സൗഹൃദങ്ങളെ ചേർത്തുപിടിച്ച് അജ്മൽ നാടണയുന്നു
text_fieldsദുബൈ: മൂന്നര പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമമിട്ട് അരീക്കോട് സ്വദേശി അജ്മൽ നാടണയുന്നു. 1986ൽ മസ്കത്തിലാണ് അജ്മലിന്റെ പ്രവാസം തുടങ്ങുന്നത്. 10 വർഷത്തിന് ശേഷം നാട്ടുകാരായ സുഹൃത്തുക്കളെ കാണാൻ ദുബൈയിലെത്തിയത് വഴിത്തിരിവായി.
ഈ സന്ദർശനം പ്രവാസത്തിന്റെ മറ്റൊരധ്യായത്തിന് തുടക്കംകുറിക്കാൻ കാരണമായി. 1997ൽ യു.എ.ഇയിലെ പ്രവാസജീവിതം തുടങ്ങുന്നത് ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (സേവ) ജോലി ചെയ്തുകൊണ്ടാണ്. 25 വർഷത്തിന് ശേഷം ഇതേ സ്ഥാപനത്തിൽനിന്ന് സീനിയർ ഇലക്ട്രീഷനായാണ് പടിയിറക്കം.
സ്വദേശമായ അരീക്കോട്ടുകാരുടെ യു.എ.ഇയിലെ കൂട്ടായ്മയായ എമിറേറ്റ്സ് അരീക്കോട് സോഷ്യൽ ട്രസ്റ്റ് (ഈസ്റ്റ്) 1999ൽ രൂപവത്കരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. സമൂഹികസേവന രംഗത്തും സൗഹൃദങ്ങളെ കോർത്തിണക്കുന്നതിലും തൽപരനായിരുന്ന ഇദ്ദേഹത്തിന് ജോലി കൽബയിലായിരുന്നു. അവിടെയും സാമൂഹിക- സാംസ്കാരിക രംഗത്ത് വ്യാപൃതനാവുകയും സൗഹൃദത്തിന്റെ മറ്റൊരു ചങ്ങല കോർത്തിണക്കുകയുമായിരുന്നു.
കൽബയിലെ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി മാറി. മികച്ച ബാഡ്മിന്റൺ കളിക്കാരൻ കൂടിയായ ഇദ്ദേഹം നിലവിൽ ക്ലബിന്റെ സ്പോർട്സ് സെക്രട്ടറിയാണ്. ഈസ്റ്റിന്റെ വിവിധ ചുമതലകൾ വഹിച്ചിരുന്ന ഇദ്ദേഹം കെ.എം.സി.സിയിലും അംഗമാണ്. ഏറനാട് മണ്ഡലം കെ.എം.സി.സി കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചുവരുന്നു. ഭാര്യയും നാല് മക്കളുമടങ്ങുന്നതാണ് കുടുംബം. ഭാര്യ അസ്മാബി വാവൂർ എൽ.പി സ്കൂൾ ടീച്ചറാണ്. മൂത്ത മകൻ അലി ഷെഹ്സാദ് അബൂദബിയിൽ ഫുഡ് ടെക്നോളജിസ്റ്റായി ജോലിചെയ്യുന്നു.
• യാത്രയയപ്പ് നൽകി
ദുബൈ: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അരീക്കോട് സ്വദേശി അജ്മലിന് സ്വദേശമായ അരീക്കോട്ടുകാരുടെ യു.എ.ഇ യിലെ കൂട്ടായ്മയായ എമിറേറ്റ്സ് അരീക്കോട് സോഷ്യൽ ട്രസ്റ്റ് (ഈസ്റ്റ്) യാത്രയയപ്പ് നൽകി. ഷാർജ ഇന്ത്യ സ്കൂൾ പ്രിൻസിപ്പൽ എം. മുഹമ്മദ് അമീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നൗഫൽ മെമെന്റോ സമർപ്പിച്ചു. സെക്രട്ടറി അബ്ദുറഹ്മാൻ ഉപഹാരം നൽകി. അമീൻ, പി. റബീബ്, ജാഫർ നാലകത്ത്, സഹൽ, മഹ്ബൂബ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.