എയർ ടാക്സി സർവിസ്: യു.എസ് കമ്പനിയുമായി കരാർ
text_fieldsദുബൈ: യു.എ.ഇയിൽ 2026 മുതൽ ഇലക്ട്രിക് എയർ ടാക്സി സർവിസ് തുടങ്ങുന്നതിനായി യു.എസ് കമ്പനിയുമായി കരാറിലെത്തി. പ്രമുഖ എയർ ടാക്സി നിർമാതാക്കളായ ആർച്ചർ ഏവിയേഷൻ എന്ന യു.എസ് കമ്പനിയുമായാണ് അബൂദബി ഇൻവെസ്റ്റ്മെന്റ് ഓഫിസ് (എ.ഡി.ഐ.ഒ) കരാറിലെത്തിയത്.
വാണിജ്യാടിസ്ഥാനത്തിൽ എയർ ടാക്സി സേവനങ്ങൾക്കായി രാജ്യാന്തര തലത്തിൽ ആർച്ചറുമായി കരാറിലെത്തുന്ന ആദ്യ സ്ഥാപനമായിരിക്കും എ.ഡി.ഐ.ഒ. ആർച്ചറിന് നിർമാണ യൂനിറ്റുകൾ തുടങ്ങാനും ആസ്ഥാന ഓഫിസ് സ്ഥാപിക്കാനും അബൂദബിയിലെ സ്മാർട്ട് ആൻഡ് ഓട്ടോണമസ് വെഹിക്ക്ൾ ഇൻഡസ്ട്രി (സാവി) ക്ലസ്റ്ററിൽ സൗകര്യമൊരുക്കും.
ആർച്ചറിന്റെ മിഡ്നൈറ്റ് ഇലക്ട്രിക് വെർട്ടിക്കൽ ടേക് ഓഫ് ആൻഡ് ലാൻഡിങ് (ഇ-വി.ടി.ഒ.എൽ) എയർക്രാഫ്റ്റിന്റെ പ്രവർത്തനക്ഷമത നേരത്തെ ഫെഡറൽ ബോഡി വിലയിരുത്തിയിരുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ) വ്യക്തമാക്കി.
മിഡ്നൈറ്റ് എയർക്രാഫ്റ്റുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കാനും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്.എ.എ സർട്ടിഫിക്കേഷൻ നടപടിക്രമങ്ങളെ കുറിച്ച് പഠിക്കാനുമായി കാലിഫോർണിയയിലെ ആർച്ചറിന്റെ ആഗോള ആസ്ഥാന ഓഫിസിൽ ജി.സി.എ.എ ഉദ്യോഗസ്ഥർ അടുത്തിടെ സന്ദർശിച്ചിരുന്നു.
എഫ്.എ.എയുടെ അംഗീകാരമുള്ള കമ്പനി എന്ന നിലയിൽ യു.എ.ഇയിൽ വൈകാതെ സർവിസ് നടത്താൻ ആർച്ചറിന് അനുമതി നൽകുകയെന്നതാണ് ലക്ഷ്യമെന്നും വ്യോമയാന അതോറിറ്റി വ്യക്തമാക്കി.
അബൂദബിയിൽ ആർച്ചറിന്റെ ആദ്യ അന്താരാഷ്ട്ര സർവിസ് തുടങ്ങുന്നതിനായി സഹകരിക്കുന്നതിൽ ഏറെ ആവേശഭരിതരാണെന്ന് അബൂദബി ഇൻവെസ്റ്റ്മെന്റ് ഓഫിസ് ആക്ടിങ് ഡയറക്ടർ ജനറൽ ബദറുൽ ഉലമ പറഞ്ഞു.
കാറിൽ 60 മുതൽ 90 മിനിറ്റ് വരെ എടുക്കുന്ന നഗരയാത്രക്ക് എയർ ടാക്സി ഫ്ലൈറ്റിൽ 10 മുതൽ 20 മിനിറ്റ് സമയം മതിയെന്നാണ് ആർച്ചറിന്റെ അഭിപ്രായം. മുബാദല കാപിറ്റൽ, യുനൈറ്റഡ് എയർലൈൻസ്, സ്റ്റല്ലാന്റിസ്, ബോയിങ് എന്നീ കമ്പനികളിൽനിന്ന് ഇതിനകം 1.1 ശതകോടി ഡോളറിന്റെ നിക്ഷേപവും ആർച്ചർ നേടിക്കഴിഞ്ഞു.
അടുത്തമാസം ദുബൈയിൽ നടക്കുന്ന എയർഷോയിലും ജി.സി.എ.എയുടെ ആഭിമുഖ്യത്തിൽ ഏവിയേഷൻ ആൻഡ് ആൾട്ടർനേറ്റിവ് ഫ്യുവൽസ് എന്ന വിഷയത്തിൽ നടത്തുന്ന സമ്മേളനത്തിലും എയർ ടാക്സികൾ അവതരിപ്പിക്കാനാകുമെന്നാണ് ആർച്ചറിന്റെ പ്രതീക്ഷ. സുസ്ഥിര ഗതാഗതമെന്ന യു.എ.ഇയുടെ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പായിരിക്കും ഇത്. ഇലക്ട്രിക് ടാക്സികൾ വരുന്നതോടെ കാർബൺ പുറന്തള്ളൽ പൂർണമായി ഇല്ലാതാക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.