പ്രവാസികളുടെ കണ്ണീർ പാർലമെൻറിൽ വിമാനക്കൊള്ളക്ക് അറുതിയാകുമോ?
text_fieldsഷാര്‍ജ: വിമാന കമ്പനികളുടെ കൊള്ളക്കെതിരെ വസ്തുതകള്‍ നിരത്തിയുള്ള ഷാഫി പറമ്പില്‍ എം.പിയുടെ ലോക് സഭാ പ്രസംഗം ഗള്‍ഫ് നാടുകളില്‍ ‘ട്രിപ്പിള്‍ വൈറല്‍’. ‘ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രവാസികള്‍ക്കുവേണ്ടി ഗര്‍ജിക്കാന്‍ ഈ ചുണക്കുട്ടന് വേണ്ടിവന്നു. മന്ത്രിക്കും സ്പീക്കര്‍ക്കും മറുപടി നല്‍കേണ്ടിയും വന്നു. പ്രവാസ ലോകത്ത് നമ്മുടെ ജനപ്രതിനിധികളും മന്ത്രിമാരും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വന്നിട്ടുണ്ട്.
അവര്‍ക്കെല്ലാം പ്രവാസിയുടെ വിമാന യാത്ര നിരക്കിനെക്കുറിച്ച് സംസാരിക്കാന്‍ അറപ്പും വെറുപ്പുമായിരുന്നു. നമ്മുടെ ആതിഥ്യം ആവോളം ആസ്വദിച്ച ഈ ജനപ്രതിനിധികള്‍ ഷാഫി പറമ്പിലിനെ നമിക്കണം’. ‘അടിമ കാലം കഴിഞ്ഞു. ജനാധിപത്യം പുലര്‍ന്നു. ഇപ്പോഴും ലോകത്ത് കടുത്ത ചൂഷണത്തിന് വിധേയമാകുന്ന വിഭാഗം പാവം പ്രവാസികള്‍ മാത്രം, ഷാഫി പറമ്പിലിന് ബിഗ് സല്യൂട്ട്’. ‘ഉയര്‍ന്ന വിമാന യാത്രാ നിരക്ക് പ്രശ്നത്തിന് ഗള്‍ഫ് പ്രവാസത്തോളം പഴക്കമുണ്ട്.
കേന്ദ്ര മന്ത്രിസഭയില്‍ നല്ല സ്വാധീനമുള്ളവരായിരുന്നു അന്തരിച്ച ഇ. അഹമ്മദ്, വയലാര്‍ രവി തുടങ്ങിയവര്‍. പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞ് അവര്‍ പ്രവാസികളെ കൂടെ നിര്‍ത്തിയിരുന്നു, പക്ഷേ, ഒന്നും സംഭവിച്ചില്ല.
ഷാഫി പറമ്പിലിന് ‘കളര്‍’ നല്‍കാനുള്ള പ്രചാരണമാണ് മാധ്യമങ്ങള്‍ നടത്തുന്നത്’ തുടങ്ങിയ രീതികളിലാണ് ഷാഫി പറമ്പില്‍ എം.പിയുടെ പ്രസംഗത്തോടുള്ള പ്രതികരണങ്ങള്‍. നല്ല ശതമാനം ആളുകളും ഷാഫിയെ സമ്പൂര്‍ണമായി പിന്തുണക്കുമ്പോള്‍ ആളാകാനുള്ള ശ്രമമാണ് എം.പി നടത്തുന്നതെന്ന ഒറ്റപ്പെട്ട ആക്ഷേപവും ഉന്നയിക്കുന്നവരുണ്ട്.
അതേസമയം, വിമാനടിക്കറ്റ് നിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് പ്രവാസി സംഘടനകളുടെ പ്രതിനിധി സംഘം ഡല്‍ഹിയില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കാനൊരുങ്ങുന്ന ഘട്ടത്തിലാണ് ലോക്സഭയില്‍ വിഷയം എം.പി ശക്തമായി ഉയര്‍ത്തിയതെന്നത് ശ്രദ്ധേയമാണ്.
