ജൂലൈ ആറ് വരെ ദുബൈയിലേക്ക് സർവീസ് ഇല്ലെന്ന് എയർ ഇന്ത്യ
text_fieldsദുബൈ: ബുധനാഴ്ച മുതൽ യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് അവസാനിക്കുമെന്ന് പ്രതീക്ഷിച്ച പ്രവാസികൾക്ക് വീണ്ടും നിരാശ. ജൂലൈ ആറ് വരെ ദുബൈയിലേക്ക് സർവീസ് ഉണ്ടാവില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സംശയങ്ങൾക്ക് മറുപടികൊടുക്കുന്നതിനിടെ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. യാത്രാനിബന്ധനകളിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. യു.എ.ഇയിലെ യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ജൂലൈ ആറ് വരെ വിമാനസർവീസ് ഉണ്ടാവില്ലെന്നും കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലൂടെയും ട്വിറ്റർ പേജിലൂടെയും അറിയിക്കാമെന്നുമാണ് യാത്രക്കാരെൻറ സംശയത്തിന് മറുപടിയായി എയർ ഇന്ത്യ ട്വീറ്റ് ചെയ്തത്.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ബുധനാഴ്ച മുതൽ ദുബൈയിലേക്ക് മടങ്ങിയെത്താനാകുമെന്നായിരുന്നു പ്രതീക്ഷ. ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വാക്സിൻ നിർബന്ധമാക്കിയതായി ശനിയാഴ്ചയാണ് ദുബൈ ദുരന്ത നിവാരണ സമിതി അറിയിച്ചത്. 23 മുതൽ രണ്ട് ഡോസ് വാക്സിൻ നിർബന്ധമാണെന്നായിരുന്നു അറിയിപ്പ്. ബുധനാഴ്ച മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് എമിറേറ്റ്സും അറിയിച്ചതോടെ പ്രവാസികൾ പ്രതീക്ഷയിലായിരുന്നു. ചില എയർലൈനുകൾ ടിക്കറ്റ് ബുക്കിങ് തുടങ്ങുകയും ചെയ്തു. എന്നാൽ, പലകാര്യങ്ങളിലും അവ്യക്തത ഉണ്ടായതോടെ എയർലൈനുകൾ ടിക്കറ്റ് ബുക്കിങ് നിർത്തിവെക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് നിർത്തിവെച്ച ടിക്കറ്റ് ബുക്കിങ് ഇതുവരെ പുനരാരംഭിച്ചില്ല.
നാട്ടിൽ നിന്ന് നാല് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പി.സി.ആർ ഫലം വേണമെന്ന നിർദേശമാണ് പ്രധാന തടസമായി നിൽക്കുന്നത്. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇതിന് സംവിധാനം ഏർപെടുത്താനുള്ള ഒരുക്കത്തിലാണെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ ഉദ്ദരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, എന്ന് മുതലാണ് സംവിധാനം ഏർപെടുത്തുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. കേരളത്തിലും സംസ്ഥാന സർക്കാർ ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നാണ് അറിയുന്നത്. എന്നാൽ, മറ്റ് ചില വിഷയങ്ങളിലും അനിശ്ചിതാവസ്ഥയുണ്ട്. മറ്റ് എമിറേറ്റുകളിലെ വിസക്കാർക്ക് ദുബൈയിലെത്താമോ, വാക്സിനെടുക്കാത്ത കുട്ടികൾക്ക് യാത്ര ചെയ്യാമോ, ആറ് മാസത്തിൽ കൂടുതൽ നാട്ടിൽ തങ്ങിയവർക്ക് യാത്രാവിലക്കുണ്ടോ, ജി.ഡി.ആർ.എഫ്.എയുടെ അനുമതി വേണോ തുടങ്ങിയ വിഷയങ്ങളിൽ എയർലൈനുകൾക്ക് പോലും വ്യക്തമായ ഉത്തരമില്ല. ഈ സാഹചര്യത്തിലാണ് ബുക്കിങ് നിർത്തിയത്. സോൾഡ് ഔട്ട് എന്നാണ് ഇവരുടെ വെബ്സൈറ്റുകളിൽ കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.