എയർപോർട്ട് യൂസർ ഫീ വർധന: പ്രവാസികൾക്ക് വീണ്ടും ഇരുട്ടടി
text_fieldsദുബൈ: അടിക്കടി ഉയരുന്ന വിമാന ടിക്കറ്റ് നിരക്ക് വർധന മൂലം നടുവൊടിഞ്ഞ പ്രവാസികൾക്ക് വീണ്ടും ഇരുട്ടടിയായി എയർപോർട്ട് യൂസർ ഫീയിൽ വർധന. കേരളത്തിൽ അദാനി ഏറ്റെടുത്ത തിരുവനന്തപുരം വിമാനത്താവളത്തിലാണ് യൂസർ ഫീ ഇരട്ടിയായി വർധിപ്പിച്ചത്.
വിമാനത്താവളത്തിൽ ആദ്യമായി വന്നിറങ്ങുന്നവർക്കും യൂസർ ഫീ ബാധകമാക്കി. നിലവിൽ ആഭ്യന്തര യാത്രക്കാർക്ക് 506 രൂപയും അന്താരാഷ്ട്ര യാത്രക്കാർക്ക് 1069 രൂപയുമാണ് യൂസർ ഫീ. പുതുക്കിയ നിരക്കനുസരിച്ച് ജൂലൈ ഒന്നു മുതൽ അടുത്ത വർഷം മാർച്ച് 31വരെ യാത്ര തുടങ്ങുന്ന ആഭ്യന്തര യാത്രക്കാർ 770 രൂപയും വന്നിറങ്ങുന്നവർ 330 രൂപയും നൽകണം. 2025-26 വർഷം ഇത് യഥാക്രമം 840ഉം 360ഉം ആയി വർധിക്കും.
2026-27 വർഷം ഇത് 910ഉം 390ഉം ആയി ഉയരും. യാത്ര തുടങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഇത് യഥാക്രമം 1540, 1680, 1820 എന്നിങ്ങനെയാണ് വർധിപ്പിച്ചത്. വിദേശത്തുനിന്ന് വന്നിറങ്ങുന്നവർ 660, 720, 780 എന്നിങ്ങനെ നൽകേണ്ടി വരും. വിമാനങ്ങളുടെ ലാൻഡിങ് ചാർജ് ഒരു മെട്രിക് ടണ്ണിന് 309 എന്നത് മൂന്നിരട്ടിയോളം വർധിപ്പിച്ച് 890 രൂപയാക്കിയിട്ടുണ്ട്. അടുത്ത സാമ്പത്തിക വർഷങ്ങളിൽ ഇത് 1400ഉം 1650ഉം ആയി വർധിപ്പിക്കാം.വിമാനത്താവളത്തിൽ സർവിസ് നടത്തുന്ന കമ്പനികൾ നൽകേണ്ട ലാൻഡിങ് ചാർജും വർധിപ്പിച്ചു.
വിമാനക്കമ്പനികൾക്ക് 2200 രൂപ ഇന്ധന സർചാർജും ഏർപ്പെടുത്തിയിട്ടുണ്ട്. നിരക്ക് വർധനയുടെ നഷ്ടം നികത്താൻ വിമാനക്കമ്പനികൾ ഉടൻ ടിക്കറ്റ് നിരക്ക് ഉയർത്തുമെന്നാണ് വിവരം. ജി.സി.സി രാജ്യങ്ങളിൽ വേനലവധി ആരംഭിക്കുന്നതിനാൽ ടിക്കറ്റ് നിരക്ക് കമ്പനികൾ ഉയർത്തിയിരിക്കുകയാണ്. ഇതിനൊപ്പം യൂസർ ഫീ കൂടി വരുമ്പോൾ താങ്ങാവുന്നതിലും അപ്പുറമാകും ടിക്കറ്റ് നിരക്ക്.
യൂസർ ഫീ കൂടി ഉൾപ്പെടുത്തി ടിക്കറ്റ് നിരക്ക് ഈടാക്കുമെങ്കിലും എത്രയാണെന്ന് യാത്രക്കാരെ ബോധ്യപ്പെടുത്താറില്ല. അതേസമയം, കേരളത്തിൽ മറ്റ് മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും യൂസർ ഫീ വർധിപ്പിച്ചിട്ടില്ലെന്നത് ആശ്വാസകരമാണ്.
എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയാണ് (എ.ഇ.ആർ.എ) വിമാനത്താവളങ്ങളുടെ യൂസർ ഡെവലപ്മെന്റ് ഫീ (യു.ഡി.എസ്) നിശ്ചയിക്കുന്നത്.
