തിരക്ക് കുറഞ്ഞാലും നിരക്ക് കുറയാത്ത മായാജാലം
text_fieldsഅജ്മാന്: സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലായ ഒരു വിഡിയോ ഉണ്ടായിരുന്നു. കണ്ണൂരിൽനിന്ന് ജിദ്ദയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ആകെയുണ്ടായിരുന്നത് ഏഴു പേര് മാത്രം. 180 സീറ്റുള്ള വിമാനത്തില്‍ 173 സീറ്റ് കാലി. ടിക്കറ്റ് നിരക്കാകട്ടെ 38,000, 28,000 എന്നിങ്ങനെ നല്‍കിയാണ് ഈ ഏഴുപേര്‍ യാത്ര ചെയ്തതെന്ന് വിഡിയോയില്‍ പറയുന്നുമുണ്ട്. സാധാരണഗതിയില്‍ തിരക്കുള്ള സമയത്ത് നാലും അഞ്ചും ഇരട്ടി നിരക്കാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്. വിമാനത്തില്‍ ആളില്ലാത്തപ്പോഴും ഇതാണോ അവസ്ഥ എന്ന ചോദ്യമാണ് ബാക്കിയാകുന്നത്. എല്ലാ നിലക്കും പ്രവാസികളെ കൊള്ളയടിക്കുകയാണ് വിമാനക്കമ്പനികള്‍. ആരും ചോദിക്കാനും പറയാനുമില്ല.
അജ്മാനില്‍ താമസിക്കുന്ന തലശ്ശേരി സ്വദേശി തമീം, മാതാവ് അത്യാസന്നനിലയിലായതിനെ തുടര്‍ന്നാണ് ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബത്തെ നാട്ടിലേക്ക് അയക്കാന്‍ കണ്ണൂരിലേക്ക് ടിക്കറ്റ് എടുത്തത്. ഒരാള്‍ക്ക് ഒരു വശത്തേക്ക് ടിക്കറ്റ് നിരക്ക് 1700 ദിര്‍ഹം. ഇതേ സമയം ഖത്തര്‍ എയര്‍ലൈന്‍സ് ബംഗളൂരുവിലേക്ക് ഈടാക്കുന്നത് 830 ദിര്‍ഹം മാത്രം.
ഷിബു ജോണ്‍ എന്ന വ്യക്തി കുവൈത്തില്‍നിന്ന് ബംഗളൂരുവിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ ടിക്കറ്റെടുത്തപ്പോള്‍ വെറും 130 കുവൈത്ത് ദീനാര്‍ മാത്രം. ഇതേസമയം കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് 220 കുവൈത്ത് ദീനാര്‍. ഒരു വ്യക്തിക്ക് മാത്രം 90 കുവൈത്ത് ദീനാര്‍ അധികം കണ്ണൂരിലേക്ക്. കണ്ണൂര്‍, കാസർകോട്, വയനാട് ജില്ലക്കാര്‍ക്ക് ഏറെ ഗുണം കിട്ടുമെന്ന് ധരിച്ച കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് സാധാരണ പ്രവാസികളെ സംബന്ധിച്ച് അസഹ്യമാണ്. നിലവില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുമതിയില്ലാത്ത അവസ്ഥയും ഉള്ളതിന് തന്നെ ഉയര്‍ന്ന നിരക്കും കാരണം ഈ പ്രദേശങ്ങളിലെ ഭൂരിഭാഗം പേരും മറ്റു വിമാനത്താവളങ്ങളെയാണ് ആശ്രയിക്കുന്നത്.
വികസനത്തിന്റെ പേരുപറഞ്ഞ് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ വടംവലിയും ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും ഈ വിമാനത്താവളത്തെ നാശത്തിന്റെ വക്കിലെത്തിക്കുന്നതായാണ് യാത്രക്കാര്‍ പരാതിപ്പെടുന്നത്. മലബാര്‍ മേഖലയിലെ മറ്റൊരു വിമാനത്താവളമായ കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും അന്യായ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നതെന്ന് പരാതിയുണ്ട്. കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഷാര്‍ജയിലേക്ക് യാത്ര ചെയ്ത സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരിയും തിരക്കില്ലാത്ത സമയത്തെ അന്യായ നിരക്കിനെ കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
കാലങ്ങളായുള്ള പ്രവാസികളുടെ പരാതി മന്ത്രിമാരും എം.പിമാരും അടക്കമുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും പരിഹാരം കാണാത്തതില്‍ പ്രവാസലോകത്ത് ശക്തമായ പ്രതിഷേധമുണ്ട്. വേനലവധി അടുത്തു വരുന്നതോടെ വിമാനക്കമ്പനികള്‍ വീണ്ടും നിരക്ക് കൊള്ളയുമായി രംഗത്തുവന്നിട്ടുണ്ട്. കുടുംബവുമായി നാട്ടിലേക്ക് തിരിക്കാനിരിക്കുന്ന പ്രവാസികളുടെ നടുവൊടിക്കുന്ന നിരക്കാണ് ഇപ്പോള്‍ തന്നെ ഈടാക്കുന്നത്.
ഗതിയില്ലാത്ത പ്രവാസികള്‍ മറ്റു സെക്ടറുകളിലേക്ക് ടിക്കറ്റെടുത്ത് ദുരിതം താണ്ടി യാത്ര ചെയ്താണ് ഈ ഒഴിവ് കാലത്തും ജന്മനാടണയുന്നത്. വര്‍ഷംതോറും കോടിക്കണക്കിന് രൂപ വിദേശനാണ്യം നാട്ടിലേക്ക് അയച്ച് നാടിന്റെ നട്ടെല്ലാകുന്ന പ്രവാസികളുടെ പ്രശ്നം വരുമ്പോള്‍ നാട്ടിലെ നേതാക്കള്‍ ഒട്ടകപ്പക്ഷിയുടെ നയമാണ് സ്വീകരിക്കുന്നതെന്നാണ് സാധാരണക്കാര്‍ പ്രതികരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.