എയർ ഇന്ത്യ എക്സ്പ്രസ് സമരം: വലഞ്ഞത് നിരവധി പ്രവാസികൾ
text_fieldsദുബൈ: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ നടത്തിയ മിന്നൽ സമരത്തിൽ വലഞ്ഞത് നിരവധി പ്രവാസികൾ. നാട്ടിൽനിന്ന് യു.എ.ഇയിലേക്ക് വരാൻ പുറപ്പെട്ട് വിമാനത്താവളത്തിൽ എത്തിയവരും യു.എ.ഇയിൽനിന്ന് നാട്ടിലേക്ക് പോകാനെത്തിയവരും പ്രയാസപ്പെട്ടവരിൽ ഉൾപ്പെടും.
ദുബൈയിൽ ആറും അബൂദബിയിൽ രണ്ടും ഷാർജയിൽനിന്നും റാസൽഖൈമയിൽനിന്നും ഏതാനും സർവിസുകൾ വീതവും മുടങ്ങിയതായാണ് വിവരം. അടിയന്തര കാര്യങ്ങൾക്ക് നാട്ടിലേക്ക് പുറപ്പെട്ടവരും കുടുങ്ങിയവരിൽ ഉൾപ്പെടും. വിമാനത്താവളത്തിലെത്തിയ യാത്രക്കാർക്ക് അധികൃതർ കൃത്യമായ വിവരം നൽകിയില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.
രണ്ടു മണിക്കൂർ വൈകുമെന്ന് ആദ്യം പറയുകയും പിന്നീട് സർവിസ് റദ്ദാക്കിയതായി അറിയിക്കുകയുമായിരുന്നുവെന്ന് തിരുവനന്തപുരത്തുനിന്ന് ഷാർജയിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന റാസൽഖൈമയിലെ പ്രവാസിയായ താജുദ്ദീൻ മർഹബ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് പുറമെ വിവിധ ഇന്ത്യൻ നഗരങ്ങളിൽനിന്ന് യു.എ.ഇയിലേക്ക് പുറപ്പെട്ടവരും യാത്ര മുടങ്ങിയവരിൽ ഉൾപ്പെടും. ജോലിക്ക് ഹാജരാകേണ്ടവരും വിവാഹം അടക്കമുള്ള ചടങ്ങുകളിൽ പങ്കെടുക്കേണ്ടവരും യാത്രക്കാരിലുണ്ടായിരുന്നു. ചില യാത്രക്കാർക്ക് മറ്റു സമീപ വിമാനത്താവളങ്ങളിലേക്കുള്ള വിമാനത്തിൽ സീറ്റ് നൽകാൻ അധികൃതർ സന്നദ്ധമായി. എന്നാൽ, അത്തരക്കാരും ലക്ഷ്യസ്ഥാനത്തെത്താൻ മണിക്കൂറുകൾ വൈകുന്ന അവസ്ഥയിലായിരുന്നു.
കോഴിക്കോട് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യേണ്ടവർക്ക് മംഗളൂരു, മുംബൈ എന്നിവിടങ്ങളിലേക്കാണ് പകരം നൽകാമെന്ന് പറഞ്ഞത്. ഇത് അംഗീകരിച്ച് യാത്ര ചെയ്തവർക്ക് ട്രെയിൻ ടിക്കറ്റെടുത്ത് കേരളത്തിലേക്ക് വീണ്ടും യാത്ര ചെയ്യേണ്ടിവന്നു. അപ്രതീക്ഷിതമായി സമരം നടത്തി യാത്രക്കാരെ പെരുവഴിയിലാക്കിയ ജീവനക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി പ്രവാസി സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.
യാത്ര വൈകിപ്പിച്ചതിലും കൃത്യമായ വിവരങ്ങൾ യാത്രക്കാർക്ക് കൈമാറാത്തതിലും എയർ ഇന്ത്യ എക്സ്പ്രസിനെതിരെ പ്രവാസികൾക്കിടയിൽ അമർഷമുണ്ട്.
നഷ്ടപരിഹാരം നൽകണം -പി.സി.എഫ്
അബൂദബി: ജീവനക്കാരുടെ അപ്രതീക്ഷിത സമരം മൂലം ഗൾഫ് യാത്ര മുടങ്ങിയ യാത്രക്കാർക്ക് ആവശ്യമായ ബദൽ സംവിധാനം കണ്ടെത്തി യാത്രാക്ലേശം പരിഹരിക്കുന്നതിൽ പരാജയപ്പെട്ട എയർ ഇന്ത്യ അധികൃതരുടെ സമീപനത്തിൽ പി.സി.എഫ് അബൂദബി പ്രതിഷേധിച്ചു.
യാത്ര മുടങ്ങിയവർക്ക് മറ്റൊരു ദിവസം യാത്ര ഒരുക്കാമെന്ന് വിമാനക്കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും വിമാനം മുടങ്ങിയത് കൊണ്ട് ഗൾഫിലടക്കം ജോലിയിലും മറ്റും ബുദ്ധിമുട്ട് നേരിട്ടതിനാൽ പകരം യാത്രക്കൊപ്പം മതിയായ നഷ്ടപരിഹാരം കൂടി നൽകാനും ടിക്കറ്റ് തുക റീഫണ്ട് ആവശ്യമായവർക്ക് കുറഞ്ഞ ദിവസത്തിനുള്ളിൽ പെട്ടെന്നുതന്നെ നല്കാനും അധികൃതർ തയാറാകണമെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് മൻസൂർ അലി പട്ടാമ്പി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി മുഹമ്മദ് കല്ലൻ, ട്രഷറർ ലത്തീഫ് കടവല്ലൂർ, ഉസ്മാൻ കാരശ്ശേരി, ജലീൽ കടവ്, ഇ ടി മുഹമ്മദ് ബഷീർ, ഉമർ റഷീദ് എന്നിവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.