ഓരോ അഞ്ചു വർഷം കൂടുമ്പോൾ വിമാനത്താവളങ്ങളിൽ നടത്താൻ ലക്ഷ്യമിടുന്ന പദ്ധതികളും ഇതിനായുള്ള നിക്ഷേപത്തുകയും പരിഗണിച്ചാണ് അഞ്ചുവർഷത്തേക്ക് മൾട്ടി ഇയർ താരിഫ് പ്രപ്പോസൽ നിശ്ചയിക്കുന്നത്. 2021 മുതൽ 25 വരെയുള്ള സാമ്പത്തിക വർഷത്തെ താരിഫാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.
നിലവിലെ ടിക്കറ്റ് നിരക്ക്
മധ്യവേനൽ അവധി ആരംഭിക്കുന്ന ജൂൺ 29 മുതൽ യു.എ.ഇയിൽ നിന്ന് കൊച്ചിയിലേക്ക് 1250 മുതൽ 2600 ദിർഹം വരെയാണ് നിരക്ക്. തിരുവനന്തപുരത്തേക്ക് 1500 മുതൽ 3400 ദിർഹം വരെയും, കോഴിക്കോട്ടേക്ക് 1250 മുതൽ 2150 ദിർഹം വരെയും കണ്ണൂരിലേക്ക് 1150 മുതൽ 1525 ദിർഹം വരെയുമാണ് ടിക്കറ്റ് നിരക്ക്.
യൂസർ ഫീ വരുന്നതോടെ ഇവയിൽ കാര്യമായ വർധനയുണ്ടാകുമെന്ന് യു.എ.ഇയിലെ പ്രമുഖ ട്രാവൽ സേവന ദാതാക്കളായ ദേര ട്രാവൽസ് ജനറൽ മാനേജർ ടി.പി. സുധീഷ് പറഞ്ഞു.
സിവിൽ ഏവിയേഷൻ ഡിപ്പാർട്മെന്റ് രൂപവത്കരിക്കാതെ കേരളം
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉണ്ടെങ്കിലും കേരളത്തിൽ ഇതുവരെ സിവിൽ ഏവിയേഷൻ ഡിപ്പാർട്മെന്റ് രൂപവത്കരിച്ചിട്ടില്ല.
കേന്ദ്ര വ്യോമയാന വകുപ്പിന്റെ നിർദേശങ്ങൾക്കനുസരിച്ച് സംസ്ഥാനത്തെ നടപടികൾ ഏകോപിപ്പിക്കാനും സമയാസമയങ്ങളിൽ നിർദേശങ്ങൾ സമർപ്പിക്കാനും സിവിൽ ഏവിയേഷൻ വകുപ്പ് ആവശ്യമാണ്.
കേരളത്തെ അപേക്ഷിച്ച് കുറഞ്ഞ യാത്രക്കാർ വന്നുപോകുന്ന ഛത്തിസ്ഗഢ് അടക്കം 14 സംസ്ഥാനങ്ങൾ സിവിൽ ഏവിയേഷൻ ഡിപ്പാർട്മെന്റ് രൂപവത്കരിച്ചിട്ടുണ്ട്. എന്നാൽ, കേരളത്തിൽ എയർപോർട്ട് പദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് റോഡ് ഗതാഗത വകുപ്പിന് കീഴിലെ ‘ഡി’ സെക്ഷനാണ്. സിവിൽ ഏവിയേഷൻ വകുപ്പിന്റെ യോഗങ്ങളിൽ ഡൽഹിയിൽ നിന്നുള്ള കേരള പ്രതിനിധി മാത്രമാണ് പങ്കെടുക്കാറുള്ളത്.
യോഗത്തിൽ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായി വിശദീകരിക്കാൻ ഇവർക്ക് പലപ്പോഴും സാധിക്കാറുമില്ല. 2017ൽ സിവിൽ ഏവിയേഷൻ ഡിപ്പാർട്മെന്റ് രൂപവത്കരിക്കാനുള്ള അപേക്ഷ സർക്കാറിന് സമർപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
സിവിൽ ഏവിയേഷൻ ഡിപ്പാർട്മെന്റുള്ള സംസ്ഥാനങ്ങൾ
ജമ്മു-കശ്മീർ, അരുണാചൽ പ്രദേശ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, സിക്കിം, ഹരിയാന, ഹിമാചൽ പ്രദേശ്, ഛത്തിസ്ഗഢ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.