അജ്മാൻ-അബൂദബി ബസ് സർവിസ് പുനരാരംഭിച്ചു
text_fieldsഅജ്മാന്: അജ്മാനില്‍നിന്ന് അബൂദബിയിലേക്കുള്ള ബസ് സര്‍വിസുകള്‍ പുനരാരംഭിച്ചു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നിര്‍ത്തിവെച്ച ബസ് സര്‍വിസുകള്‍ സെപ്റ്റംബർ അഞ്ച് ഞായറാഴ്ച മുതലാണ് പുനരാരംഭിച്ചത്. ഇതോടെ യാത്രക്കാര്‍ക്ക് അജ്മാന് മുസല്ലയിലെ ബസ് സ്റ്റേഷനില്‍ നിന്നും അബൂദബിയിലേക്ക് യാത്ര തിരിക്കാം.
ഒരാള്‍ക്ക് ടിക്കറ്റിന് 35 ദിർഹമാണ് ഈടാക്കുന്നത്. എന്നാൽ, മസാർ കാർഡ് ഉപയോഗിക്കുന്നവർക്ക് 30 ദിർഹം നല്കിയാല് മതി. അജ്മാനില്നിന്നു നാലു സര്‍വിസുകള്‍ ഉണ്ടായിരുന്നത് തല്ക്കാലം രണ്ടു സര്‍വിസുകളാക്കി കുറച്ചിട്ടുണ്ട്.
ആദ്യ ബസ് അജ്മാനിൽനിന്ന് രാവിലെ ഏഴിനും അവസാനത്തേത് വൈകുന്നേരം ആറിനും പുറപ്പെടും. അബൂദബിയിൽ നിന്നുള്ള ആദ്യ യാത്ര രാവിലെ 10നും അവസാനത്തേത് രാത്രി ഒമ്പതിനുമായിരിക്കും പുറപ്പെടുക. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ നിബന്ധനകൾക്കനുസൃതമായാണ് ബസ് സർവിസ് പുനരാരംഭിക്കുന്നതെന്ന് അജ്മാൻ പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ എൻജിനീയർ സാമി അലി അൽ ജല്ലാഫ് പറഞ്ഞു. അജ്മാനിലെ അൽ മുസല്ല സ്റ്റേഷനിൽനിന്ന് യാത്രക്കാരെ കയറ്റി അബൂദബി എമിറേറ്റിൽ നേരിട്ട് ഇറക്കുകയാണ്.
അജ്മാൻ എമിറേറ്റിൽനിന്ന് പുറപ്പെട്ട ശേഷം പിന്നീട് യാത്രക്കാരെ കയറ്റില്ല. ഓരോ യാത്രക്കുശേഷവും ബസ് അണുമുക്തമാക്കുകയും ബസിൽ കയറുന്നതിനുമുമ്പ് യാത്രക്കാരെ തെർമൽ പരിശോധനക്ക് വിധേയമാക്കുകയും ചെയ്യുന്നുണ്ട്.
പൊതുഗതാഗത ബസ് ഉപയോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് യാത്രക്കാര്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റി പ്രഖ്യാപിച്ച മാനദണ്ഡങ്ങൾ പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.