എയർ ഇന്ത്യ വിമാനം വൈകി: യാത്രക്കാർക്ക് 30 മണിക്കൂർ ദുരിതം
text_fieldsഅബൂദബി: അബൂദബി വിമാനത്താവളത്തിൽ നിന്ന് തിരുവനന്തരപുരത്തേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം യാത്രക്കാരെ വലച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതിന് പുറപ്പെടേണ്ടിയിരുന്ന വിമാനം വെള്ളിയാഴ്ച രാത്രി 8.30നാണ് പുറപ്പെട്ടത്. ഇതോടെ, സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ എയർ ഇന്ത്യ അധികൃതർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രായമായവർ അടക്കം 150ഓളം യാത്രക്കാർ വിമാനത്താവളത്തിനകത്തും പുറത്തുമായി ദുരിതത്തിലായി. സ്വകാര്യവത്കരിച്ചിട്ടും എയർ ഇന്ത്യയിലെ ദുരിത യാത്രക്ക് കുറവില്ലെന്നാണ് യാത്രക്കാരുടെ പരാതി.
വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്കായിരുന്നു വിമാനം ആദ്യം ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ, 11.40ലേക്ക് സമയം മാറ്റിയതായി ഒരു ദിവസം മുൻപ് മെസേജ് വന്നു. ഇതനുസരിച്ച് വൈകുന്നേരം ഏഴ് മുതൽ യാത്രക്കാർ വിമാനത്താവളത്തിൽ എത്തി. എന്നാൽ, ഇവിടെ എത്തിയപ്പോഴാണ് സമയം പുലർച്ച മൂന്ന് മണിയിലേക്ക് മാറ്റി എന്ന മെസേജ് വരുന്നത്. മണിക്കൂറുകളോളം പുറത്തു നിന്ന ശേഷമാണ് യാത്രക്കാർക്ക് അകത്ത് കയറാൻ കഴിഞ്ഞത്. ലഗേജ് പോയ ശേഷം മൂന്ന് മണിയായിട്ടും വിമാനത്തിലേക്ക് കയറ്റാത്തത് അന്വേഷിച്ചപ്പോൾ എയർ ഇന്ത്യ അധികൃതർ വീണ്ടും കൈമലർത്തുകയായിരുന്നു. ഇതോടെ യാത്രക്കാർ പ്രതിഷധവുമായെത്തി.
മറ്റ് വിമാനങ്ങളിൽ പോകേണ്ടവരും എത്തിയതോടെ വിമാനത്താവളത്തിനുള്ളിൽ തിരക്കായി. ഇതോടെ റെസിഡന്‍റ് വിസക്കാരെ പുറത്തിറക്കി. അവരിൽ ചിലരെ ഹോട്ടലിലേക്ക് മാറ്റി. എന്നാൽ, 60ഓളം സന്ദർശക വിസക്കാർ വിമാനത്താവളത്തിനുള്ളിൽ കുടുങ്ങി. വിസ റദ്ധാക്കി മടങ്ങുന്നവർക്കും പുറത്തിറങ്ങാൻ കഴിയാതെ വന്നു. രാത്രി മുഴുവൻ കസേരയിൽ ഇരുന്ന് ഉറങ്ങിയ ഇവരെ രാവിലെ ലോഞ്ചിലേക്ക് മാറ്റി. ആദ്യം വെള്ളം പോലും ലഭിച്ചിരുന്നില്ല എന്ന് യാത്രക്കാർ പറയുന്നു. പിന്നീട് ഭക്ഷണം നൽകി. വെള്ളിയാഴ്ച രാത്രി 7.45ന് പുറപ്പെടും എന്നായിരുന്നു രാവിലെ അറിയിച്ചത്.
എന്നാൽ, ശനിയാഴ്ച പുലർച്ച 1.45നായിരിക്കും വിമാനം പുറപ്പെടുക എന്ന് കാണിച്ച് വീണ്ടും മെസേജ് വന്നു. ഇതോടെ യാത്രക്കാർ വീണ്ടും പ്രതിഷേധവുമായി എത്തി. ഇതിന്‍റെ ഫലമായി രാത്രി 8.30ഓടെ വിമാനം പുറപ്പെടുകയായിരുന്നു.
മരണം, ചികിത്സ പോലുള്ള ആവശ്യങ്ങൾക്കായി അത്യാവശ്യമായി നാട്ടിലെത്തേണ്ടവരും ഇക്കൂട്ടത്തിലുണ്ട്. പ്രായമായവരും ഗർഭിണികളും കുഞ്ഞുങ്ങളും ഏറെ ബുദ്ധിമുട്ടി. സാങ്കേതിക പ്രശ്നം എന്നാണ് എയർ ഇന്ത്യ അധികൃതർ പറയുന്നത്. എന്നാൽ, എന്താണ് യഥാർഥ പ്രശ്നമെന്ന് ഇവർ വ്യക്തമാക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലും എയർ ഇന്ത്യ എക്സ്പ്പ്രസ് വിമാനങ്ങൾ വൈകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.