വ്യോമയാന രംഗത്തെ പുതുവിഭവങ്ങളുമായി എയർപോർട്ട് ഷോ
text_fieldsദുബൈ: വ്യോമയാന രംഗത്തെ ഏറ്റവും വലിയ പ്രദർശനമായ ദുബൈ എയർപോർട്ട് ഷോയുടെ 20ാം എഡിഷൻ വേൾഡ് ട്രേഡ് സെൻററിൽ തുടങ്ങി.ദുബൈ സിവിൽ ഏവിയേഷൻ പ്രസിഡൻറും എയർപോർട്ട് ചെയർമാനും എമിറേറ്റ്സ് സി.ഇ.ഒയുമായ ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്തു. 21 രാജ്യങ്ങളിലെ 95 സ്ഥാപനങ്ങളാണ് പ്രദർശനത്തിനുള്ളത്.
കോവിഡ് കാലമായതിനാൽ സന്ദർശകർക്ക് മൂന്ന് രീതിയിലുള്ള ആസ്വാദന സൗകര്യമാണ് ഒരുക്കിയത്. നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത ശേഷം ദുബൈ വേൾഡ് ട്രേഡ് സെൻററിലെത്താം.അല്ലാത്തവർക്ക് പുതിയ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ആസ്വദിക്കാം. ഓൺലൈനും ഓഫ്ലൈനും താൽപര്യമുള്ളവർക്ക് അതിനും സൗകര്യമുണ്ട്.അറേബ്യൻ ട്രാവൽ മാർക്കറ്റിന് പിന്നാലെ എയർപോർട്ട് ഷോ കൂടി എത്തിയത് യു.എ.ഇയിലെ ട്രാവൽ രംഗത്ത് കൂടുതൽ ഉണർവേകും.
മന്ദഗതിയിലായ വിനോദസഞ്ചാര രംഗം സജീവമാക്കാനാണ് പ്രദർശനം നടത്തുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗണായിരുന്നതിനാൽ ഷോ മാറ്റിവെച്ചിരുന്നു.ഏവിയേഷൻ രംഗത്തെ പുത്തൻ ട്രെൻഡുകളും സാങ്കേതിക കുതിപ്പും പരിചയപ്പെടുത്തുന്നതാണ് ഇക്കുറിയും എയർപോർട്ട് ഷോ. കോവിഡിനൊപ്പം എങ്ങനെ സുരക്ഷിത യാത്രയൊരുക്കാം എന്നതും എയർപോർട്ട് ഷോയിൽ പരിചയപ്പെടുത്തുന്നു.
വിദഗ്ധർ നയിക്കുന്ന സംവാദങ്ങളും അരങ്ങേറുന്നുണ്ട്. യു.എ.ഇയിലെ സർക്കാർ വകുപ്പുകൾ ഉൾപ്പെടെ പ്രദർശനത്തിനുണ്ട്.ദുബൈ വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റ് സംവിധാനങ്ങൾ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തും. വിമാനത്താവള സുരക്ഷ, വർധിച്ചുവരുന്ന യാത്രക്കാർക്ക് സമയബന്ധിതമായി സേവനം നൽകൽ, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനുള്ള പുതിയ സാങ്കേതിക വിദ്യ, ബാഗേജ് കൈകാര്യം ചെയ്യൽ, എയർ ട്രാഫിക് കൺട്രോൾ, ഗ്രൗണ്ട് ഹാൻഡ്ലിങ് എന്നിവ ഷോയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.