വിഷയത്തില്‍ സ്പീക്കറും മന്ത്രിയും ഇടപെട്ടത് ഗള്‍ഫ് പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. കാലങ്ങളായി ഉപരിപ്ലവമായ പ്രസ്താവനകളിലും നിവേദനങ്ങളിലുമായി ഒതുങ്ങിയിരുന്ന വിമാനനിരക്ക് വര്‍ധനക്കെതിരെയുള്ള പ്രതിഷേധം കണക്കുകള്‍ നിരത്തി ഷാഫി പറമ്പില്‍ എം.പി ലോക്സഭയില്‍ അവതരിപ്പിച്ചപ്പോള്‍ വിഷയത്തിന് പുതിയ മാനം കൈവന്നതായാണ് സാധാരണക്കാരായ പ്രവാസികളുള്‍പ്പെടെയുള്ളവരുടെ വിലയിരുത്തല്‍.
ജൂലൈ 27ന് കൊച്ചിയില്‍നിന്ന് ദുബൈയിലേക്ക് എയര്‍ ഇന്ത്യയില്‍ പറക്കാനുള്ള നിരക്ക് ഇക്കണോമിക് ക്ലാസിന് 19,062 രൂപ. സൈറ്റില്‍ വെറും നാല് സീറ്റുകള്‍ മാത്രം കാണിക്കുന്നു. ഒരേ എയര്‍ലൈന്‍, ഒരേ ദൈര്‍ഘ്യം. പുറപ്പെടുന്നതും എത്തിച്ചേരുന്നതും ഒരേ വിമാനത്താവളം. ആഗസ്റ്റ് 31ലെ അതേ വിമാനത്തിന്റെ നിരക്ക് 77,573 രൂപയാണ്. ദയവായി ശ്രദ്ധിക്കുക. ഇനി ഒമ്പത് സീറ്റുകള്‍ മാത്രം.
അപ്പോള്‍ ഇത് ആവശ്യവും വിതരണവും മാത്രമാണോ? നാളത്തേക്ക് നാല് സീറ്റുകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ആഗസ്റ്റ് 31ന് ഇത് വളരെ കൂടുതല്‍ ആയിരിക്കുമ്പോള്‍ ഇതാണ് വില. തൊഴിലാളികള്‍ എങ്ങനെ വീട്ടിലെത്തും? അവര്‍ എങ്ങനെ അവരുടെ ജോലിയിലേക്ക് മടങ്ങും? അവര്‍ സമൃദ്ധമായ വിഭവങ്ങളുള്ള സമ്പന്നരല്ല, ഭൂരിഭാഗവും ശമ്പളത്തിന് ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികളാണ്.
അവരുടെ കുടുംബങ്ങള്‍ക്ക് ഭക്ഷണം ഉണ്ടെന്ന് ഉറപ്പാക്കാന്‍ അവര്‍ കഠിനാധ്വാനം ചെയ്യുന്നു. മാതാപിതാക്കള്‍ക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്നുറപ്പാക്കാന്‍ അവര്‍ പ്രവര്‍ത്തിക്കുന്നു. 77,000 രൂപയുടെ ടിക്കറ്റ് ഒരു സാധാരണ ജീവനക്കാരന് എങ്ങനെ താങ്ങാന്‍ കഴിയും ? തുടങ്ങിയ വാക്കുകളില്‍ അധികാരികളുടെ കണ്ണ് തുറപ്പിക്കും വിധമായിരുന്നു എം.പിയുടെ അവതരണം.
പ്രവാസികള്‍ എങ്ങനെയാണ് കുടുംബത്തിനൊപ്പം രാജ്യത്തിന്റെയും നട്ടെല്ലായി തീര്‍ന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഷാഫി പറമ്പില്‍ എം.പിയുടെ പ്രസംഗമെന്ന് പ്രവാസി എഴുത്തുകാരന് ഇ.കെ. ദിനേശന് അഭിപ്രായപ്പെട്ടു. ജനപ്രതിനിധികള്‍ ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കുകയല്ലാതെ തുടര്‍ നടപടിയായി കൊണ്ടുപോകാറില്ല.
എന്നാല്‍, ഷാഫിയുടെ കൃത്യമായ അവതരണം സര്‍ക്കാറില്‍നിന്നുള്ള പ്രതികരണത്തില്‍ രാജ്യം കണ്ടു. ജനപ്രതിനിധികള്‍ എല്ലാവരും ഇതുപോലെ വിഷയങ്ങള്‍ പഠിച്ച് യാത്രാ ചെലവിന്റെ അശാസ്ത്രീയ വര്‍ധനക്കെതിരെ നിരന്തരം സമ്മർദം ചെലുത്തിയാല്‍ വിമാന കമ്പനിയുടെ ഈ പകല്‍ കൊള്ളയില്‍നിന്ന് പ്രവാസി സമൂഹത്തിന് രക്ഷനേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ദിനേശന് തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.