യാത്രക്കാരെ ദിവസം മുഴുവൻ വട്ടം കറക്കി എയർ ഇന്ത്യ ദുബൈ–മുംബൈ വിമാനം
text_fieldsദുബൈ: പ്രായമായവരും രോഗികളും സ്ത്രീകളും കുട്ടികളുൾപ്പെടെ 200ൽപരം യാത്രക്കാരെ ഒരു ദിവസം മുഴുവൻ ദുരിതത്തിലാക്കിയ എയർഇന്ത്യ വിമാനം ഒടുവിൽ ദുബൈയിൽനിന്ന് മുംബൈയിലേക്ക് പറന്നു. എയർ ഇന്ത്യ ഡ്രീംലൈനർ വിമാനമാണ് 24 മണിക്കൂർ യാത്രക്കാരെ വട്ടം കറക്കിയത്. ദുബൈയിൽനിന്ന് മുംബൈയിലേക്ക് വ്യാഴാഴ്ച 12ന് പുറപ്പെടേണ്ട വിമാനം ദുബൈയിൽനിന്ന് പുറപ്പെട്ടത് വെള്ളിയാഴ്ച ഉച്ചക്ക് 12.10ഓടെ മാത്രം.
വ്യാഴാഴ്ച യാത്രക്ക് തയാറായി വന്നവർക്ക് ലഭിച്ചത് ചെറിയ സാങ്കേതിക പ്രശ്നമുണ്ടെന്നും രണ്ടു മണിക്കൂർ വൈകി മാത്രമേ പുറപ്പെടൂ എന്നുമുള്ള വിവരമായിരുന്നു. എട്ടു മണിക്കൂറുകൾ കഴിഞ്ഞിട്ടും യാത്ര തുടരാനാവാതെ വന്നതോടെ അധികൃതരെ സമീപിച്ചെങ്കിലും എപ്പോൾ പുറപ്പെടുമെന്നത് സംബന്ധിച്ച് ഒരു വിവരവും നൽകാൻ അധികൃതർ തയാറായില്ലെന്ന് യാത്രക്കാർ കുറ്റപ്പെടുത്തി.
ഇതിനിടെ ചില യാത്രക്കാർ ടിക്കറ്റ് കാൻസൽ ചെയ്ത് മടങ്ങിയെങ്കിലും തിരക്കിട്ട യാത്രക്കായി വന്നവരാണ് ശരിക്കും വലഞ്ഞത്. സന്ദർശക വിസയിലെത്തി തിരിച്ചുപോകുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സന്ദർശക വിസ കാലാവധി കഴിഞ്ഞതിനാൽ യാത്ര റദ്ദാക്കുകയാണെങ്കിൽ വീണ്ടും വിസയെടുക്കേണ്ടതുൾപ്പെടെ പ്രശ്നങ്ങളും പലരും നിരത്തി. പരീക്ഷ, കല്യാണം ഉൾപ്പെടെ കാര്യങ്ങൾക്കായി പുറപ്പെട്ടവരും പ്രതിസന്ധിയിലായി.
അധികൃതർ യാത്രക്കാർക്ക് താമസസൗകര്യമേർപ്പെടുത്തിയെങ്കിലും അവിടെയും പ്രതിസന്ധി തുടർന്നു. 18 മണിക്കൂർ പിന്നിട്ടപ്പോഴാണ് ഭക്ഷണം പോലും ലഭിച്ചതെന്ന് യാത്രക്കാർ ആരോപിച്ചു. എന്നാൽ, ബോർഡിങ് പാസ് നൽകിയ യാത്രക്കാർക്കെല്ലാം കൃത്യമായി വിവരങ്ങൾ നൽകിയതായും സർവിസ് നടത്താനാവാത്ത വിധം സാങ്കേതിക തകരാർ നേരിട്ടതിനാൽ യാത്രക്കാർക്ക് താമസസൗകര്യമേർപ്പെടുത്തിയിരുന്നതായും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.