അജ്മാൻ കെട്ടിടത്തിലെ തീ; താമസക്കാര്‍ വീടുകളിലേക്ക് മടങ്ങിയെത്തി
text_fieldsഅജ്മാന്: അജ്മാനിലെ ബഹുനില കെട്ടിടത്തില്‍ കഴിഞ്ഞയാഴ്ചയുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മാറിത്താമസിച്ചവർ വീടുകളിലേക്ക് മടങ്ങിയെത്തി. അജ്മാനിലെ ബാങ്ക് സ്ട്രീറ്റില്‍ സ്ഥിതിചെയ്യുന്ന 15 നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 16 ഫ്ലാറ്റുകൾ കത്തിനശിക്കുകയും സമീപത്ത് പാർക്ക് ചെയ്തിരുന്ന 13 വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു. തീപിടിത്തത്തെ തുടർന്ന് 207 പേരെയാണ് താൽക്കാലിക താമസ കേന്ദ്രങ്ങളിലേക്ക് എമിറേറ്റ്സ് റെഡ് ക്രസന്റ്, അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി, പൊലീസ്, സിവില്‍ ഡിഫന്‍സ് എന്നിവര്‍ ചേര്‍ന്ന് മാറ്റിത്താമസിപ്പിച്ചിരുന്നത്. ഇവരിൽ ഭൂരിഭാഗവും കെട്ടിടത്തിലേക്ക് തിരികെയെത്തിയതായാണ് വിവരം.
ഈ കെട്ടിടത്തില്‍ മലയാളികളടക്കമുള്ള നിരവധി പേര് താമസിക്കുന്നുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് താൽകാലിക കെട്ടിടത്തിലേക്ക് മാറ്റിത്താമസിപ്പിച്ചവര്‍ക്ക് അധികൃതര്‍ മികച്ച സൗകര്യങ്ങൾ ഒരുക്കിയിരുന്നു. അപകടമുണ്ടായ സമയത്തും പിന്നീട് കെട്ടിടം വൃത്തിയാക്കി തിരികെ വീടുകളിലേക്ക് മടങ്ങാനും മികച്ച സൗകര്യങ്ങളാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് താമസക്കാർ പറഞ്ഞു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായും റിപ്പോർട്ടില്ല. സുരക്ഷ മുൻകരുതലുകൾ പാലിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും താമസക്കാരോട് അജ്മാൻ പൊലീസ് ഓപറേഷൻസ് ഡയറക്ടർ ജനറൽ മേജർ അബ്ദുല്ല സെയ്ഫ് അൽ മത്രൂഷി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.