ദുബൈയിൽ എയർ ടാക്സി: ചർച്ചകൾ വീണ്ടും ചൂടുപിടിക്കുന്നു
text_fieldsദുബൈ: ദുബൈയിൽ സ്വയം നിയന്ത്രിത എയർ ടാക്സി സർവിസ് നടത്തുന്നത് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകുന്നു. അന്താരാഷ്ട്ര ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ ചൊവ്വ ഗ്രഹത്തിൽ ഉപയോഗിക്കുന്ന സ്വയം നിയന്ത്രിത ചെറു ഹെലികോപ്ടറുകളുടെ മാതൃകയിലുള്ള ഹെലികോപ്ടറുകൾ വൈകാതെ ദുബൈയിലും എത്തുമെന്നാണ് റിപ്പോർട്ട്. യു.എ.ഇ അധികാരികളുടെ സഹകരണത്തോടെ ഓസ്ട്രിയൻ കമ്പനിയായ ഫ്ലൈനൗ ആണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ടു വർഷത്തിനകം ദുബൈ നഗരത്തിന് മുകളിലൂടെ വാണിജ്യാടിസ്ഥാനത്തിലുള്ള ചെറു യാത്ര ഹെലികോപ്ടറുകൾ പറത്താനാണ് കമ്പനിയുടെ ലക്ഷ്യം. വാഹനങ്ങളുടെ ആധിക്യം കാരണം വൻകിട നഗരങ്ങളിൽ റോഡ് ട്രാഫിക് സുഗമമല്ലാത്ത അവസ്ഥയുണ്ട്. സാമ്പത്തികമായും വൻ നഷ്ടമാണ് ഇതുവഴി സംഭവിക്കുന്നത്. ഇതുകൊണ്ട് സമ്പന്ന രാജ്യങ്ങളും എയർ ടാക്സി സംവിധാനങ്ങൾക്കായുള്ള അന്വേഷണത്തിലാണ്. ഇതു മുന്നിൽ കണ്ടാണ് കമ്പനി സ്വയം നിയന്ത്രണ എയർ ടാക്സികൾ പ്രാവർത്തികമാക്കാനുള്ള നടപടികൾ വേഗത്തിലാക്കുന്നത്.
ഒറ്റ, ഇരട്ട സീറ്റുകളുള്ള കോപ്ടറുകളാണ് വികസിപ്പിക്കുന്നതെന്ന് ഫ്ലൈ ദുബൈ സഹ സ്ഥാപകയും സി.ഇ.ഒയുമായ ഇവോൺ വിന്റർ പറഞ്ഞു. ഇതുവരെ നിർമിച്ചിട്ടുള്ളവയിൽ ഏറ്റവും കാര്യക്ഷമമായ ഒന്നാണിതെന്നും കമ്പനി അവകാശപ്പെടുന്നു. 28 മാസത്തിനുള്ളിൽ കാർഗോ പതിപ്പിന്റെ ഉൽപാദനം ആരംഭിക്കും. പാസഞ്ചർ പതിപ്പ് അതിന് ശേഷമായിരിക്കുമെന്നും അവർ വെളിപ്പെടുത്തി. 130 കിലോമീറ്ററാണ് പരമാവധി വേഗം. കോപ്ടറിന്റെ എൻജിൻ ഡിഷ്വാഷിന്റെ അത്ര കുറഞ്ഞ ശബ്ദം മാത്രം പുറപ്പെടുവിക്കുന്നതിനാൽ യാത്രക്കാർക്ക് ശല്യമില്ലാതെ സഞ്ചരിക്കാനാവും. കാർഗോ പതിപ്പിൽ 200 കിലോ ഗ്രാം ഭാരം വഹിക്കാൻ ശേഷിയുണ്ട്. നാസ ഉപയോഗിക്കുന്ന ചൊവ്വ ഹെലികോപ്ടറായ ‘ഇൻജന്യൂയിറ്റി’യുമായി ഇത് ഏറെ സാമ്യമുണ്ടാകുമെന്നും അവർ പറഞ്ഞു. സുരക്ഷ കാരണങ്ങളാൽ 50 കിലോ മീറ്റർ ദൂരവും ശേഷം മറ്റൊരു 25 കിലോമീറ്റർ ദൂരവും പറക്കാനാണ് അനുമതി. നിശ്ചിത റൂട്ടുകളിലൂടെയായിരിക്കും കോപ്ടറിന്റെ സർവിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.