എയർ കേരള തുടങ്ങാൻ അബൂദബി ഏവിയേഷെൻറ സഹായ വാഗ്ദാനം
text_fieldsഅബൂദബി: എയർ കേരള വിമാനക്കമ്പനി തുടങ്ങാൻ മിഡിലീസ്റ്റിലെ പ്രമുഖ ഹെലികോപ്ടർ ഒാപറേറ്റർമാരിലൊന്നായ അബൂദബി ഏവിയേഷൻ (എ.ഡി.എ) കേരള സർക്കാറിന് സഹായം വാഗ്ദാനം ചെയ്തു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള പ്രവർത്തനങ്ങളിൽ സഹകരണം, അടിയന്തര ഹെലികോപ്ടർ മെഡിക്കൽ സേവനങ്ങളും അന്താരാഷ്ട്ര വ്യോമയാന അക്കാദമിയും ആരംഭിക്കൽ തുടങ്ങിയ നിർദേശങ്ങളും എ.ഡി.എ കേരള സർക്കാറിന് മുന്നിൽ വെച്ചിട്ടുണ്ട്. ഇൗ നിർദേശങ്ങളുടെ സാധ്യത പഠിക്കാൻ കേരള ചീഫ് സെക്രട്ടറി പോൾ ആൻറണിയുടെ നേതൃത്വത്തിൽ ഉന്നതതല കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
ഗൾഫ് പ്രവാസികളെ വിമാനക്കമ്പനികളുടെ ചൂഷണത്തിൽനിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ എയർ കേരള തുടങ്ങാൻ സർക്കാർ നേരത്തെ തന്നെ നീക്കം തുടങ്ങിയിരുന്നെങ്കിലും അന്താരാഷ്ട്ര സർവീസ് ആരംഭിക്കാൻ ആഭ്യന്തര സർവീസുകളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം വേണമെന്നും 20 വിമാനങ്ങൾ വേണമെന്നുമുള്ള നിബന്ധനകൾ വിഘാതമാവുകയായിരുന്നു. സംസ്ഥാന സർക്കാറുമായി ചേർന്ന് സംയുക്ത കമ്പനി രൂപവത്കരിച്ച് കാര്യങ്ങൾ മുന്നോട്ടുനീക്കാമെന്ന നിർദേശമാണ് എ.ഡി.എ സർക്കാറിന് മുന്നിൽ വെച്ചിരിക്കുന്നത്. വ്യോമയാന വിദഗ്ധരെ നൽകാമെന്നും വിമാനങ്ങൾ സ്വന്തമായോ പാട്ടമായോ ലഭ്യമാക്കാമെന്നുമാണ് കമ്പനിയുടെ വാഗ്ദാനം.
ഇതിന് പകരമായി സർക്കാറിെൻറ ഗ്രാൻറുകളും ആനുകൂല്യങ്ങളും ലഭിക്കുന്ന വിധം കമ്പനിക്ക് സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും പരിഗണന വേണമെന്ന് എ.ഡി.എ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ വ്യക്തമാക്കി എ.ഡി.എ ഡയറക്ടർ മാർക് ജെ. പിയറോട്ടിയാണ് ഒൗദ്യോഗികമായി സർക്കാറിന് കത്തയച്ചത്. പുതിയ നീക്കം കേരളത്തിെൻറ വ്യോമമേഖലയിൽ ഉണർവുണ്ടാക്കുമെന്നാണ് സംസ്ഥാന സർക്കാർ കരുതുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി നിർദേശങ്ങൾ സംബന്ധിച്ച് എ.ഡി.എ അധികൃതരുമായി ചർച്ച ചെയ്ത് ശിപാർശകൾ സർക്കാറിന് സമർപ്പിക്കും. വാണിജ്യ, ധനകാര്യ, വ്യോമയാന വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവള മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ, എയർ ഇന്ത്യ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി. തുളസിദാസ് തുടങ്ങിയവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.