പറക്കാൻ കേരളം; എയർ കേരളക്ക് കേന്ദ്രാനുമതി
text_fieldsദുബൈ: എയർ കേരള വിമാന സർവിസിന് സെറ്റ്ഫ്ലൈ ഏവിയേഷന് അനുമതി. ആഭ്യന്തര സർവിസ് തുടങ്ങുന്നതിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ എൻ.ഒ.സി ലഭിച്ചതെന്ന് സെറ്റ്ഫ്ലൈ ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് യു.പി.സി ദുബൈയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എൻ.ഒ.സിക്കുശേഷം എയർ ഓപറേറ്റർ സർട്ടിഫിക്കറ്റ് (എ.ഒ.സി) കൂടി ലഭിച്ചാൽ മാത്രമേ സർവിസ് തുടങ്ങാനാകൂ.
തുടക്കത്തിൽ ടയർ2, ടയർ3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവിസ്. ഇതിനായി എ.ടി.ആർ 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക. നിർമാതാക്കളിൽനിന്ന് വിമാനങ്ങൾ സ്വന്തമാക്കാനുള്ള സാധ്യതകളും തേടുന്നുണ്ടെന്ന് സെറ്റ്ഫ്ലൈ ഏവിയേഷൻ വൈസ് ചെയർമാൻ അയ്യൂബ് കല്ലട പറഞ്ഞു.
2025ലെ ആദ്യ പാദത്തിൽ വിമാന സർവിസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. മൂന്നു വിമാനങ്ങളാണ് തുടക്കത്തിൽ സർവിസ് നടത്തുക. വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി വിദേശരാജ്യങ്ങളിലേക്ക് സർവിസുകൾ വ്യാപിപ്പിക്കും. സ്ഥാപനത്തിലേക്ക് കേരളത്തിൽനിന്നുള്ള വ്യോമയാന മേഖലയിൽ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും. കമ്പനി സി.ഇ.ഒ ഉൾപ്പെടെ പ്രധാന തസ്തികയിലേക്കുള്ളവരെ കണ്ടെത്തിയിട്ടുണ്ട്. എയർകേരള എന്ന ബ്രാൻഡിലാകും കമ്പനി സർവിസുകൾ നടത്തുക.
കമ്പനി യാഥാർഥ്യമാകുന്നതോടെ ആദ്യ വർഷംതന്നെ കേരളത്തിൽ മാത്രം വ്യോമയാന മേഖലയിൽ 350ൽ പരം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അഫി അഹമ്മദ് (ചെയർമാൻ), അയ്യൂബ് കല്ലട (വൈസ് ചെയർമാൻ), കനിക ഗോയൽ (ഡയറക്ടർ) എന്നിവരാണ് സെറ്റ്ഫ്ലൈ ഏവിയേഷന്റെ ഡയറക്ടർ ബോർഡ് അംഗങ്ങൾ. കൊച്ചിയാണ് കമ്പനിയുടെ ആസ്ഥാനം. എയർ കേരള എന്ന പേരിൽ സർവിസ് നടത്തുന്നതുമായി ബന്ധപ്പെട്ട് കേരള സർക്കാറിനെ രേഖാമൂലം അറിയിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ല.
സർക്കാറുമായി സഹകരിച്ച് പോകാൻ തയാറാണെന്നും അഫി അഹമ്മദ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ കമ്പനി സെക്രട്ടറി ആഷിഖ് (ആഷിഖ് അസോസിയേറ്റ്സ്), ജനറൽ മാനേജർ സഫീർ മഹമൂദ്, ലീഗൽ അഡ്വൈസർ ശിഹാബ് തങ്ങൾ (ദുബൈ) തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.