ജൂലൈ 21വരെ യു.എ.ഇയിലേക്ക് വിമാന സർവീസില്ലെന്ന് എയർ ഇന്ത്യ
text_fieldsദുബൈ: ജൂലൈ 21വരെ യു.എ.ഇയിലേക്ക് വിമാന സർവീസില്ലെന്ന് എയർ ഇന്ത്യയും വ്യക്തമാക്കി. യു.എ.ഇ സർക്കാർ നിയന്ത്രണമേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നടപടിയെന്ന് കമ്പനി വെബ്സൈറ്റിലൂടെ അറിയിച്ചു. ഇതിന് മുമ്പായി ടിക്കറ്റ് എടുത്തവർക്ക് സൗജന്യമായി ഒഴിവുള്ള മറ്റൊരു യാത്രാദിവസത്തിലേക്ക് ടിക്കറ്റ് മാറ്റാമെന്നും വെബ്സൈറ്റ് വ്യക്തമാക്കി. ഈ സൗകര്യം വൺവേ യാത്രക്കാർക്ക് ലഭിക്കില്ല. കഴിഞ്ഞ ദിവസം അബൂദബി ആസ്ഥാനമായ ഇത്തിഹാദ് എയർവേഴ്സ് 21വരെ വിമാന സർവീസുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. നേരത്തെ ജൂലൈ ആറുവരെയാണ് യാത്രവിലക്കെന്നാണ് എയർ ഇന്ത്യ അറിയിച്ചിരുന്നത്. ഇതാണിപ്പോൾ പുതുക്കിയത്.
കഴിഞ്ഞ മാസം 23മുതൽ രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് ദുബൈയിലേക്ക് പ്രവേശിക്കാമെന്ന ഉത്തരവ് നിലവിൽ വന്നിരുന്നു. ഇതിനെ തുടർന്ന് യാത്രവിലക്ക് നീങ്ങുമെന്ന പ്രതീക്ഷ ഉയർന്നു. എമിറേറ്റ് അടക്കമുള്ള വിമാനക്കമ്പനികൾ ടിക്കറ്റ് വിൽപനയും ആരംഭിച്ചു. എന്നാൽ പിന്നീട് ഇത് നിർത്തലാക്കി. ഇതോടെ യാത്രയുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുകയായിരുന്നു. എയർ ഇന്ത്യ കൂടി യാത്രവിലക്ക് വ്യക്തമാക്കിയതോടെ 21ന് മുമ്പായി വിമാന സർവീസ് പുനരാരംഭിക്കാനുള്ള സാധ്യത മങ്ങി. ദുബൈ ആസ്ഥാനമായ എമിറേറ്റസ് എയർലൈൻ ജൂലൈ ഏഴ് മുതൽ സർവീസ് പുനാരാംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവെച്ചിരുന്നു. എന്നാൽ യാത്രയുമായി ബന്ധപ്പെട്ട കൃത്യമായ മാനദണ്ഡങ്ങളും സർക്കാർ വകുപ്പുകളിൽ നിന്നുള്ള അനുമതിയും ലഭിച്ചാലേ സ്ഥിരീകരിക്കാൻ കഴിയൂ എന്നും കമ്പനി അറിയിക്കുകയുണ്ടായി. എമിറേറ്റ്സിെൻറ പുതിയ അറിയിപ്പുകളൊന്നും നിലവിൽ പുറത്തുവന്നിട്ടില്ല.
ഇന്ത്യയിൽ കോവിഡ് വ്യാപിച്ച പശ്ചാത്തലത്തിൽ ഏപ്രിൽ 25മുതലാണ് യു.എ.ഇയിലേക്ക് യാത്രവിലക്ക് ഏർപ്പെടുത്തിയത്. യു.എ.ഇ പൗരന്മാർക്കും നയതന്ത്ര ഉദേയാഗസ്ഥർക്കും ഡോൾഡൻ, സിൽവർ വിസക്കാർക്കും യാത്രമാണ് ഇതിൽ ഇളവുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.