രിയ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഏജൻസിയെ ബന്ധപ്പെട്ടപ്പോൾ ടിക്കറ്റ് ഉറപ്പായിരുന്നതാണെന്ന് പറഞ്ഞ് അവരും കൈമലർത്തി. ടിക്കറ്റിൽ കൺഫർമേഷൻ നമ്പർ ഉണ്ടായിരുന്നിട്ടും ബോർഡിങ് പാസ് അനുവദിക്കില്ലെന്ന നിലപാടാണ് അധികൃതർ എടുത്തത്.
ഇതോടെ, എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ യുവതിയെ സഹായിക്കാൻ വിമാനത്താവളത്തിൽ ഉണ്ടായിരുന്ന മറ്റു മലയാളികളാണ് മുന്നോട്ടുവന്നത്. പ്രിയയുടെ കൈവശമുണ്ടായിരുന്നതും ഇവരിൽനിന്ന് സ്വരൂപിച്ചതുമായ 190 റിയാൽ ഉപയോഗിച്ച് രാത്രി 11.10നുള്ള ജെറ്റ് എയർവേസിൽ ടിക്കറ്റ് ബുക്ക് ചെയ്തതോടെയാണ് നാടണയാൻ വഴിയൊരുങ്ങിയത്. ഇതിനിടെ ഉറപ്പായ ടിക്കറ്റിൽ മാതാവിനെയും ഒരു കുട്ടിയെയും കയറ്റിവിടാൻ നോക്കിയെങ്കിലും സമയം കഴിഞ്ഞെന്നു പറഞ്ഞ് എയർഇന്ത്യ അധികൃതർ അതും നിഷേധിച്ചു.
വിമാന കമ്പനികൾ സാധാരണ നടത്താറുള്ള ഒാവർബുക്കിങ്ങാണ് ഇവർക്ക് യാത്ര നിഷേധിക്കപ്പെടാൻ വഴിയൊരുക്കിയത്. ഇങ്ങനെ യാത്ര നിഷേധിക്കപ്പെട്ടാൽ അടുത്ത വിമാനത്തിൽ ടിക്കറ്റും നഷ്ടപരിഹാരവും നൽകണമെന്നാണ് ഒമാൻ നിയമം അനുശാസിക്കുന്നത്. വിശ്രമിക്കാനുള്ള സൗകര്യവും ഭക്ഷണവുമടക്കം സൗകര്യങ്ങളും ലഭ്യമാക്കണമെന്നുമുണ്ടെങ്കിലും എയർഇന്ത്യ എക്സ്പ്രസ് അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് പ്രിയ പറഞ്ഞു. ബുറൈമിയിലേക്ക് തിരിച്ചുപോവുക പ്രയാസമായതിനാലാണ് മറ്റു മലയാളികളുടെ സഹായം തേടിയത്.
യാത്രചെയ്യുേമ്പാൾ അധിക തുക കൈയിൽ കരുതാറില്ലാത്തതും വിനയായി. ടെർമിനലിന് ഉള്ളിലെ ഭക്ഷണശാലയിലാണ് രാത്രി വരെ ചെലവഴിച്ചത്. കുട്ടികൾക്കുള്ള ഭക്ഷണവും വെള്ളവുമെല്ലാം ഇരട്ടിവില നൽകി ഇവിടെനിന്ന് വാങ്ങേണ്ടിവന്നു. ചെറിയ കുട്ടിയെ തറയിലാണ് കിടത്തിയതെന്നും അസുഖബാധിതയായ മാതാവ് ഏറെ ബുദ്ധിമുട്ടിയതായും പ്രിയ പറഞ്ഞു. ദുരിതപർവത്തിന് ഒടുവിൽ ശനിയാഴ്ച പുലർച്ചെയാണ് ഇവർ നാടണഞ്ഞത്. സംഭവം സംബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസിക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.